കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക്ക് കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്ന് സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. കണ്ണൂർ എളയാവൂരിൽ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ഡി. വൈ. എഫ്. ഐ സംഘടിപ്പിച്ച സെക്യുലർ സ്ട്രീറ്റ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വീണയുടെ കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. നമ്മുടെ നാട്ടിലെ മാധ്യമങ്ങൾ വെറുതെ വിവാദമുണ്ടാക്കുകയാണ്. അവരോട് മിണ്ടിയാലും ഇല്ലെങ്കിലും പ്രശ്നമാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. രണ്ടു കമ്പനികൾ തമ്മിൽ ഏർപ്പെടുന്ന കരാർ എങ്ങനെ പുറത്തു പറയും? മുഖ്യമന്ത്രിയുടെ മകളുടെ ഐടി കമ്പനിയുമായി ബന്ധപ്പെട്ടു നടക്കുന്നത് വ്യാജ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.

കമ്പനി വാങ്ങിയ പണത്തിനു സേവനം നൽകിയിട്ടുണ്ട്. കുടുംബാംഗങ്ങളുടെ അക്കൗണ്ട് പാർട്ടിയുടെ കണക്കിൽ പെടുത്തേണ്ട. മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലം പരിശോധിക്കുന്നതിൽ എതിർപ്പില്ല. പാർട്ടിക്ക് ഒന്നും മറച്ചു വയ്ക്കാനില്ല. കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ കാര്യം വന്നപ്പോൾ സിപിഎം നിലപാടെടുത്തല്ലോ. അതാണ് ഇപ്പോഴത്തെയും നിലപാട്. അക്കാര്യത്തിൽ ഒരു മൗനവുമില്ല.

മുഖ്യമന്ത്രിയുടെ കുടുംബത്തിനു നേരെയാണ് ഇപ്പോൾ മാധ്യമങ്ങളുടെയടക്കം ആക്രമണം. ഇതിന്റെ ശരിയായ വശം വ്യക്തമായി പറഞ്ഞു കൊടുത്തിട്ടും മനസ്സിലാകാത്തതു പോലെ നടിക്കുകയാണ്. എന്തെങ്കിലും മിണ്ടിയാലും ഇല്ലെങ്കിലും മാധ്യമങ്ങൾക്കു പ്രശ്‌നമാണ്. മാധ്യമങ്ങൾക്കു കമ്യൂണിസ്റ്റ് വിരുദ്ധതയുണ്ട്. വലതുപക്ഷ ആശയങ്ങളെയാണു മാധ്യമങ്ങൾ പിന്തുണയ്ക്കുന്നത്. ഇതുപോലെ വേറെ എവിടെയുമില്ല.

സർക്കാരിനെ കടന്നാക്രമിക്കാമെന്ന ധാരണയിൽ നേതാക്കളുടെ മക്കൾക്കു നേരെ ആരോപണം നടത്തുന്ന വ്യത്യസ്തമായ മാർഗമാണു വലതുപക്ഷ മാധ്യമങ്ങളും അവരുടെ കൂട്ടാളികളും സ്വീകരിക്കുന്നത്. പണ്ട് കോട്ടയത്തുനിന്നും കോഴിക്കോട്ടുനിന്നുമായിരുന്നു പത്രത്തിന്റെ തലക്കെട്ട്. ഇപ്പോൾ കോടികൾ വാങ്ങി ഇവന്റ് മാനേജ്‌മെന്റാണു തലക്കെട്ടുകൾ തീരുമാനിക്കുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു.

കഴിഞ്ഞ ദിവസം തൃശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ എം.വി ഗോവിന്ദൻ മുഖ്യമന്ത്രിയുടെ മകൾക്ക് കരിമണൽ കമ്പനിയിൽ നിന്നും ലഭിച്ച മാസപ്പടി സംബന്ധിച്ച ഏഷ്യാനെറ്റ് റിപ്പോർട്ടറോട് ക്ഷോഭത്തോടെ പ്രതികരിച്ചിരുന്നു. ചോദ്യവുമായി ബന്ധവുമില്ലാത്ത ഉത്തരങ്ങൾ പറഞ്ഞുകൊണ്ടായിരുന്നു പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ഒഴിഞ്ഞു മാറാൽ.

രണ്ടു കമ്പനികൾ തമ്മിലുള്ള നിയമപ്രകാരമായ കരാറിന്റെ ഭാഗമായാണ് വീണ പണം കൈപ്പറ്റിയതെന്നും ഇതു നിയമപരമായ നടപടിയാണെന്നുമായിരുന്നു എം.വി ഗോവിന്ദന്റെ വാദം. വീണയുടെ എക്സാലോജിക്കിൽ നിന്നും കരിമണൽ കനിക്ക് സേവനം ലഭിച്ചിട്ടുണ്ടെന്നും അതിനവർ പണം നൽകിയിട്ടുണ്ടെന്നും അതു ബാങ്ക് അക്കൗണ്ടുവഴിയാണ് നൽകിയതെന്നുമായിരുന്നു എം.വി ഗോവിന്ദൻ വിശദീകരിച്ചത്. നിയമപരമായി അടയ്ക്കേണ്ട ടി. ഡി.എസ് ഉൾപ്പെടെ അടച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത മാധ്യമപ്രവർത്തകരോടാണ് അദ്ദേഹം ക്ഷോഭിച്ചത്.

ഇതുവിവാദമായതിനെ തുടർന്നാണ് കണ്ണൂരിൽ മാധ്യമങ്ങൾക്ക് നേരെ അതിരൂക്ഷമായ വിമർശനവുമായി വീണ്ടും പാർട്ടി സെക്രട്ടറി രംഗത്തു വന്നത്.