- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസുകാരെ വിമർശിച്ചാൽ പിണക്കവുമില്ല തല്ലും കൊള്ളേണ്ടെന്ന് എം എൻ കാരശേരി; കോൺഗ്രസുകാരെ വിമർശിക്കുന്നയാളാണ് കരശേരി മാഷെന്നും അത് നന്നാവാനുള്ള വിമർശമാണെന്ന് കെ മുരളീധരൻ എംപിയും
മലപ്പുറം: കോൺഗ്രസുകാരെ വിമർശിച്ചാൽ ഒരു പിണക്കവും കാണിക്കാറില്ലെന്നും തല്ലാനും കൊല്ലാനും വരുമെന്ന പേടിയുമില്ലെന്നും എം.എൻ കാരശേരി. അബ്ദുറഹിമാൻ സാഹിബ് പുരസ്‌ക്കാരം ഏറ്റുവാങ്ങി പ്രസംഗിക്കുമ്പോഴായിരുന്നു കെ. മുരളീധരന്റെ പ്രസംഗത്തോടുള്ള പ്രതികരണം. അബ്ദുറഹിമാൻ സാഹിബിന്റെ പേരിലുള്ള പുരസ്‌ക്കാരത്തിന് ഏറ്റവും അർഹൻ എം.എൻ കാരശേരിയാണെന്ന് പറഞ്ഞ കെ.മുരളീധരൻ എംപി കോൺഗ്രസുകാരെ വിമർശിക്കുന്നയാളാണ് കരശേരി മാഷെന്നും അത് നന്നാവാനുള്ള വിമർശനമാണെന്നുമാണ് പറഞ്ഞത്.
അബ്ദുറിമാൻ സഹിബിനെ മദ്രാസ് അസംബ്ലിയിലേക്ക് വിജയിപ്പിച്ചത് മലപ്പുറമാണെന്നും ആ സ്നേഹം മലപ്പുറത്തിനോടുണ്ടെന്നും കാരശേരി പറഞ്ഞു. മദിരാശി അസംബ്ലിയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചത് അബ്ദുറഹിമാൻ സാഹിബാണ്. മലബാർ കലാപത്തിൽ ഇരകളാക്കപ്പെട്ട സ്ത്രീകളെയും കുട്ടികളെയും വയോജനങ്ങളെയും സംരക്ഷിക്കണമെന്ന് മലബാർ കളക്ടർക്ക് കത്തെഴുതിയതിന്റെ പേരിൽ രണ്ട് വർഷം തടവ് ശിക്ഷ അനുഭവിക്കേണ്ടി വന്ന നേതാണ് സാഹിബ്.
ഹിന്ദു പത്രത്തിലും ബോംബെ ക്രോണിക്കിലും പ്രസിദ്ധീകരിച്ച സാഹിബിന്റെ കത്തു കണ്ട ബീഹാറിലെ വ്യവസായികളായ കസ്തൂരി സഹോദരന്മാരാണ് കോഴിക്കോട്ട് ജെ.ഡി.ടി യതീംഖാന സ്ഥാപിക്കാൻ സഹായം നൽകിയത്. എന്തിനാണ് അബ്ദുറഹിമാൻ സാഹിബിനെ ലീഗ് ഇത്രയും എതിർത്തതെന്ന് ഒരിക്കൽ സി.എച്ച് മുഹമ്മദ്കോയയോട് നേരിട്ട് ചോദിച്ചിരുന്നു. അബ്ദുറഹിമാൻ സാഹിബ് കാലത്തിന് മുമ്പേ നടന്ന നേതാവായിരുന്നെന്നായിരുന്ന സി.എച്ചിന്റെ മറുപടിയെന്നും കാരശേരി പറഞ്ഞു.
രാജ്യത്തിന്റെ ചരിത്രം മാറ്റിയെഴുതാൻ കേന്ദ്രം ഭരിക്കുന്നവരും കേരളം ഭരിക്കുന്നവരും ശ്രമിക്കുകയാണെന്ന് കെ.മുരളീധരൻ എംപി ചടങ്ങ് ഉദ്ഘാടനം ചെയ്തു പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിനെതിരെ നിലപാടെടുത്തവരാണ് ഇവരെന്നും അദ്ദേഹം വ്യക്തമാക്കി. മുഹമ്മദ് അബ്ദുറഹിമാൻ മെമോറിയൽ ട്രസ്റ്റിന്റെ അബ്ദുറഹിമാൻ സാഹിബ് പുരസ്‌ക്കാരം എം.എൻ കാരശേരിക്ക് നൽകി പ്രസംഗിക്കുകയായിരുന്നു. തികഞ്ഞ മതവിശ്വാസിയായിട്ടും മതേതര രാഷ്ട്രീയം ഉയർത്തിപ്പിടിച്ച നേതാവാണ് അബ്ദുറഹിമാൻ സാഹിബ്.
പൊതുവായ ഭാഷയോ മതമോ ഇല്ലാത്ത ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയാലും ഒന്നിച്ചു നിൽക്കില്ലെന്ന് വിധിയെഴുതിയ ബ്രിട്ടീഷുകാരെ മതേതരത്വത്തിലൂടെ ഒന്നിച്ചു നിന്നാണ് രാജ്യം നേരിട്ടത്. മതേതരസംവിധാനമില്ലാതെ രാജ്യത്തിന് നിലനിൽപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തട്ടിക്കൊണ്ടുപോയ കുട്ടിയെ വിട്ടയക്കാൻ ഇടയാക്കിയത് മാധ്യമപ്രവർത്തകരുടെ ഇടപെടലാണെന്നും അദ്ദേഹം പറഞ്ഞു. ചാനലുകളുടെ തൽസമയ സംപ്രേഷണത്തിലൂടെ വിഷയം ജനങ്ങളുടെ സജീവശ്രദ്ധയിൽവന്നതോടെ തട്ടിക്കൊണ്ട്പോയവർ ഭയന്നാണ് കുട്ടിയെ ഉപേക്ഷിച്ചത്. ഉപേക്ഷിക്കപ്പെട്ടിട്ടുപോലും കുട്ടിയെ കണ്ടെത്താൻപോലും പൊലീസിന് കഴിഞ്ഞില്ല.
സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയായ ജസ്റ്റിസ് ഫാത്തിമബീവി മരണപ്പെട്ടിട്ട് ഒരു മന്ത്രിയെ റീത്ത് വെക്കാൻപോലും അയക്കാത്ത സർക്കാരാണ് ഭരിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ബസിൽ വിനോദയാത്ര നടത്തുകയാണെന്നും കുറ്റപ്പെടുത്തി. ചടങ്ങിൽ അബ്്ദുറഹിമാൻ സ്മാരക ട്രസ്റ്റ് ചെയർമാൻ മുൻ എംപി സി.ഹരിദാസ് ആധ്യക്ഷം വഹിച്ചു. ഡോ.എൻ.പി ഹാഫിസ്മുഹമ്മദ് അബ്ദുറഹിമാൻസാഹിബ് അനുസ്മരണ പ്രഭാഷണം നടത്തി. ട്രസ്റ്റ് വർക്കിങ് ചെയർമാൻ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ട്രസ്റ്റ് സെക്രട്ടറി വീക്ഷണം മുഹമ്മദ്, വി.എ കരീം പ്രസംഗിച്ചു.



