- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എം.എം. മണിയെ നിലക്കു നിർത്താൻ സിപിഎം ഇടപെടണം; പി ജെ ജോസഫിനെ അധിക്ഷേപിച്ച മണി കേരളത്തിന്റെയാകെയു ഗതികേടായി മാറി; ശാസ്ത്ര ഉപദേഷ്ടാവിന്റേത് മുഖ്യമന്ത്രിയുടെ അതേ ഭാഷ; വിമർശിച്ചു വി ഡി സതീശൻ
തിരുവനന്തപുരം: എം എം മണിയെയും മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവിനെയും പരിഹസിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിലെ ഏറ്റവും മുതിർന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാളായ പി.ജെ. ജോസഫിനെ അധിക്ഷേപിച്ച എം.എം. മണി കേരളത്തിന്റെയാകെയും സിപിഎമ്മിന്റെയും ഗതികേടായി മാറരുതെന്ന് സതീശൻ പറഞ്ഞു.
മണിയെ നിലയ്ക്കു നിർത്താൻ സിപിഎമ്മും മുഖ്യമന്ത്രിയും ഇടപെടണം. മറുപടി ഇല്ലാതെ വരുമ്പോഴും സർക്കാർ പ്രതിസന്ധിയിലാകുമ്പോഴും രാഷ്ട്രീയ എതിരാളികളെ അധിക്ഷേപിക്കാൻ എം.എം. മണിയെ പോലുള്ള വാപോയ കോടാലികളെ ഇറക്കി വിടുന്നത് സിപിഎം കാലങ്ങളായി പയറ്റുന്ന തന്ത്രമാണ്. ഇതിന് മുൻപും മണിയുടെ അശ്ലീല വാക്കുകൾ കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തെ വിഷലിപ്തമാക്കിയിട്ടുണ്ട്. സിപിഎമ്മിന്റെ മൗനാനുവാദത്തോടെയാണ് കെ.കെ. രമ എംഎൽഎയെ നിയമസഭയിൽ അധിഷേപിച്ചത്. ജനപ്രതിനിധികൾ, വനിതാ നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കേട്ടാൽ അറയ്ക്കുന്ന വാക്കുകളാണ് മണിയുടെ വായിൽ നിന്നും വന്നിട്ടുള്ളതെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
സ്ഥിരമായി അസഭ്യം പറയുന്ന എം.എം മണിയുടെ സമനില തെറ്റിയെന്നാണ് പൊതുസമൂഹം കരുതുന്നതെന്നും സതീശൻ ആരോപിച്ചു. ഇത്തരം ആളുകളെ രാഷ്ട്രീയ പ്രവർത്തനത്തിന് ഇറക്കാതെ വീട്ടിലിരുത്താൻ നടപടിയെടുക്കുകയെന്നതാണ് സിപിഎം നേതൃത്വം ചെയ്യേണ്ടത്. എം.എം. മണി പൊതുശല്യമായി മാറാതിരിക്കാൻ സിപിഎം നേതൃത്വത്തിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാകണം.
മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളും കാണിക്കുന്നത്. ഭനിനക്കൊന്നും വേറെ പണിയില്ലേ, തെണ്ടാൻ പൊയ്ക്കൂടെ' എന്നാണ് ശാസ്ത്ര ഉപദേഷ്ടാവ് മാധ്യമ പ്രവർത്തകരോട് ചോദിക്കുന്നത്. ഇത്രയും തരംതാണ ഭാഷ ഉപയോഗിക്കുന്ന ഉപദേഷ്ടാവിന്റെ മാതൃക മുഖ്യമന്ത്രിയായിരിക്കുമെന്ന് തീർച്ചയാണ്. അൽപമെങ്കിലും മാന്യതയുണ്ടെങ്കിൽ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് മാപ്പ് പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.
അഴിമതിയും സ്വജനപക്ഷപാതവും കഴിവുകേടും ചൂണ്ടിക്കാട്ടുന്ന പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും വായ് മൂടിക്കെട്ടാൻ ശ്രമിക്കുന്നതും ഭരണത്തിന്റെ ഹുങ്കിൽ അധിക്ഷേപിക്കുന്നതും ഫാസിസ്റ്റ് സർക്കാരുകളുടെ രീതിയാണ്. മോദിയുടെ വലതു നിലപാടുകൾ, അതിനേക്കാൾ തീവ്രതയോടെയാണ് പിണറായിയും കൂട്ടരും കേരളത്തിൽ നടപ്പാക്കുന്നത്. കാവി മാറി ചുവപ്പാകുന്നുവെന്ന വ്യത്യാസം മാത്രമെയുള്ളൂവെന്നും സതീശൻ കുറ്റപ്പെടുത്തി.