പാലക്കാട്: സ്വകാര്യ മേഖല പാടില്ലെന്ന് പറഞ്ഞല്ല പണ്ട് സമരം നടത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇ.എം.എസ്സിന്റെ കാലം തൊട്ടേ ഇവിടെ സ്വകാര്യ മേഖലയുണ്ട്. ആഗോള തലത്തിലാണ് സ്വകാര്യ മേഖലയെ എതിർത്തത്. സ്വകാര്യ മൂലധനത്തെ അന്നും എതിർത്തിട്ടില്ല ഇന്നും എതിർത്തിട്ടില്ല ഇനി എതിർക്കുകയും ഇല്ല.

വിദ്യാഭ്യാസ മേഖലയിലുൾപ്പെടെ എല്ലാ തലത്തിലും സ്വകാര്യ മേഖലയുണ്ട്. ഇതൊരു മുതലാളിത്ത സമൂഹമാണെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ ഭരണം നടത്തുന്നതിനാൽ ഇതൊരു സോഷ്യലിസ്റ്റ് ഭരണസംവിധാനമാണെന്ന് തെറ്റിദ്ധരിക്കേണ്ടെന്നും കേരള എൻജിഒ യൂണിയൻ ചിറ്റൂർ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

ഇന്ത്യ എന്ന് പറയുന്നത് ഏറ്റവും വലിയ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു ഭരണകൂട വ്യവസ്ഥയാണ്. ഇവിടെ, സമ്പന്നർ കൂടുതൽ സമ്പന്നരാകുകയും ദരിദ്രർ കൂടുതൽ ദരിദ്രരാകുകയും ചെയ്യുന്നു. തങ്ങൾ ആഗോളവത്കരണത്തെയാണ് എതിർത്തത്. ഇന്ത്യ കുത്തകമുതലാളിത്വത്തിന്റെയും പല മൂലധനശക്തികളുടേയും താത്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു ഭരണകൂടവ്യവസ്ഥയാണ്.

'ഭരണകൂടത്തിന് മൂന്ന് പ്രധാനപ്പെട്ട ഭാഗങ്ങളുണ്ട്. എക്സിക്യൂട്ടിവ്, ജുഡീഷ്യറി, ലെജിസ്ലേച്ചർ. മാധ്യമ ശൃംഖലകളേയും അതിനൊപ്പം ചോർത്തു പറയാം, ഫോർത്ത് എസ്റ്റേറ്റ്. അഞ്ചുവർഷത്തിലൊരിക്കൽ തിരഞ്ഞെടുപ്പ് നടത്തി അധികാരത്തിൽ വരാനും പുറത്ത് പോകാനും സാധിക്കുന്നത് അസംബ്ലിക്ക് മാത്രമാണ്. മറ്റൊന്നിനും മാറ്റമുണ്ടാകുന്നില്ല. ഭരണകൂടവ്യവസ്ഥയുടെ നാലിലൊന്നായ സർക്കാർ സംവിധാനത്തിന്റെ ഭാഗമായി കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തി എന്നതുകൊണ്ട്, തൊഴിലാളി വർഗം മുന്നോട്ട് വച്ച എല്ലാ മുദ്രാവാക്യങ്ങളും നടപ്പിലാക്കാൻ സർക്കാരിനാകുമെന്ന തെറ്റിദ്ധാരണ ഞങ്ങൾക്കില്ല', എം.വി ഗോവിന്ദൻ പറഞ്ഞു.