- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുത്തരെ കളത്തിലിറക്കി ഇടതു പ്രചരണം തുടങ്ങിയപ്പോൾ കോൺഗ്രസ് തുടങ്ങിയിടത്തു തന്നെ
തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയം വേഗത്തിൽ പൂർത്തിയാക്കി ഇടതുമുന്നണി തെരഞ്ഞെടുപ്പ് കളത്തിലേക്ക് ഇറങ്ങി കഴിഞ്ഞു. ഇന്നലെ സ്ഥാനാർത്ഥികൾ മണ്ഡലത്തിൽ സജീവമായി പ്രചരണം തുടങ്ങിയിട്ടുണ്ട്. അതേസമയം കോൺഗ്രസ് ഭൂരിപക്ഷം മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളായെങ്കിലും പൂർണമായും പ്രവർത്തനം ഇവർ തുടങ്ങിയിട്ടില്ല.
സിപിഎമ്മിന്റെ 15 സീറ്റുകളിലും സിപിഐയുടെ നാലു സീറ്റിലും കേരളകോൺഗ്രസിന്റെ ഒരു സീറ്റിലും സ്ഥാനാർത്ഥികളായി. അതേസമയം, യു.ഡി.എഫിൽ കോൺഗ്രസിലെ സ്ഥാനാർത്ഥി പട്ടികയിൽ ഇപ്പോഴും ധാരണയായില്ല. മുസ്‌ലിം ലീഗിന്റെ രണ്ടു സീറ്റിലെ പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷ. ആർ.എസ്‌പിയുടെ കൊല്ലം സീറ്റിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ കോട്ടയം സീറ്റിലും സ്ഥാനാർത്ഥികളായിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് പകുതിക്ക് ശേഷമാണ് പ്രതീക്ഷിക്കുന്നത്. അതിന് മുമ്പ് സ്ഥാനാർത്ഥികളെ രംഗത്തിറക്കി മുൻതൂക്കം നേടാനാണ് ഇടതുമുന്നണി നീക്കം.
പ്രഖ്യാപനം വന്നതിന് പിന്നാലെ സിപിഎം സ്ഥാനാർത്ഥികൾ മണ്ഡലത്തിൽ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിക്കഴിഞ്ഞു. യഥാർഥത്തിൽ തെരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക് ആദ്യം കടന്നത് കോൺഗ്രസാണ്. കഴിഞ്ഞ ഒക്‌ടോബറിൽ നടന്ന കെപിസിസി നേതൃയോഗത്തിൽ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗേലുവിനെ പങ്കെടുപ്പിച്ച് കർമപദ്ധതി തയാറാക്കി. പുതുപ്പള്ളി, തൃക്കാക്കര ഉപതെരഞ്ഞെടുപ്പുകളിൽ വിജയം കണ്ട സ്ഥാനാർത്ഥികളെ ആദ്യം നിശ്ചയിച്ച് രംഗത്തിറങ്ങി കളം പിടിക്കുകയെന്ന തന്ത്രം ലോക്‌സഭാ തെരഞ്ഞെടുപ്പിലും വേണമെന്നായിരുന്നു അന്നത്തെ പ്രധാന തീരുമാനം.
കോൺഗ്രസിന്റെ 15 സീറ്റുകളിലും സിറ്റിങ് എംപിമാരെതന്നെ നിർത്താൻ ധാരണയുമായി. അതോടെ, പതിവ് പൊട്ടലും ചീറ്റലുമില്ലാതെ കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക ആദ്യം പുറത്തിറങ്ങുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. കെപിസിസി പ്രസിഡന്റിന്റെ ചികിത്സക്കായുള്ള അമേരിക്കൻ യാത്ര, സമരാഗ്‌നി യാത്ര എന്നിവയാണ് കോൺഗ്രസിൽ സ്ഥാനാർത്ഥി ചർച്ച വൈകിച്ചത്. ലീഗിന്റെ മൂന്നാം സീറ്റ് അവകാശവാദം കടുത്തതും വിനയായി. രാജ്യസഭാ സീറ്റ് വാഗ്ദാനം നൽകി മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാനായതോടെ കോൺഗ്രസിൽ സ്ഥാനാർത്ഥി ചർച്ച സജീവമായിട്ടുണ്ട്. കെപിസിസി സ്‌ക്രീനിങ് കമ്മിറ്റി അടുത്ത ദിവസങ്ങളിൽ ചേരുന്നുണ്ട്.
