തൃശ്ശൂർ: ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂർ മണ്ഡലത്തിൽ, എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയെ തൃശ്ശൂർ മേയർ എം.കെ വർഗീസ് വാഴ്‌ത്തിയത് ഇടതുമുന്നണിക്ക് ക്ഷീണമായി. സുരേഷ് ഗോപി എംപിയാവാൻ ഫിറ്റായ വ്യക്തിയാണെന്ന് മേയർ പറഞ്ഞു. കോർപ്പറേഷന് പ്രഖ്യാപിച്ച മുഴുവൻ പണവും നൽകി. ജനങ്ങളുടെ ഇടയിൽ നിൽക്കുന്ന ആളാണെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി വോട്ടു തേടി സുരേഷ് ഗോപി കോർപറേഷൻ ഓഫിസിലെ തന്റെ ചേംബറിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തെ സാക്ഷി നിർത്തി മേയറുടെ പ്രതികരണം. എംപിയാകുക എന്നു പറഞ്ഞാൽ എല്ലാവർക്കും പറ്റുന്ന കാര്യമല്ലെന്നും, സുരേഷ് ഗോപി അതിനു യോഗ്യനാണെന്നതു കാലങ്ങളായി നാം കണ്ടുവരുന്നതാണെന്നും വർഗീസ് ചൂണ്ടിക്കാട്ടി.

'എംപിയാകുക എന്നു പറഞ്ഞാൽ ആർക്കും പറ്റുന്ന ഒരു സംഭവമല്ല. അതിനു കുറേ ഗുണങ്ങൾ വേണം. ജനമനസ്സിലേക്ക് ഇറങ്ങിച്ചെല്ലണം, ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കണം, അവരുടെ കൂടെ നിൽക്കണം. അവരുടെ ആവശ്യങ്ങൾ തിരിച്ചറിയണം. അങ്ങനെയുള്ളവരെ ആണല്ലോ നമ്മൾ പൊതുവേ തിരഞ്ഞെടുത്തു വിടുന്നത്. ഇതെല്ലാം സുരേഷ് ഗോപിക്കുണ്ട് എന്നത് കാലങ്ങളായി നാം കണ്ടുവരുന്നതാണ്. അദ്ദേഹം തിരഞ്ഞെടുക്കപ്പെടാൻ യോഗ്യനാണ്'.

'തൃശൂർ മേയർ എന്ന നിലയിൽ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവകാശം ഇന്നുവരെ എനിക്കു കിട്ടിയിട്ടുണ്ട്. എന്റെ ചിന്തയും അങ്ങനെ തന്നെയാണ്. സ്വതന്ത്രമായി ചിന്തിക്കാനുള്ള അവകാശം എനിക്കുണ്ട്. ഞാൻ സ്വതന്ത്രനാണ്. ഞാൻ സ്വതന്ത്രമായി ചിന്തിക്കും, സ്വതന്ത്രമായി പ്രവർത്തിക്കും. തൃശൂരിന്റെ വികസനത്തിനു സഹായിക്കാൻ വരുന്ന ആരെയും ഞാൻ സ്വീകരിക്കും. ആരെയും വെറുതേ വിടില്ല. തൃശൂരിനെ ഏറ്റെടുത്ത് വികസനരംഗത്തു വരുമ്പോൾ ആരെ, എങ്ങനെ എന്നതു ഞാൻ നോക്കുന്നില്ല." വർഗീസ് പറഞ്ഞു.

എന്നാൽ പ്രസ്താവന വിവാദമായതോടെ ഇത് തിരുത്തി. സുരേഷ് ഗോപി മാത്രമല്ല മൂന്ന് സ്ഥാനാർത്ഥികളും ഫിറ്റാണെന്ന് പിന്നീട് വ്യക്തമാക്കി. കോൺഗ്രസിൽ നിന്ന് രാജിവെച്ച എം.കെ വർഗീസ് സിപിഎമ്മിന്റെ പിന്തുണയോടെയാണ് കോർപ്പറേഷൻ മേയറായത്.

