തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വീണ്ടും വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വെള്ളാപ്പള്ളിയുടെ വിവാദ വിമർശനം തള്ളിയ ഗോവിന്ദൻ ബിജെപിക്ക് വോട്ട് ലഭിക്കാൻ വെള്ളാപ്പള്ളിയെ പോലുള്ളവർ പ്രവർത്തിച്ചുവെന്നും ആരോപിച്ചു. എൽഡിഎഫ് രാജ്യസഭാംഗങ്ങളെ നിശ്ചയിച്ചതിനെതിരെയുള്ള പ്രസ്താവന ഈ ദിശയിലുള്ളതാണെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.

'പലമതസാരവുമേകം' എന്ന കാഴ്‌ച്ചപ്പാട് ഉയർത്തിപ്പിടിച്ച ഗുരുദർശനം തന്നെയാണോ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുടേതെന്ന് എം വി ഗോവിന്ദൻ ചോദിച്ചു. ഇക്കാര്യം ശ്രീനാരായണ ദർശനം പിന്തുടരുന്നവർ ആലോചിക്കണം. ദേശാഭിമാനിയിലെ പ്രതിവാര പംക്തിയിലാണ് എം വി ഗോവിന്ദന്റെ വിമർശനം. ഇന്ത്യൻ റിപ്പബ്ലിക്കും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ന്യൂനപക്ഷ സംരക്ഷണത്തെ സിപിഐഎം കാണുന്നത്.

ഈ നിലപാട് ആരെങ്കിലും തെറ്റായി മനസിലാക്കിയിട്ടുണ്ടെങ്കിൽ ആ തെറ്റിദ്ധാരണ തിരുത്താൻ സിപിഐഎം ശ്രമിക്കും. ജനങ്ങളുടെ വിശ്വാസം ആർജിക്കാനുള്ള എല്ലാ ശ്രമവും പാർട്ടിയുടെയും നേതാക്കളുടെയും ഭാഗത്തുനിന്നും ഉണ്ടാകും. തെറ്റുകൾ ജനങ്ങളോട് ഏറ്റുപറഞ്ഞ് അവരുടെ വിശ്വാസം തിരിച്ചുപിടിക്കുക എന്നതാണ് സിപിഎമ്മിന്റെ ശ്രമമെന്നും എം വി ഗോവിന്ദൻ ലേഖനത്തിൽ പറയുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനുണ്ടായ തോൽവിക്ക് മുഖ്യകാരണം ഈഴവ വോട്ടുകളിലെ ചോർച്ചയെന്ന് എം വി ഗോവിന്ദൻ നേരത്തെ വ്യക്തമാക്കിയിരുന്നു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഭാര്യയും മകനും സംഘപരിവാറിന് അനുകൂലമായ നിലപാടുകൾ സ്വീകരിച്ചുവന്നും ഗോവിന്ദൻ ആരോപിച്ചിരുന്നു.

എസ്എൻഡിപി യോഗം പല രാഷ്ട്രീയ പാർട്ടികളിലെയും അംഗങ്ങളും അനുഭാവികളും എല്ലാം ഉൾപ്പെട്ടതാണ്. അതിൽ വർഗീയ വൽകരണത്തിലേക്ക് നീങ്ങുന്ന ഒരു വിഭാഗം ബിജെപിക്കുവേണ്ടി സജീവമായി ഇടപെട്ടിട്ടുണ്ട്. ബിജെപിക്കും ആർഎസ്എസിനും അനുകൂലമായി വോട്ട് മാറ്റിയതിൽ ഇവർക്ക് നിർണായക പങ്കുണ്ട്. സമുദായത്തെ ആർഎസ്എസ് വൽകരിക്കാൻ തുഷാർ വെള്ളാപ്പള്ളിയും വെള്ളാപ്പള്ളി നടേശന്റെ പ്രീതി നടേശനും നടത്തിയ പ്രവർത്തനങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

'ശ്രീനാരായണ ഗുരുവിന്റെ ദാർശനിക നിലപാടുകൾ ഉയർത്തിപ്പിടിച്ച് പിന്നാക്ക വിഭാഗങ്ങളെ ഉദ്ധരിക്കുന്നതിനുവേണ്ടി നടന്ന പ്രവർത്തനങ്ങൾ വഴിയും ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങൾ നടത്തിയ പോരാട്ടങ്ങളിലൂടെയുമാണ് ഈ വിഭാഗങ്ങൾ പ്രബലമായ ശക്തിയായത്. എന്നാൽ ഇപ്പോഴത്തെ എസ്എൻഡിപി നേതൃത്വത്തിലെ പലരും ആ ആദർശങ്ങൾക്ക് വിരുദ്ധമായ സമീപനം കൈക്കൊണ്ടതിനെക്കുറിച്ച് അവർ തന്നെ വിമർശനപരമായി പരിശോധിക്കണം. രാജ്യസഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ ഇടതുപക്ഷം ന്യൂനപക്ഷത്തിന് കീഴ്‌പ്പെട്ടുവെന്നാണ് വെള്ളാപ്പള്ളി ആരോപിച്ചത്'. എന്നാൽ കേന്ദ്ര മന്ത്രിസഭയിൽ ഒരു മുസ്‌ലിമിനെപ്പോലും ഉൾപ്പെടുത്താത്തതിനെക്കുറിച്ച് എസ്എൻഡിപി നേതൃത്വം മിണ്ടിയില്ലെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

അതേസമയം ഈഴവരും തീയരും തന്നെയാണ് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും പുരോഗമന പ്രസ്ഥാനത്തിന്റെയും നട്ടെല്ലായി പ്രവർത്തിച്ചിരുന്നത്. ഇപ്പോഴും അങ്ങനെ തന്നെയാണ്. അതിൽ വർഗീയ ധ്രുവീകരണത്തിനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. അത്തരം നീക്കങ്ങളെ പാർട്ടിക്ക് ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയും എന്നുതന്നെയാണ് കരുതുന്നത്. മതനിരപേക്ഷ കേരളത്തിന് അനുയോജ്യമായ നിലപാടല്ല ഇതെന്ന് എല്ലാ വിഭാഗം ജനങ്ങളും മനസിലാക്കും വർഗീയ ധ്രുവീകരണശ്രമത്തെ ജനങ്ങൾ ശക്തിയായി എതിർക്കുകയും ചെയ്യും. സിപിഎം എപ്പോഴും തിരുത്തലിന് വിധേയമായാണ് പ്രവർത്തിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞു. വളരെ വേഗം ഭാവിപ്രവർത്തനം സംബന്ധിച്ച ഫലപ്രദമായി ഇടപെടൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടത്, വലത് മുന്നണികൾക്ക് അതിരുവിട്ട മുസ്ലിം പ്രീണനമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ ആരോപണം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ പരാജയം മുസ്ലിം പ്രീണനം കാരണമാണെന്നും പിണറായി സർക്കാർ മുസ്ലിങ്ങൾക്ക് അനർഹമായ എന്തെല്ലാമോ വാരിക്കോടി നൽകുന്നുവെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. കേരളത്തിൽ ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളും മുന്നണികൾ ന്യൂനപക്ഷ സമുദായങ്ങൾക്ക് നൽകി. ജനാധിപത്യം മതാധിപത്യത്തിന് വഴിമാറി എന്നും വെള്ളാപ്പള്ളി ആരോപണമുന്നയിച്ചു.