തിരുവനന്തപുരം: ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രിയെയും 18 മന്ത്രിമാരെയും എതിർകക്ഷികളാക്കി ഫയൽചെയ്ത ഹർജിയിൽ ലോകായുക്തയുടെ മൂന്നംഗ ബെഞ്ചിന്റെ വിധി അനുകൂലമാകുമെന്ന പ്രതീക്ഷയിൽ സർക്കാർ. വിധി എതിരായാൽ മുഖ്യമന്ത്രി പിണറായി വിജയന് രാജി വയ്‌ക്കേണ്ട സാഹചര്യമുണ്ടാകും. കേസിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30-ന് വിധിപറയും. 2018-ലാണ് ഹർജി ഫയൽ ചെയ്തത്. ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും ഒടുവിലാണ് വിധി പറയുന്നത്. വിധി എന്തായാലും കേസ് ഹൈക്കോടതിയിൽ എത്താനും സാധ്യത ഏറെയാണ്.

ലോകായുക്തയുടെ ഡിവിഷൻ ബെഞ്ച് വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പുറപ്പെടുവിക്കാത്തതിനെതുടർന്ന് ഹർജിക്കാരനായ ആർ.എസ്. ശശികുമാർ ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിരുന്നു. മാർച്ച് 31-ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് പരാതിയിൽ തീരുമാനമെടുക്കുന്നത് മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു. വിധിന്യായം പ്രഖ്യാപിക്കുന്നതിൽ ലോകയുക്തമാരിലുണ്ടായ അഭിപ്രായ ഭിന്നതമൂലമാണ് ഹർജി മൂന്നംഗ ബെഞ്ചിന് വിട്ടത്. മൂന്നംഗ ബഞ്ച് മുഖ്യമന്ത്രിക്കെതിരെ നിലപാട് എടുത്താൽ അത് കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചയായി മാറും.

സർക്കാർ അതീവ ഗൗരവത്തോടെയാണ് കേസിനെ നോക്കി കാണുന്നത്. നവകേരള സദസ്സുമായി മുമ്പോട്ട് പോകുന്നതിനിടെ ലോകായുക്തയിൽ നിന്ന് വരുന്ന വിധി ഇടതുപക്ഷത്തിന് അതിനിർണ്ണായകമാണ്. ഒന്നും സംഭവിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് സർക്കാരിന്റെ മുമ്പോട്ട് പോക്ക്. 2019-ൽ ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് വിശദമായ വാദങ്ങൾക്ക് ശേഷം പരാതിയുടെ സാധുത പരിശോധിച്ച ശേഷമാണ് പരാതിയിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നീട് കാര്യങ്ങൾ മാറി മറിഞ്ഞു. ഹർജിക്കാരന് പല ഘട്ടങ്ങളിലും ലോകായുക്തയുടെ വിമർശനവും നേരിടേണ്ടി വന്നു.

അതിനിടെ ഹർജിയിൽ വാദംകേട്ട രണ്ട് ഉപലോകയുക്തമാർ, ദുരിതാശ്വാസനിധി ദുർവിനിയോഗ പരാതിയിലുൾപ്പെട്ട ചെങ്ങന്നൂർ എംഎ‍ൽഎയായിരുന്ന പരേതനായ രാമചന്ദ്രൻ നായരുടെ ജീവചരിത്രം പ്രകാശനം ചെയ്യുകയും അദ്ദേഹത്തെക്കുറിച്ച് ഓർമ്മകുറിപ്പ് എഴുതുകയും ചെയ്തത് വിവാദമായി. തുടർന്ന് അവരിൽനിന്ന് നിഷ്പക്ഷമായ വിധി ന്യായം പ്രതീക്ഷിക്കാനാവില്ലെന്നും വിധി പറയുന്നതിൽനിന്ന് രണ്ട് ഉപലോകയുക്തമാരും ഒഴിയണമെന്നും ആവശ്യപ്പെട്ട് ഹർജിക്കാരൻ രണ്ടുമാസം മുൻപ് ലോകയുക്തയിൽ ഫയൽ ചെയ്ത ഇടക്കാല ഹർജിയും തിങ്കളാഴ്ച കോടതി പരിഗണിക്കും.

രജിസ്ട്രി, നമ്പർ നൽകാതെയാണ് പരാതി ലിസ്റ്റിൽപ്പെടുത്തിയിട്ടുള്ളത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകയുക്തമാരായ ജസ്റ്റിസ് ഹാരുൺ അൽ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് വിധി പറയുന്നത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകയുക്ത ബാബു മാത്യു പി. ജോസഫ് എന്നിവരുടെ ഔദ്യോഗിക കാലാവധി ജനുവരിയിൽ അവസാനിക്കും. 2018ലാണ് ആർ.എസ്.ശശികുമാർ ഹർജി ഫയൽ ചെയ്തത്.

ചട്ടം ലംഘിച്ച് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാറിലെ 18 മന്ത്രിമാർക്കുമെതിരെയാണ് ഹർജി. ഇതിൽ മുഖ്യമന്ത്രി മാത്രമാണ് ഇപ്പോൾ സർക്കാരിന്റെ ഭാഗമായുള്ളത്. വിധി എതിരാകുന്ന സാഹചര്യമുണ്ടായാൽ മുഖ്യമന്ത്രിക്ക് സ്ഥാനം ഒഴിയേണ്ടി വരുമെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തുവെന്ന പരാതി ലോകായുക്ത ഡിവിഷൻ ബെഞ്ച് ദീർഘകാലം പരിഗണിച്ച ശേഷം ഫുൾ ബെഞ്ചിനു റഫർ ചെയ്തതു ഹൈക്കോടതി നേരത്തെ ശരിവച്ചിരുന്നു.

മന്ത്രിസഭാ തീരുമാനത്തെ സംബന്ധിച്ച പരാതി ലോകായുക്തയ്ക്കു പരിഗണിക്കാനാകുമോ എന്നു ജഡ്ജിമാർക്കിടയിൽ ഭിന്നാഭിപ്രായം ഉണ്ടായ സാഹചര്യത്തിലാണു ഫുൾ ബെഞ്ചിനു വിട്ടത്. അഭിപ്രായ ഭിന്നതയുണ്ടെങ്കിൽ മൂന്നംഗ ബെഞ്ചിനു വിട്ട് ഭൂരിപക്ഷ അഭിപ്രായം തേടുകയാണു നിയമപ്രകാരമുള്ള പരിഹാരമെന്നും ലോകായുക്ത നടപടിയിൽ അപാകതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇടപെടാൻ കാരണമില്ലെന്നും വ്യക്തമാക്കിയിരുന്നു.

എൻസിപി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും ചെങ്ങന്നൂർ മുൻ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ വായ്പ വീട്ടാൻ എട്ടര ലക്ഷം രൂപയും സിപിഎം മുൻ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോകുന്നതിനിടെ അപകടത്തിൽപെട്ട പൊലീസുകാരന്റെ കുടുംബത്തിന് 20 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചതു സ്വജനപക്ഷ പാതമാണെന്ന് ആരോപിച്ചാണു ലോകായുക്തയിലെ പരാതി.