സുരേഷ് ഗോപിയുടെ മറുപടി

'കഴിഞ്ഞ തവണ എന്നെ തോൽപ്പിച്ചെങ്കിലും അന്നു മുതൽ താൻ ഇവിടെത്തന്നെയുണ്ടെന്നു സുരേഷ് ഗോപി പറഞ്ഞു.' ഞാൻ രാഷ്ട്രീയമായും അല്ലാതെയും ഒരുപാടു പരിപാടികൾ ഇവിടെ നടത്തി. അതിൽ വലിയ ജനപങ്കാളിത്തമുണ്ടായി. അവരുമായി എല്ലാം പങ്കുവച്ചിട്ടുണ്ട്. അവരെ എന്റെ ഹൃദയം അറിയിച്ചിട്ടുണ്ട്. ഹൃദത്തിൽ നിന്ന് അവർ മനസ്സിലാക്കിയ കാര്യങ്ങളും അവരുടെ ബുദ്ധിയും കൂടി ചേരുന്നിടത്ത് വലിയൊരു വികസന സാധ്യതയുണ്ടെന്ന് അവർ തിരിച്ചറിയും. അതു വോട്ടാകുമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അങ്ങനെയുള്ളവർ വോട്ടു ചെയ്താൽ മതി.

വികസനം എന്നത് അവകാശം തന്നെയാണ്. ആ അവകാശം കൊണ്ടുവരുന്നതിന് പ്രാപ്തിയുള്ളവർ വേണം. ഞാൻ അതു തെളിയിച്ചു എന്നൊന്നും വീമ്പു പറയുന്നില്ല. എങ്കിലും ചെയ്തതൊന്നും ചെയ്തില്ല എന്നാവില്ലല്ലോ. അതൊക്കെ ഇവിടെ ദൃശ്യവുമാണ്. ഇവിടെ ഞാൻ എല്ലാവരെയും കണ്ടു കഴിഞ്ഞു. ഈ ചേംബറിലും ഒരു വോട്ടല്ല. അതിൽക്കൂടുതലുണ്ട്. അദ്ദേഹത്തിന്റെ കുടുംബമുണ്ട്. അദ്ദേഹത്തിന്റെ സ്റ്റാഫുണ്ട്. അവർക്കെല്ലാം സ്വതന്ത്ര ചിന്താഗതിയുണ്ട്. വോട്ട് എന്നതു പൗരന്റെ അവകാശമാണ്. രാഷ്ട്രീയക്കാരന്റെ അവകാശല്ല അല്ല. ആ പൗരന്മാരോടാണ് ഞാൻ വോട്ടു തേടുന്നത്. രാഷ്ട്രീയക്കാരോടല്ല" സുരേഷ് ഗോപി പറഞ്ഞു.

മുമ്പും എം കെ വർഗ്ഗീസ് സുരേഷ് ഗോപിയെ പുകഴ്‌ത്തിയിരുന്നു. 2021 ൽ വികസന പ്രവർത്തനങ്ങൾക്ക് എംപി ഫണ്ടിൽ നിന്ന് തൃശുർ കോർപ്പറേഷന് ഒരുകോടി രൂപ അനുവദിച്ച സുരേഷ്‌ഗോപിക്ക് നന്ദിയറിയിച്ച് തൃശൂർ മേയർ കത്തെഴുതിയിരുന്നു. സ്‌നേഹ സമ്പന്നനായ സുരേഷ്‌ഗോപി ജീ എന്നാണ് മേയർ കത്തിൽ അഭിസംബോധന ചെയ്തത്.

എൽ.ഡി.എഫ് ഭരിക്കുന്ന കോർപ്പറേഷനിൽ വികസന പ്രവർത്തനങ്ങൾ നടത്താനാണ് ഫണ്ട് അനുവദിച്ചത്. തൃശൂരിനോട് കാണിക്കുന്ന സ്‌നേഹത്തിനും പരിഗണനയ്ക്കും നന്ദി പറഞ്ഞാണ് കത്ത് അവസാനിപ്പിച്ചത്. സുരേഷ് ഗോപിയാണ് കത്ത് അന്ന് ഫേസ്‌ബുക്കിൽ പങ്കുവച്ചത്.