- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹമാസ് നടത്തിയത് തിരിച്ചടി മാത്രം; ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്ര കുത്തിയാൽ, ഇസ്രയേലും തീവ്രവാദ രാഷ്ട്രമാണെന്ന് അംഗീകരിക്കേണ്ടി വരും; ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കാൻ നടപടി വേണം: ഫലസ്തീനെ അനുകൂലിച്ചു ബേബി
തിരുവനന്തപുരം: ഇസ്രയേൽ -ഫലസ്തീൻ സംഘർഷത്തിൽ ഫലസ്തീനെ അനുകൂലിച്ചു സിപിഎം നേതാവ് എം.എ.ബേബി രംഗത്ത്. ഇസ്രയേൽ നടത്തിയ ആക്രമണത്തിനുള്ള മറുപടിയാണ് ഹമാസ് നൽകിയതെന്നാണ് ബേബിയുടെ വാദം. ഹമാസിനെ തീവ്രവാദ സംഘടനയായി അംഗീകരിക്കാൻ കഴിയില്ലെന്നും ബേബി വ്യക്തമാക്കി. ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്ര കുത്തിയാൽ, ഇസ്രയേലും ഒരു തീവ്രവാദ രാഷ്ട്രമാണെന്ന് അംഗീകരിക്കേണ്ടി വരമെന്നും ബേബി ചൂണ്ടിക്കാട്ടി. കിഴക്കൻ ജറുസലം തലസ്ഥാനമായി സ്വതന്ത്രമായ ഫലസ്തീനിയൻ രാഷ്ട്രം രൂപവൽക്കരിക്കുന്നതിന് യുഎൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ബേബി ആവശ്യപ്പെട്ടു.
'ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രയടിച്ചാൽ അതിൽ നമ്മൾ തർക്കിക്കുകയില്ല. പക്ഷേ, അപ്പോൾ ഇസ്രയേലും ഒരു തീവ്രവാദ രാഷ്ട്രമാണെന്ന് അംഗീകരിക്കേണ്ടിവരും. ഈ വർഷം ഇതുവരെ 248 ഫലസ്തീനികളാണ് കൊല ചെയ്യപ്പെട്ടത്. അതിൽ 40 കുട്ടികളും ഉൾപ്പെടുന്നു. ഇസ്രയേലിന്റെ ഭാഗത്തും ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇത് നീണ്ടുനിൽക്കുന്ന സംഘർഷമാണ്. ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാ സമിതി അടിയന്തരമായി യോഗം ചേരണം. അങ്ങോട്ടും ഇങ്ങോട്ടുമുള്ള ആക്രമണങ്ങൾ കൊണ്ട് ഒരു പ്രശ്‌നവും പരിഹരിക്കാൻ കഴിയില്ല. കിഴക്കൻ ജറുസലം തലസ്ഥാനമായി സ്വതന്ത്രമായ ഫലസ്തീനിയൻ രാഷ്ട്രം രൂപവൽക്കരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണം. അങ്ങനെ മാത്രമേ ഫലസ്തീൻ പ്രദേശത്തെ രക്തച്ചൊരിച്ചിലിന് പരിഹാരമുണ്ടാക്കാൻ കഴിയു.'
'ഹമാസ് നടത്തിയ ആക്രമണത്തോടു പ്രതികരിച്ചുകൊണ്ട് ഇസ്രയേൽ പ്രത്യാക്രമണം നടത്തുന്നു എന്നാണ് മാധ്യമങ്ങൾ പൊതുവെ ചർച്ച ചെയ്യുന്നത്. എന്റെ അഭിപ്രായത്തിൽ ഹമാസ് നടത്തിയതു പ്രത്യാക്രമണമാണ്. കാരണം, സിപിഎം ഇന്നു പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നതുപോലെ, ഇപ്പോഴത്തെ ഈ സംഘർഷവും രക്തച്ചൊരിച്ചിലും ഉണ്ടാകുന്നതിനു മുൻപ്, ഈ വർഷം മാത്രം 248 ഫലസ്തീനികൾ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ 40 കുഞ്ഞുങ്ങളുമുണ്ട്. അത് ദൗർഭാഗ്യകരമാണ്.
അതിനോടു കണക്കുകൂട്ടിയിട്ടുള്ള പ്രതികരണമാണ് ഇത്തവണ ഹമാസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. ഹമാസിന്റെ പല തീവ്രവാദ നിലപാടുകളോടും വിയോജിപ്പുള്ള പാർട്ടിയാണ് സിപിഎം. പക്ഷേ, ഹമാസിനെ ഇത്തരത്തിലുള്ള ഒരു ആക്രമണത്തിന് നിർബന്ധിക്കുകയായിരുന്നു സിയോണിസ്റ്റ് നടപടികൾ. ഒരു ദിവസം ശരാശരി ഒരു ഫലസ്തീൻകാരനെ ഇസ്രയേലികൾ കൊന്നുകൊണ്ടിരിക്കുകയായിരുന്നു. അത് പാർട്ടിയുടെ കഴിഞ്ഞ തവണത്തെ കേന്ദ്രകമ്മിറ്റിയിൽ അവതരിപ്പിച്ച പ്രമേയത്തിൽത്തന്നെ ചൂണ്ടിക്കാട്ടിയ കാര്യമാണ്.'
