- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇ ടിക്ക് മലപ്പുറത്തോട് കൂടുതൽ താൽപ്പര്യം
മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാംസീറ്റ് എന്ന ആവശ്യം ഉന്നയിക്കുമെങ്കിലും അതിന് വേണ്ടി മുസ്ലിം ലീഗ് കടുംപിടിത്തം പിടിക്കില്ല. 20ൽ 19 സീറ്റും യുഡിഎഫിന്റേതാണ്. അതുകൊണ്ട് തന്നെ മുസ്ലിം ലീഗ് മത്സരിക്കാൻ ആഗ്രഹിക്കുന്ന സീറ്റിൽ എല്ലാം കോൺഗ്രസിന് സിറ്റിങ് എംപിമാരുണ്ട്. വടകരയും കണ്ണൂരും വയനാടും ബലപ്രയോഗത്തിലൂടെ സ്വന്തമാക്കാനുള്ള സാധ്യതയും കുറവ്. അതുകൊണ്ടാണ് മുസ്ലിം ലീഗ് വലിയ കടുംപിടിത്തത്തിന് നിൽക്കാത്തത്.
മൂന്നാമതൊരു സീറ്റുകൂടി വേണമെന്ന ശക്തമായ നിലപാടിലാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ. കണ്ണൂർ സീറ്റ് നൽകാൻ കോൺഗ്രസിന് ബുദ്ധിമുട്ടാവില്ലെന്നും ഇവർ കരുതുന്നു. എന്നാൽ, കെ സുധാകരനാണ് സിറ്റിങ് എംപി. ഈ സാഹചര്യത്തിൽ കണ്ണൂർ വിട്ടുകൊടുക്കാനുള്ള സാധ്യത കുറവാണ്. വെറുതെ ചർച്ച നടത്തി മുന്നണിയെ കുഴക്കാൻ ലീഗ് തയ്യാറല്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണിയുടെ കെട്ടുറപ്പ് കൂട്ടാൻ അടിയല്ല വേണ്ടതെന്നാണ് ലീഗിലെ ഔദ്യോഗിക നേതൃത്വത്തിന്റെ നിലപാട്. അതുകൊണ്ട് ലോക്‌സഭാ സീറ്റിൽ ലീഗ് വലിയ തർക്കങ്ങളുണ്ടാക്കില്ല.
ലോക്സഭാ തിരഞ്ഞെടുപ്പു കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ലീഗിന് ബുദ്ധിമുട്ടുകളൊന്നുമുണ്ടാവില്ലെന്ന് ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു.ഡി.എഫിൽ സീറ്റു കാര്യങ്ങൾ ചർച്ചയായിട്ടില്ലെന്നും അതിനാൽത്തന്നെ മൂന്നാം സീറ്റ് ചോദിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനങ്ങളെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയതലത്തിൽ ഇന്ത്യ മുന്നണിക്ക് കരുത്തുപകരുന്ന തരത്തിൽ വ്യാപകമായ പ്രചാരണ പരിപാടികൾക്ക് ലീഗ് ഒരുങ്ങുകയാണ്. ലോക്‌സഭയിൽ കൂടുതൽ സീറ്റ് വാങ്ങിയെടുക്കാതിരിക്കുമ്പോഴും അവകാശ വാദം ശക്തമായിതന്നെ നിലനിർത്തും.
മുസ്ലിം ലീഗ് എല്ലാ അർത്ഥത്തിലും യുഡിഎഫിലെ രണ്ടാമനാണ്. ഈ ഉത്തരവാദിത്തം നിറവേറ്റുന്നതിന് വേണ്ടി കൂടിയാണ് സീറ്റുകൾക്കായുള്ള കടുംപിടിത്തം ഒഴിവാക്കുന്നത്. വയനാട് രാഹുൽ ഗാന്ധി മത്സരിക്കുന്നത് കേരളത്തിലെ യുഡിഎഫ് സാധ്യത കൂട്ടും. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് കൂടുതൽ സീറ്റ് ആവശ്യപ്പെടുമെന്നും സൂചനയുണ്ട്. ഏതായാലും സ്ഥാനാർത്ഥികളിലേക്ക് ലീഗിലെ ചർച്ചകൾ താമസിയാതെ കടക്കും.
മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളാരെന്നതിൽ മുസ്ലിം ലീഗ് അന്തിമ തീരുമാനമായിട്ടില്ല. എംപി.മാരായ ഇ.ടി. മുഹമ്മദ് ബഷീറും അബ്ദുസ്സമദ് സമദാനിയും കേരളരാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകാനുള്ള ആഗ്രഹത്തിലാണ്. പാർലമെന്റിലേക്കുതന്നെയാണ് നിയോഗിക്കുന്നതെങ്കിൽ മലപ്പുറത്തേക്കു മാറാൻ ഇ.ടി. മുഹമ്മദ് ബഷീർ, കഴിഞ്ഞ തിരഞ്ഞെടുപ്പു സമയത്തുതന്നെ താത്പര്യം പ്രകടിപ്പിച്ചിരുന്നു.
മൂന്നുതവണയായി പൊന്നാനിയെ പ്രതിനിധാനം ചെയ്യുന്ന ഇ.ടി. ഇത്തവണ മലപ്പുറത്തേക്കു മാറും എന്ന സൂചനയുണ്ട്. പൊന്നാനി മണ്ഡലത്തിൽ അബ്ദുസ്സമദ് സമദാനി കൂടുതൽ പരിപാടികളിലും മറ്റും പങ്കെടുത്ത് സാന്നിധ്യം വ്യക്തമാക്കുന്നുമുണ്ട്.