- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിച്ച് പ്രചരിപ്പിച്ചു; കനുഗോലുവിന്റെ സിദ്ധാന്തമാണ് അതിന് പിന്നിൽ; ഞാൻ പറഞ്ഞ കാര്യത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു; കളമശേരി സംഭവത്തിലെ വിവാദ പ്രസ്താവനയിൽ കെപിസിസി കേസ് കൊടുത്തതിൽ എം വി ഗോവിന്ദൻ
തിരുവനന്തപുരം: കളമശ്ശേരി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് താൻ നടത്തിയ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് നേതൃത്വം നൽകുന്ന കനുഗോലുവിന്റെ 'സിദ്ധാന്തമാണ്' തന്റെ പ്രസ്താവനയെ തെറ്റിദ്ധരിപ്പിച്ച് പ്രചരിപ്പിച്ചതിന് പിന്നിലെന്നും ഗോവിന്ദൻ പറഞ്ഞു. കളമശ്ശേരി സംഭവത്തെ കുറിച്ച് ആദ്യ പ്രതികരണം നടത്തുമ്പോൾ ഫലസ്തീൻ പ്രശ്നങ്ങളുമായി ബന്ധപ്പെടുത്തി എം വിഗോവിന്ദൻ സംസാരിച്ചത് വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഗോവിന്ദനെതിരെ കേസെടുക്കണമെന്നാശ്യപ്പെട്ട് കോൺഗ്രസ് പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
താൻ നടത്തിയ പ്രസ്താവന ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ വിശദീകരിക്കുകയും ചെയ്തു. കളമേശ്ശരി സംഭവം നടക്കുന്ന സന്ദർഭത്തിൽ ഡൽഹിയിൽ കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുകയായിരുന്നു താനും മുഖ്യമന്ത്രി അടക്കമുള്ളവരും. അത് കഴിഞ്ഞ് എകെജി ഭവന് മുന്നിൽ ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ധർണയ്ക്ക് പോകുന്ന ഘട്ടത്തിലാണ് മാധ്യമ പ്രവർത്തകർ ചില കാര്യങ്ങൾ ചോദിക്കുന്നതെന്നും ഗോവിന്ദൻ വ്യക്തമാക്കി.
'ലോകമെമ്പാടും ഫലസ്തീൻ ജനങ്ങളോട് ഒത്തുചേർന്ന് മുന്നോട്ട് പോകുന്ന ഇന്നത്തെ ലോകപശ്ചാത്തലത്തിൽ കേരള ജനത ഒന്നടങ്കം അവർക്കൊപ്പം നിന്ന് പൊരുതുമ്പോൾ, അതിൽ നിന്ന് ജനശ്രദ്ധമാറ്റാൻ പര്യാപ്തമാകുന്ന ഭീകരമായ നിലപാട് ആരുടെ ഭാഗത്ത് നിന്നുണ്ടായാലും കർശനമായ നിലപാട് സ്വീകരിച്ചുകൊണ്ട് അതിനെതിരായി സർക്കാരും ജനാധിപത്യബോധമുള്ള മനുഷ്യരും ഒറ്റക്കെട്ടായി അഭിമുഖീകരിക്കേണ്ടതുണ്ട്, ഇതാണ് ഞാൻ നടത്തിയ പ്രസ്താവന, അപ്പോൾ,ഫലസ്തീൻ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണോ ഈ സംഭവമെന്ന് വിലയിരുത്തലെന്ന് പത്രക്കാർ ചോദിച്ചു. രാഷ്ട്രീയമായി പരിശോധിച്ചാൽ ഇങ്ങനെയുള്ള സാഹചര്യത്തിൽ ഇത്തരത്തിലുള്ള ദാരുണ സംഭവം സംബന്ധിച്ച് ഗൗരവപൂർവ്വമായ പരിശോധന നടത്തണം.സർക്കാർ പരിശോധിച്ച് കർശനമായി നടപടി എടുക്കും' വാർത്താസമ്മേളനത്തിൽ എം വിഗോവിന്ദൻ പറഞ്ഞു.
ഞാൻ പറഞ്ഞ ഈ കാര്യം പലരീതിയിൽ വ്യഖ്യാനിച്ചതിന്റെ ഭാഗമാണ് കെപിസിസി സൈബർ സെൽ എനിക്കെതിരെ കേസ് കൊടുത്തു എന്ന് പറയുന്നത്. ഞാൻ പറഞ്ഞ കാര്യത്തിൽ ഇപ്പോഴും ഉറച്ച് നിൽക്കുകയാണ്. ബോംബ് സ്ഫോടനം നടന്ന് കാര്യങ്ങൾ മനസ്സിലാക്കുന്നതിന് മുമ്പ് എന്താണ് സംഭവമെന്ന് പറയുകയും ജനശ്രദ്ധ മാറ്റുന്നതിന് വേണ്ടിയാണെന്ന് പറഞ്ഞ് നിർത്തിയപ്പോഴാണ് അതിൽ ഇത്തരത്തിലുള്ള ചോദ്യം ഉന്നയിക്കുകയും മറുപടി നൽകുകയും ചെയ്തത്. അതിനെ തെറ്റായ പ്രചാരണം നടത്തുന്നതിന് വേണ്ടിയാണ് ഉപയോഗിച്ചത്.
കേസ് നിയമപരമായി നേരിടുന്നതിൽ പ്രശ്നമില്ല. അത് എവിടേയും നിൽക്കുന്ന കേസല്ല. എന്നാൽ വർഗീയ നിലപാട് സ്വീകരിച്ച രാജീവ് ചന്ദ്രശേഖറിനെ ആ കേസിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ് വിചിത്രമായ കാര്യമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി.
