- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലൗ ജിഹാദ് ഉണ്ടെന്ന് വിശ്വസിക്കുന്നില്ല; മതങ്ങൾക്ക് അതീതമായി ആളുകൾ പരസ്പരം വിവാഹം കഴിക്കുന്നുണ്ട്; ഒരു സമുദായത്തെ മാത്രം ഒറ്റപ്പെടുത്തുന്നത് തെറ്റാണ്; നായർക്ക് ആർ.എസ്.എസിനേക്കാൾ നല്ല ഇടമാണ് എൻ.എസ്.എസ്; ക്രിസ്ത്യൻ വിഭാഗങ്ങളിൽ ചിലത് മാത്രമാണ് ബിജെപിയുമായി അടുക്കുന്നതെന്നും ജി സുകുമാരൻ നായർ
ചങ്ങനാശേരി: ലൗ ജിഹാദുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മതങ്ങൾക്കതീതമായി ആളുകൾ പരസ്പരം വിവാഹം കഴിക്കുന്നുണ്ട്. ഒരു സമുദായത്തെ മാത്രം ഒറ്റപ്പെടുത്തുന്നത് തെറ്റാണെന്നും സുകുമാരൻ നായർ പറഞ്ഞു. ലൗ ജിഹാദിനെക്കുറിച്ച് ഒരു വിഭാഗം ക്രിസ്ത്യൻ സമൂഹം പങ്കുവെക്കുന്ന ആശങ്ക താങ്കൾക്കുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 'ദ ന്യൂ ഇന്ത്യൻ എക്സ്പ്രസി'ന് നൽകിയ അഭിമുഖത്തിലാണ് സുകുമാരൻ നായർ ഇക്കാര്യം പറഞ്ഞത്.
കേരളത്തിൽ ബിജെപിക്ക് ഭാവിയുണ്ടോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു- 'ഒരു ദിവസം കൊണ്ട് രാഷ്ട്രീയം മാറാം. ഒരാളുടെ ഒരു വാക്കിന് മുഴുവൻ സാഹചര്യവും മാറ്റാൻ കഴിയും. ഇന്ത്യയിൽ ബിജെപി ഇത്രയും ശക്തമാകുമെന്ന് ആരെങ്കിലും മുൻകൂട്ടി കണ്ടിരുന്നോ? ഞങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിക്കും എതിരല്ല. ഞങ്ങൾ എപ്പോഴും സമദൂര നയം പാലിക്കുന്നു. എനിക്ക് ആർ.എസ്.എസിനെ അറിയാം. 18 വർഷം ഞാൻ ആർ.എസ്.എസുകാരനായിരുന്നു. എന്നാൽ നായർക്ക് ആർ.എസ്.എസിനേക്കാൾ നല്ല ഇടമാണ് എൻ.എസ്.എസ് എന്ന് എനിക്ക് മനസ്സിലായി'.
ക്രിസ്ത്യാനികൾ ബിജെപിയുമായി കൂടുതൽ അടുക്കുന്നുവെന്ന ബിജെപിയുടെ വാദത്തെ കുറിച്ചുള്ള ചോദ്യത്തിന് എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളുമല്ല, ചിലത് എന്നായിരുന്നു സുകുമാരൻ നായരുടെ മറുപടി.
എന്തുകൊണ്ടാണ് മലബാറിൽ എൻസ്എസ് സജീവമല്ല എന്ന ചോദ്യത്തിന് തെക്കൻ കേരളത്തേക്കാൾ രാഷ്ട്രീയമാണ് അവിടമെന്നും സാമുദായിക സംഘടനകൾ അവിടെ ദുർബലമാണെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയതുകൊണ്ടാണ് യുഡിഎഫ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോറ്റതെന്ന് സുകുമാരൻ നായർ പറഞ്ഞു. ഉമ്മൻ ചാണ്ടിയെ ഉയർത്തിക്കാട്ടിയിരുന്നേൽ ജയിക്കുമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ശശി തരൂർ തറവാടി നായർ ആണ്. പ്രധാനമന്ത്രി ആകാൻ യോഗ്യതയുള്ളയാളാണ് ശശിതരൂരെന്നും സുകുമാരൻ നായർ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ കൂട്ടത്തിൽ നിൽക്കുന്ന ആളുകൾ സമ്മതിക്കില്ലെങ്കിൽ പിന്നെ എന്ത് ചെയ്യാനാണ്? അധോഗതി എന്നല്ലാതെ എന്ത് പറയാൻ. മന്നം ജയന്തിക്ക് തരൂരിനെ മുഖ്യാതിഥിയാക്കിയത് ഒരു തെറ്റുതിരുത്താനാണെന്നും സുകുമാരൻ നായർ പറഞ്ഞു.
ശശി തരൂരിനെ താൻ ഡൽഹി നായരെന്ന് വിളിച്ചു. തിരുവനന്തപുരത്ത് മത്സരിച്ചപ്പോൾ കോൺഗ്രസ് പോലും അദ്ദേഹത്തെ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഡൽഹി നായരെന്ന് വിളിച്ചത്. ആരും പറഞ്ഞിട്ടല്ല അന്ന് അങ്ങനെ വിളിച്ചത്. അദ്ദേഹത്തിന്റെ പ്രവർത്തനവും അറിവും ലോകപരിചയവും ശരിക്കും അറിയാൻ കഴിഞ്ഞപ്പോൾ വിശ്വപൗരനാണ്, കേരളീയനാണെന്ന് ബോധ്യമായി. അതുകൊണ്ടാണ് വിളിച്ചത്. ഒരു കോൺഗ്രസുകാരൻ എന്ന നിലയിൽ അല്ല അദ്ദേഹത്തെ വിളിച്ചതെന്നും സുകുമാരൻ നായർ പറഞ്ഞു.
സമുദായത്തെ തള്ളിപ്പറഞ്ഞതുകൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഇഷ്ടമല്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി. ഒട്ടും മര്യാദ ഇല്ലാത്ത ഭാഷയിലാണ് സതീശൻ പലപ്പോഴും സംസാരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. നായന്മാരോട് എല്ലാവർക്കും അസൂയയാണ്. എണ്ണത്തിൽ കുറവാണെങ്കിലും ശക്തമായ സമൂഹമാണ് തങ്ങളെന്നതാണ് അസൂയയ്ക്ക് കാരണമെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