തൃശൂർ: തൃശൂരിൽ പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ നടത്താനായി തന്റെ കയ്യിൽ നിന്നും 22 ലക്ഷം വാങ്ങിയെന്ന പത്മജാ വേണുഗോപാലിന്റെ ആരോപണം നിഷേധിച്ച് അന്നത്തെ ഡിസിസി പ്രസിഡന്റ് എംപി വിൻസന്റ്. കാറിൽ കയറാൻ മാത്രം 22 ലക്ഷം നൽകാനും മാത്രം മണ്ടിയാണോ പത്മജയെന്ന് ചോദിച്ചു. കാറിൽ കയറുന്നവരുടെ പട്ടിക തയാറാക്കിയത് പത്മജ ഉപാധ്യക്ഷയായ കെപിസിസി സമിതിയാണ്. പത്മജയുടെ കൈയിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്നും എംപി വിൻസന്റ് പ്രതികരിച്ചു.

ഇലക്ഷന് വേണ്ടി താനടക്കം പലരുടെയും അടുത്ത് നിന്നും കോൺഗ്രസ് നേതാക്കൾ പണം വാങ്ങിയെന്നായിരുന്നു പത്മജയുടെ ആരോപണം. 'തൃശൂരിലെത്തിയ പ്രിയങ്കാ ഗാന്ധിയുടെ പരിപാടിക്കായി എന്റെ കയ്യിൽ നിന്നും പണം വാങ്ങി പറ്റിച്ചു. 50 ലക്ഷമാണ് ചോദിച്ചത്. 22 ലക്ഷം ഞാൻ നൽകി'. അന്ന് വാഹനപര്യടനത്തിൽ പ്രിയങ്കക്കൊപ്പം തുറന്ന വാഹനത്തിൽ കയറേണ്ടത് താനല്ലേ എന്ന് ചോദിച്ചപ്പോൾ അന്നത്തെ ഡിസിസി പ്രസിഡന്റ് ദേഷ്യപ്പെട്ടുവെന്നായിരുന്നു പത്മജയുടെ ആരോപണം.

ഡിസിസി പ്രസിഡന്റ് കൈപ്പറ്റിയ പണം എന്ത് ചെയ്തുവെന്ന് അറിയില്ലെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. കെ.കരുണാകരന്റെ അന്ത്യവിശ്രമ സ്ഥലമായ മുരളീമന്ദിരത്തിൽ എത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പത്മജ. "പ്രിയങ്ക ഗാന്ധിയുടെ വാഹനത്തിൽ കയറ്റാൻ എന്റെ കൈയിൽ നിന്ന് 22.5 ലക്ഷം രൂപ വാങ്ങി. ഡിസിസി പ്രസിഡന്റ് എംപി.വിൻസെന്റാണ് വാങ്ങിയത്. തരില്ലെന്ന് പറഞ്ഞപ്പോൾ എന്നാൽ ചേച്ചി, ചേച്ചിയുടെ കാര്യം നോക്കെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.

തെരഞ്ഞെടുപ്പ് സമയത്ത് നമ്മൾ എന്തും പേടിക്കണമല്ലോ, അങ്ങനെ പണം ഞാൻ നൽകി. പ്രിയങ്ക വന്നപ്പോൾ ഞാൻ എവിടെ നിന്നാണ് കയറേണ്ടതെന്ന് ഇവരോട് ചോദിച്ചു. ചേച്ചി സ്റ്റേജിൽ വന്നാൽ മതിയെന്ന് പറഞ്ഞു. അതോടെ ഞാൻ വണ്ടിയിൽ കയറുമെന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കി. അതോടെ ഏത് വഴിയിലൂടെയാണ് വരുന്നതെന്ന് പോലും എന്നോട് പറഞ്ഞില്ല. അല്ലെങ്കിൽ എന്റെ സ്വഭാവം അനുസരിച്ച് റോഡിലിറങ്ങി നിന്നേനെ. പത്മജ ഔട്ട്, പ്രതാപൻ ഇൻ എന്നാണ് പത്രങ്ങൾ ആ സംഭവത്തെ കുറിച്ച് എഴുതിയത്'- പത്മജ വേണുഗോപാൽ പറഞ്ഞു.

വടകരയിൽ മത്സരിച്ചാൽ മുരളീധരൻ ജയിക്കുമായിരുന്നു. എന്തിനാണ് തൃശൂരിൽ കൊണ്ടുനിർത്തിയതെന്ന് മനസിലാകുന്നില്ല.തൃശൂരിൽ കാലുവാരാൻ ഒരുപാടു പേരുണ്ട്. തൃശൂരിൽ സുരേഷ് ഗോപി ജയിക്കും. തന്നെ തോൽപിച്ചവർ മുരളീധരന്റെ അപ്പുറവും ഇപ്പുറവുമുണ്ട്. ടി.എൻ. പ്രതാപനുൾപ്പെടെയുള്ള നേതാക്കൾക്ക് തന്റെ തോൽവിയിൽ പങ്കുണ്ടെന്നും പത്മജ കൂട്ടിച്ചേർത്തു.

'എനിക്ക് ഒറ്റസങ്കടമേയുള്ളൂ. എന്നെ തോൽപ്പിക്കാൻ നിന്ന രണ്ടുപേർ മുരളിയേട്ടന്റെ ജീപ്പിന്റെ അപ്പുറവും ഇപ്പുറവും നിൽക്കുന്നക് കണ്ടു. എന്നെ വല്ലാതെ ചൊറിയട്ടെ അപ്പോൾ ഇതിനു പിന്നിൽ പ്രവർത്തിച്ച വലിയ നേതാക്കളാരൊക്കെയെന്ന് ഞാൻ പറയാം. കരുണാകരന്റെ മക്കളോട് തന്നെ തന്നെ അവർക്ക് ദേഷ്യമാണ്. പാവം മുരളിയേട്ടനെ ഇവിടെ കൊണ്ടുവന്നിട്ടത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. തൃശൂരിൽ കുറച്ചു വൃത്തികെട്ട നേതാക്കന്മാരുണ്ട്. അവരുടെ സമീപത്തു നിന്ന് ഓടിപ്പോയതിൽ എനിക്ക് വളരെ സന്തോഷമുണ്ട്." പത്മജ പറഞ്ഞു.