ബിജെപിക്കെതിരെ ഒരു നിലപാടും സ്വീകരിക്കാതെ എനിക്കെതിരെ പരാതി കൊടുത്തുവെന്ന് പറയുന്നത് ഇവർ തമ്മിലുള്ള ചങ്ങാത്തം കൃത്യമായി വ്യക്തമാക്കുന്നു. ഇതിന്റെയെല്ലാം പിന്നിൽ ആസൂത്രിതമായ ചില നീക്കങ്ങളുണ്ട്. അതാണ് കനുഗോലു സിദ്ധാന്തം, എന്ത് കളവും വ്യാപകമായി പ്രചരിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന ധാരണ വരുത്തി തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായി ഇപ്പോഴേ കാര്യങ്ങൾ അവതരിപ്പിച്ചു വരുന്ന സമീപനമാണ് കാണുന്നതെന്നും എം വിഗോവിന്ദൻ വ്യക്തമാക്കി.
കേരളത്തിൽ കഴിഞ്ഞ കുറച്ച് കാലമായി ന്യൂനപക്ഷ ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കുക എന്ന അജണ്ട സംഘപരിവാർ നടപ്പിലാക്കാൻ നോക്കുന്നുണ്ട്. എന്നാൽ മതനിരപേക്ഷതയുടെ ശക്തമായ അടിത്തറയിൽ കെട്ടിപ്പൊക്കിയ നമ്മുടെ സമൂഹത്തിൽ അത് ഏശാതെ പോകുകയാണെന്നും എം വിഗോവിന്ദൻ പറഞ്ഞു.
സംസ്ഥാന ഒന്നടങ്കം അപലപിച്ച് സംഭവത്തിൽ വർഗീയ ധ്രുവീകരണത്തിന് ചില ശക്തികൾ ശ്രമിച്ചു. സംസ്ഥാന വർഗീയ സംഘർഷം സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാകുമോ എന്ന ഇവരുടെ ഉള്ളിലിരിപ്പാണ് യഥാർത്ഥത്തിൽ പുറത്ത് വന്നത്. വർഗീയതയ്ക്കെതിരെ കേരളത്തിലെ പ്രതിപക്ഷവും ഭരണപക്ഷവും യോജിച്ച നിലപാടാണ് സ്വീകരിച്ചത്. കേരളത്തിന്റെ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ കരുത്ത് ഒരിക്കൽകൂടി വ്യക്തമാക്കുന്നതായിരുന്നു അത്. ഐക്യനിര രൂപപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ച് ചേർത്തത്.
കേരള ജനത അഭിമാനത്തോടെയാണ് ഈ നിലപാടുകളെ കണ്ടത്. എന്നാൽ ഈ നിലപാടുകൾക്ക് വിരുദ്ധമായ നിലപാടാണ് ആർഎസ്എസിന്റേയും ബിജെപിയുടേയും നേതാക്കൾ സ്വീകരിച്ചത്. അത് ഇവരുടെ അജണ്ടകൾ വ്യക്തമാക്കുന്നതാണ്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്. ഒരു കേന്ദ്രമന്ത്രിയെന്ന നിലയിൽ നിരുത്തരവാദപരമായ സമീപനമാണ് അദ്ദേഹത്തിന്റെ ഭാഗത്ത്നിന്നുണ്ടായത്. കേരളത്തെ കലാപഭൂമിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പ്രസ്താവനകൾ നടത്തിയത്.
കേരളത്തിന്റെ സാമൂഹ്യവികസനത്തിൽ ഒരു പങ്കുമില്ലാത്ത സംഘടനയാണ് ആർഎസ്എസും ബിജെപിയും. എന്നാൽ ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമത്തിൽ അവർ മുന്നിലാണ്. പാർലമെന്റിൽ പോലും ബിജെപി അംഗങ്ങൾ വംശീയഅധിക്ഷേപം നടത്തുന്ന സ്ഥിതിയാണ്. മുസ്ലിം വംശഹത്യക്കുള്ള ആഹ്വാനം നടത്തുകയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ. ഒരു വർഗീയതയേയും താലോലിക്കുന്ന നിലപാട് സിപിഎമ്മിനോ സർക്കാരിനോ ഇല്ല.
സീതാറാം യെച്ചൂരി എം വിഗോവിന്ദന്റെ നിലപാട് തള്ളിയെന്ന് ചില മാധ്യമങ്ങൾ വാർത്ത നൽകുകയുണ്ടായി. അസംബന്ധ വാർത്തയായിരുന്നു അത്. യെച്ചൂരി പറഞ്ഞത്, ഫലസ്തീൻ പ്രശ്നത്തിലെ പാർട്ടി നിലപാടിനെ സംബന്ധിച്ചാണ്. 'കേന്ദ്ര കമ്മിറ്റി ഇത് ചർച്ച ചെയ്ത് ഒരു പൊതുതീരുമാനം എടുത്തിട്ടുണ്ട്. ആ പൊതുതീരുമാനമാണ് പാർട്ടിയുടെ നയം'. ഈ നയം തന്നെയാണ് കേരളത്തിലെ പാർട്ടിയും ഞങ്ങളെല്ലാവരും മുന്നോട്ട് വെച്ചിട്ടുള്ളത്. അതിന് മുമ്പ് ആരെങ്കിലും ഇതിന് വിരുദ്ധമായി നിലപാട് എടുത്തിട്ടുണ്ടെങ്കിൽ അതെല്ലാം അപ്രസക്തമായിരിക്കുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.




