മലപ്പുറം: മുസ്ലിംലീഗിലെ പുതിയ മെമ്പർമാരിൽ ഭൂരിഭാഗവും സ്ത്രീകൾ. മെമ്പർഷിപ്പ് കാമ്പെയിൻ പൂർത്തിയായപ്പോൾ മുസ്ലിം ലീഗിന് സംസ്ഥാനത്ത് 24.33 ലക്ഷം അംഗങ്ങൾ. ഇതിൽ 51 ശതമാനവും സ്ത്രീകളാണ്. പുരുഷന്മാർ 49ഉം. ആകെയുള്ള അംഗങ്ങളിൽ 61 ശതമാനവും 35 വയസ്സിൽ താഴെയുള്ളവരാണെന്നും മുസ്ലിം ലീഗ് നേതൃത്വം അറിയിച്ചു.

2016ലെ കാമ്പെയിനിൽ 22 ലക്ഷം അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇത്തവണ 2,33,295 അംഗങ്ങളുടെ വർദ്ധനവുണ്ടായി. നവംബർ ഒന്ന് മുതൽ 30 വരെയാണ് കാമ്പെയിൻ നടന്നത്.ലീഗിന്റെ സന്ദേശം യുവതലമുറയിലേക്കും വനിതകളിലേക്കും മികച്ച രീതിയിൽ എത്തിയതിന്റെ തെളിവാണിതെന്ന് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

കാമ്പസുകളിൽ എം.എസ്.എഫിന് ലഭിച്ച വോട്ടുകളിൽ ബഹുഭൂരിഭാഗവും പെൺകുട്ടികളുടേതാണെന്നും സ്ത്രീ സമൂഹം ലീഗിനെ വലിയതോതിൽ അംഗീകരിക്കുന്നുണ്ടെന്നും ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിൽ തീവ്രവാദം വേര് പിടിക്കാതെ നോക്കിയതിന് മുന്നിൽ നിന്നത് ലീഗാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഗൃഹസമ്പർക്ക പരിപാടികളും സ്‌ക്വാഡ് പ്രവർത്തനങ്ങളുമായി വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പുതിയ അംഗങ്ങളെ ചേർക്കൽ, അംഗത്വം പുതുക്കൽ എന്നിവ പൂർത്തിയാക്കിയത്. സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ ആപ്ലിക്കേഷനിൽ വിവരങ്ങൾ അപ്ലോഡ് ചെയ്യലും ഓൺലൈൻ വഴി അംഗത്വ ഫീസ് അടയ്ക്കലും ഡിസംബർ 15നകം പൂർത്തിയാക്കിയിരുന്നു.

പുതിയ വാർഡ് കമ്മിറ്റികളുടെ രൂപവത്കരണം ഡിസംബറിൽ പൂർത്തീകരിച്ചിട്ടുണ്ട്. ഈമാസം 15നകം പഞ്ചായത്ത് കമ്മിറ്റികളും ശേഷം മണ്ഡലം കമ്മിറ്റികളും നിലവിൽ വരും. ഫെബ്രുവരിയോടെ ജില്ലാ കമ്മിറ്റികൾ രൂപവത്കരിക്കും. മാർച്ച് ആദ്യവാരത്തോടെ പുതിയ സംസ്ഥാന കമ്മിറ്റി നിലവിൽ വരും. മാർച്ച് 10ന് ദേശീയ കമ്മിറ്റിയുടെ പ്രഖ്യാപനവും കൗൺസിലും ചെന്നൈയിൽ നടക്കും. മറീന ബീച്ചിൽ വച്ചാണ് ലീഗിന്റെ 75ാം വാർഷികാഘോഷ സമ്മേളനം.

സമ്മേളനങ്ങളോട് കൂടിയാണ് ഓരോ ഘടകങ്ങളിലും കമ്മിറ്റികൾ വരുന്നത്. മുസ്ലിം ലീഗ് കമ്മിറ്റികൾക്കൊപ്പം വാർഡ് തലം തൊട്ട് വനിതാ ലീഗ് കമ്മിറ്റികളും രൂപവത്കരിക്കുന്നുണ്ട്. യുവജനങ്ങൾക്കും സ്ത്രീകൾക്കും സംഘടനാരംഗത്ത് മതിയായ പ്രാധാന്യമേകും. എത്ര ശതമാനമെന്ന് നിശ്ചയിച്ചിട്ടില്ല. ത്രിതല പഞ്ചായത്തുകളിലെ ലീഗ് ജനപ്രതിനിധികളിൽ 60 ശതമാനവും വനിതകളാണ്. നിയമസഭ, പാർലമെന്റുകളിലേത് പിന്നീട് ചർച്ച ചെയ്യുമെന്നും ലീഗ് നേതൃത്വമറിയിച്ചു. മുജാഹിദ് വിഭാഗവുമായി സംസാരിച്ചിട്ടുണ്ട്. മുസ്ലിം കോ-ഓർഡിനേഷൻ കമ്മിറ്റിയോട് അവർക്ക് സ്ഥിരമായ ബഹിഷ്‌കരണമില്ല. എല്ലാ കാര്യങ്ങളും ചർച്ച ചെയ്തിട്ടുണ്ടെന്ന് സാദിഖലി തങ്ങൾ പറഞ്ഞു.