'ഇനി ഗസ്സ വച്ചേക്കില്ല എന്നു പ്രഖ്യാപിച്ചുകൊണ്ടുള്ള രൂക്ഷമായ കടന്നാക്രമണമാണ് അവർ നടത്തുന്നത്. ഉപരോധിക്കപ്പെട്ട ഒരു പ്രദേശത്താണ് ഹമാസ് കേന്ദ്രീകരിച്ചിരിക്കുന്നത്. അവർക്ക് പുറത്തുനിന്നുള്ള ഒരു യുദ്ധോപകരണങ്ങളും ലഭിക്കുന്നില്ല. യുദ്ധോപകരണങ്ങൾ നിർമ്മിക്കുന്നതിനുള്ള സാമഗ്രികളും അവിടേക്കു കടത്തിക്കൊണ്ടു പോകാനാകുന്നില്ല. പതിറ്റാണ്ടുകളായിട്ട് ഇതാണ് അവസ്ഥ.'
'അങ്ങനെ ഉപരോധിക്കപ്പെട്ട പ്രദേശമാണിത്. 40 കിലോമീറ്റർ നീളവും 20 കിലോമീറ്റർ വീതിയുമുള്ള ഒരു സ്ഥലം. പക്ഷേ, 20 ലക്ഷത്തോളം പേരാണ് അവിടെ തിങ്ങിപ്പാർക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സ്ഥലമാണ് ഈ ഗസ്സ. അവർ നടത്തിയ പ്രത്യാക്രമണവും അതിന്റെ രക്തച്ചൊരിച്ചിലും നമുക്ക് അംഗീകരിക്കാൻ കഴിയുന്നതല്ല. പക്ഷേ നമ്മുടെ മാധ്യമങ്ങൾ കാണേണ്ട ഒരു കാര്യം, ഹമാസ് ഒരു തീവ്രവാദ സംഘടയാണെന്നു പറയുമ്പോൾ, നെതന്യാഹുവിന്റെ നേതൃത്വത്തിൽ ഇസ്രയേൽ ഭരിക്കുന്നത് ഒരു തീവ്രവാദ ഭരണകൂടമാണ്.'
'1947-48ൽ ഇസ്രയേൽ സ്ഥാപിതമാകുമ്പോൾ, ഇസ്രയേലിനും ഫലസ്തീനുമായി യുഎൻ പ്രമേയ പ്രകാരം നീക്കിവയ്ക്കപ്പെട്ട സ്ഥലങ്ങളുടെ അതിർത്തിയൊന്നും ഇപ്പോഴില്ല. അതിന്റെ വിശദാംശങ്ങളിലേക്കു ഞാൻ പോകുന്നില്ല. ഈ പ്രശ്‌നം പരിഹരിക്കാൻ ഇരു രാഷ്ട്ര തത്വം അംഗീകരിക്കേണ്ടി വരും. പോരാടുന്ന ഹമാസിനേപ്പോലുള്ളവർ ഇസ്രയേലിനെ അംഗീകരിക്കുന്നില്ല. നിയമവിരുദ്ധമായി സ്ഥാപിക്കപ്പെട്ടതാണെങ്കിൽക്കൂടിയും ഇസ്രയേൽ ഈ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെടേണ്ടതാണെന്ന ചിന്തയ്ക്കു യാതൊരു അടിസ്ഥാനവുമില്ല.
ഇസ്രയേലും ഉണ്ടാകും, ഫലസ്തീനും ഉണ്ടാകണം. ഇപ്പോൾ ഫലസ്തീൻ രാഷ്ട്രമെന്നത് ഒരു സങ്കൽപം മാത്രമാണ്. അവർക്കായി അനുവദിച്ച സ്ഥലം മുഴുവൻ ഇസ്രയേൽ കയ്യടക്കി വച്ചിരിക്കുകയാണ്. ഇന്ത്യ ഉൾപ്പെടെ പിന്തുണച്ച് യുഎൻ പാസാക്കിയ ഒരു പ്രമേയമുണ്ട്. ഇസ്രയേൽ അവരുടെ കയ്യിൽനിന്ന് പിടിച്ചെടുത്ത സ്ഥലം തിരികെ നൽകണം. കിഴക്കൻ ജറുസലം ആസ്ഥാനമായ ഫലസ്തീൻ രാഷ്ട്രം സ്ഥാപിതമാകണം' ബേബി ചൂണ്ടിക്കാട്ടി. നേരത്തെ ഫേസ്‌ബുക്കു പോസ്റ്റിലൂടെയും എം എ ബേബി വിഷയത്തിലെ നിലപാട് അറിയിച്ചിരുന്നു.