- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുഖം നന്നാക്കാൻ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് പിണറായി; ഗണേശും കടന്നപ്പള്ളിയും മന്ത്രിമാരാകും; ഒപ്പം സിപിഎം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റത്തിന് സാധ്യത; ഷംസീറിന് പകരം സ്പീക്കറായി വീണ ജോർജ് പരിഗണനയിൽ
തിരുവനന്തപുരം: പുതുപ്പള്ളിയിലെ ഞെട്ടിക്കുന്ന തോൽവിക്കു പിന്നാലെ മന്ത്രിസഭയുടെ മുഖം മിനുക്കാനുള്ള ശ്രമങ്ങളിലേക്ക് കടന്നു പിണറായി സർക്കാർ. മുൻധാരണ പ്രകാരം ഗണേശിനെയും കടന്നപ്പള്ളി രാമചന്ദ്രനെയും മന്ത്രിസഭയിൽ എടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനൊപ്പം സിപിഎം മന്ത്രിമാരുടെ വകുപ്പികളിലും മാറ്റത്തിന് സാധ്യതയുണ്ടെന്നതാണ് പുറത്തുവരുന്ന മാധ്യമ വാർത്തകൾ.
നവംബറിൽ പുനഃസംഘടന നടന്നേക്കുമെന്നാണ് പുറത്തുവരുന്ന വിവരം പങ്കുവെച്ചു കൊണ്ടാണ് ചാനലുകൾ മന്ത്രിസഭാ പുനഃസംഘടനാ വാർത്തകൾ പങ്കുവെക്കുന്നത്. ആരോഗ്യമന്ത്രി വീണ ജോർജിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടേക്കുമെന്ന വിധത്തിലാണ് വാർത്ത. രണ്ടാം പിണറായി സർക്കാരിന്റെ തുടക്കത്തിൽതന്നെ ഒറ്റ എംഎൽഎമാരുള്ള പാർട്ടികൾക്ക് രണ്ടര വർഷം വീതം മന്ത്രിസ്ഥാനം നൽകാനായിരുന്നു ധാരണ.
അതനുസരിച്ചാണ് ആദ്യ ടേമിൽ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും മന്ത്രിമാരായത്. അവർക്ക് പകരം ഗണേശ്‌കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകും. ഇതനുസരിച്ചാണ് പുനഃസംഘടനയ്ക്കുള്ള നീക്കം. മന്ത്രിസഭാ പുനഃസംഘടനയ്ക്കൊപ്പം ചില മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. എ.എൻ.ഷംസീർ സ്പീക്കർ സ്ഥാനം ഒഴിയുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.
വീണ ജോർജിനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനിച്ചാൽ അവർ സ്പീക്കർ പദവിയിലേക്ക് എത്തിയേക്കും. അങ്ങനെയെങ്കിൽ ഷംസീറും മന്ത്രിസഭയിലേക്ക് എത്തിയേക്കും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയാണ് മുഖംമിനുക്കൽകൂടി ലക്ഷ്യമിട്ടുകൊണ്ടുള്ള മന്ത്രിസഭാ പുനഃസംഘടനയ്ക്ക് രണ്ടാം പിണറായി സർക്കാർ ഒരുങ്ങുന്നത്.
ഈ മാസം 20 ന് ചേരുന്ന എൽഡിഎഫ് യോഗത്തിലും അതിനോടനുബന്ധിച്ച് നടത്തുന്ന സിപിഎം നേതൃയോഗങ്ങളിലാകും പുനഃസംഘടന എങ്ങനെ വേണമെന്ന് അന്തിമ ധാരണയാകുക. എ.കെ ശശീന്ദ്രനിൽ നിന്ന് വനംവകുപ്പ് ഗണേശിന് നൽകി പകരം ഗതാഗതം എൻസിപിക്ക് നൽകുന്നതും ആലോചനയിലുള്ളതായാണ് സൂചന. സിപിഎം മന്ത്രിമാരിൽ ചിലരുടെ വകുപ്പുകളിലും മാറ്റമുണ്ടാകാനുള്ള സാധ്യതയും തള്ളാനാവില്ല
മന്ത്രിയാക്കിയില്ലെങ്കിലും ഗതാഗത വകുപ്പ് വേണ്ടെന്നാണ് ഗണേശ് കുമാറിന്റെ നിലപാട്. ഗണേശ് കുമാറിന് മന്ത്രിസ്ഥാനം നൽകുന്നതിൽ സിപിഐഎമ്മിൽ ഭിന്നാഭിപ്രായമുണ്ട്. സോളാർ വിവാദത്തിന്റെ ഇടയിൽ ഗണേശ് കുമാറിന് മന്ത്രിസ്ഥാനം നൽകുന്നതിലാണ് സിപിഐഎമ്മിൽ അഭിപ്രായ വ്യത്യാസമുള്ളത്. മുന്നണി യോഗത്തിൽ മന്ത്രിസ്ഥാനം ആവശ്യപ്പെടണമെന്ന് എൽജെഡി നേതൃയോഗത്തിൽ ആവശ്യം ഉയർന്നിരുന്നു.
പാർട്ടി അധ്യക്ഷൻ എംവി ശ്രേയാംസ് കുമാർ ഇടതുമുന്നണി യോഗത്തിൽ എൽജെഡിയുടെ മന്ത്രിസ്ഥാനത്തിനുള്ള അവകാശവാദം ഉന്നയിക്കും. എൽജെഡിക്ക് മന്ത്രിസ്ഥാനം നൽകാൻ എൽഡിഎഫ് തീരുമാനിച്ചാൽ ഷംസീറിന്റെ സാധ്യതകൾ അടയുകയും കെ.പി മോഹനന് ചിലപ്പോൾ വഴിയൊരുങ്ങാനും സാധ്യതയുണ്ട്.