അതേസമയം കോൺഗ്രസിന് ഇനി തീരുമാനം ആകേണ്ട് വയനാട്, ആലപ്പുഴ സീറ്റുകളിലാണ്. രാഹുൽഗാന്ധി വയനാട്ടിൽനിന്ന് വീണ്ടും മത്സരിക്കാൻ സാധ്യതകുറവാണെന്ന വിധത്തിലാണ് വാർത്തകൾ വരുന്നത്. പകരം കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ എവിടെനിന്നെങ്കിലും മത്സരിച്ചേക്കും. പരമ്പരാഗതമായി മത്സരിച്ചുപോരുന്ന അമേഠിയെക്കൂടാതെയാണ് ദക്ഷിണേന്ത്യയിൽനിന്ന് ഏതെങ്കിലും സീറ്റിൽകൂടി മത്സരിക്കുക. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
വയനാട് സുരക്ഷിതമണ്ഡലമാണെങ്കിലും പ്രതിപക്ഷകക്ഷികൾ ദേശീയതലത്തിൽ ഇന്ത്യാ മുന്നണിയായി നിൽക്കുകയും കോൺഗ്രസ് അതിന് നേതൃത്വംനൽകുകയും ചെയ്യുമ്പോൾ അതേ മുന്നണിയിലെ കക്ഷിയുമായി രാഹുൽ മത്സരിക്കുന്നത് ഉചിതമാകില്ലെന്ന വിലയിരുത്തലാണ് കോൺഗ്രസ് നേതൃത്വത്തിനുള്ളത്.
രാഹുൽ ബിജെപി.യുമായി നേരിട്ടുള്ള മത്സരംനടത്തി വർഗീയവിരുദ്ധ പോരാട്ടത്തിന്റെ സന്ദേശംനൽകണമെന്ന അഭിപ്രായവും നേതൃത്വം കണക്കിലെടുക്കുന്നു. കർണാടക, തെലങ്കാന പി.സി.സി.കൾ രാഹുലിനായി സുരക്ഷിതമണ്ഡലങ്ങൾ ഉറപ്പുനൽകുന്നുമുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് വയനാട് ഒഴിവാക്കാനുള്ള ആലോചന നേതൃത്വം പരിഗണിക്കുന്നത്.
കെ.സി. വേണുഗോപാൽ ആലപ്പുഴയിൽനിന്ന് വീണ്ടും മത്സരിക്കാനുള്ള സാധ്യതയേറി. രാഹുൽ വയനാട്ടിൽ മത്സരിക്കുമോയെന്ന ചോദ്യത്തിനുള്ള ഉത്തരത്തിൽനിന്നേ വേണുഗോപാൽ ആലപ്പുഴയിൽ നിൽക്കുമൊയെന്ന കാര്യത്തിലേക്കെത്താനാകൂ. സാമുദായിക സന്തുലനം ഉറപ്പാക്കിയാൽ ആലപ്പുഴയിൽ മത്സരിക്കുന്ന കാര്യം അവിടെനിന്നുള്ള മുൻ എംപി.യായ വേണുഗോപാലിന്റെ പരിഗണനയിലുണ്ട്. എന്നാൽ, കെ സി വേണുഗോപാലിന് ്2026 വരെ രാജ്യസഭയിൽ സമയമുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹം മത്സരിച്ചാൽ കോൺഗ്രസിന് രാജ്യസഭയിൽ ഒരു സീറ്റ് കുറയും എന്നതാണ് പ്രതിസന്ധി.
നിലവിൽ കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടികയിൽ മുസ്ലിം വിഭാഗത്തിൽനിന്ന് ആരുമില്ല. കഴിഞ്ഞപ്രാവശ്യം ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി. രാഹുൽ വയനാട്ടിൽത്തന്നെ മത്സരിക്കാൻ തീരുമാനിച്ചാൽ ആലപ്പുഴയിൽ മുസ്ലിം സ്ഥാനാർത്ഥി വരും. അല്ലെങ്കിൽ ഏതെങ്കിലും സിറ്റിങ് എംപിയെ മാറ്റേണ്ടിവരും. നേരത്തേ കണ്ണൂരിൽ കെ. സുധാകരൻ മത്സരിക്കുന്നില്ലെങ്കിൽ അവിടെ മുസ്ലിം പരിഗണനകൂടി കണക്കിലെടുത്ത് സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ ആലോചിച്ചിരുന്നു. എന്നാൽ, സുധാകരൻ വീണ്ടും മത്സരിക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചതോടെ ഈവഴിയുള്ള ചർച്ചയടഞ്ഞു.