തിരുവനന്തപുരം: എൽഡിഎഫിലെ രാജ്യസഭാ സീറ്റ് തർക്കത്തിൽ തീരുമാനമായില്ല. ഇന്ന് എകെജി സെന്ററിൽ ഉഭയകക്ഷി ചർച്ച നടന്നെങ്കിലും സീറ്റിന്റെ കാര്യത്തിൽ ധാരണ ആയിട്ടില്ല. എം വി ഗോവിന്ദനും ബിനോയ് വിശ്വവും തമ്മിലാണ് ചർച്ച നടന്നത്. പിന്നാലെ ജോസ് കെ മാണിയുമായും ഗോവിന്ദൻ ചർച്ച നടത്തി. എന്നാൽ, തങ്ങൾക്ക് അർഹതപ്പെട്ട സീറ്റ് ലഭിക്കണമെന്നാണ് ബിനോയ് വിശ്വം ആവശ്യപ്പെട്ടത്. ലോക്‌സഭാ സീറ്റിൽ വിജയിക്കാത്ത പശ്ചാത്തലത്തിൽ രാജ്യസഭാ സീറ്റ് ഉറപ്പിക്കേണ്ടത് സിപിഐയുടെ ആവശ്യമാണ്.

അതേസമയം ജോസ് കെ മാണിക്ക് വേണ്ടിയാണ് കേരളാ കോൺഗ്രസ് സീറ്റ് ചോദിക്കുന്നത്. അതുകൊണ്ട് തങ്ങളുടെ ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്നാണ് ജോ്‌സ് കെ മാണി പറയുന്നത്. സീറ്റ് വേണമെന്ന ആവശ്യം സിപിഎം നേതാക്കൾ കേട്ടു. എൽഡിഎഫിൽ ധാരണയുണ്ടാകുമെന്നും ജോസ് കെ മാണി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

കേരള കോൺഗ്രസിനെ യുഡിഎഫിൽ നിന്നും പുറത്താക്കിയ ശേഷമെടുത്ത രാഷ്ട്രീയ തീരുമാനമാണ് എൽഡിഎഫിൽ ചേരുകയെന്നത്. അതിൽ ഒരു മാറ്റവും ഇല്ല. ചില മാധ്യമ ഗോസിപ്പ് മാത്രമാണ്. ജയ പരാജയങ്ങൾ വരും. അതനുസരിച്ച് മുന്നണി മാറാൻ കഴിയുമോയെന്നും ജോസ് കെ മാണി ചോദിച്ചു. ബിജെപി ഓഫർ വച്ചാതായൊന്നും എനിക്ക് അറിയില്ല. നമുക്ക് അർഹതപ്പെട്ട പല കാര്യങ്ങളുണ്ട് അതെല്ലാം പറഞ്ഞിട്ടുണ്ട്. ഒരു പാർട്ടിയുടെ കരുത്തുകൊണ്ടാണോ ജയിക്കുന്നത്. പല ഘടകങ്ങൾ കൊണ്ടാണ് ജയിക്കുന്നത്. പരാജയം അംഗീകരിക്കുന്നു. മറ്റേതെങ്കിലും പദവി നൽകാമെന്ന് പറഞ്ഞിട്ടില്ല. അങ്ങനെയൊരു പരിപാടിക്കില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

എളമരം കരീം (സിപിഎം), ബിനോയ് വിശ്വം (സിപിഐ), ജോസ് കെ.മാണി (കേരള കോൺഗ്രസ്-എം) എന്നീ എൽഡിഎഫിലെ 3 പേരുടെ കാലാവധി ജൂലൈ 1ന് അവസാനിക്കുമ്പോൾ രണ്ടു സീറ്റേ മുന്നണിക്കു ലഭിക്കൂ. ജൂൺ 25നാണ് തിരഞ്ഞെടുപ്പ്. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം, കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എന്നിവരുടെ രാജ്യസഭയിലെ കാലാവധി അവസാനിക്കുന്ന ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

രാജ്യസഭാ സീറ്റിൽ വിട്ടുവീഴ്ചയ്ക്കില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സിപിഐ. സിപിഐയുമായുള്ള ചർച്ചയ്ക്ക് പിന്നാലെ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണിയുമായും ചർച്ച നടത്തും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് പരാജയപ്പെട്ടതോടെ കേരള കോൺഗ്രസ് എമ്മിന് പാർലമെന്റിൽ പ്രാതിനിധ്യം ഇല്ലാതായി. ഈ പശ്ചാത്തലത്തിൽ രാജ്യസഭാ സീറ്റ് അനുവദിക്കണമെന്നാണ് പാർട്ടിയുടെ ആവശ്യം.