തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചെന്ന ആരോപണത്തിൽ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വ്യാജതിരിച്ചറിയൽ കാർഡ് നിർമ്മിച്ച് വോട്ടുചെയ്തു എന്നത് നിലവിലെ സാഹചര്യത്തിൽ വളരെ ഗൗരവതരമായ കാര്യമാണെന്ന് ഗോവിന്ദൻ പറഞ്ഞു.

ഇത്തരത്തിലാണെങ്കിൽ,വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ എത്ര ലക്ഷം കാർഡ് ഉണ്ടാക്കാൻ സാധിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ളവർ ഗൗരവത്തോടെ കണ്ട് വിഷയത്തിൽ ഇടപെടണം. പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ നടത്തിയിരിക്കുന്ന ഈ മോഡൽ ജനത്തെ സംബന്ധിച്ച് വലിയ ആശങ്കയുണ്ടാക്കുന്നതാണ്.ഇത് സംബന്ധിച്ച അന്വേഷണം ആവശ്യമായ രീതിയിൽ തന്നെ നടത്തണമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

കേന്ദ്രം സംസ്ഥാന സർക്കാരിനെതിരെ സാമ്പത്തിക ഉപരോധമാണ് സംഘടിപ്പിക്കുന്നതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കേരളത്തോടുള്ള അവഗണന തുറന്നുകാണിക്കാനും ഇത് ജനത്തിന് മുന്നിൽ അവതരിപ്പിക്കാനും, ഒരു വർഷത്തിൽ സംസ്ഥാനത്തിന് കിട്ടേണ്ടിയിരുന്ന 70,000 കോടി രൂപ പല ഇനങ്ങളിലായി കിട്ടാതിരിക്കുകയും അത് സൃഷ്ടിച്ച പ്രതിസന്ധി ജനത്തോട് സംവേദിക്കാനും ഒരു ജനകീയ സർക്കാർ തയ്യാറാകുന്നു എന്നത് പ്രധാന കാര്യമാണ്. നവകേരള സൃഷ്ടിക്ക് തടസം നിൽക്കുന്ന എല്ലാ ഘടകങ്ങളെ സംബന്ധിച്ചും ജനങ്ങളോട് സംവേദിക്കാൻ സാധിക്കും.

കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അട്ടിമറിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ വളരെ പ്രധാനപ്പെട്ട ഒരു ജാഗ്രത ഈ സദസിന്റെ ഭാഗമായി രൂപപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. ജനത്തിന് പറയാനുള്ളത് പറയാനും അവർ പറയുന്നത് കേൾക്കാനുമാകുന്ന, ജനാധിപത്യ ചരിത്രത്തിലെ പുതിയ കാൽവെയ്‌പ്പ് എന്ന രീതിയിൽ ഇതിനെ കാണാൻ സാധിക്കുന്നതാണ്. തെറ്റായ വാർത്തകളും പ്രചരണവും സർക്കാരിനെതിരെ നടത്തുന്ന സമയത്താണ് ഇത്തരം ഒരു ചർച്ച സർക്കാർ മുന്നോട്ടുവയ്ക്കുന്നത്.- അദ്ദേഹം വ്യക്തമാക്കി

ഫലസ്തീൻ ഐക്യദാർഢ്യത്തിന്റെ വലിയ പ്രചാരണം നടന്നുവരികയാണ്. കക്ഷി രാഷ്ട്രീയത്തിനതീതമായി ജനം ഇതിൽ പങ്കെടുക്കുന്നു എന്നതാണ് സവിശേഷത. വിലക്ക് കൽപ്പിച്ച പാർട്ടികളുടെ സാധാരണ ജനങ്ങൾ ഈ പരിപാടിയിൽ ആവേശത്തോടെ പങ്കടുക്കുന്നു എന്നതാണ് ഫലസ്തീൻ ഐക്യദാർഢ്യത്തിന്റെ പ്രധാന പ്രത്യേകത.സാർവദേശീയ ഐക്യദാർഢ്യം തന്നെയാണ് സിപിഐ എം മുന്നോട്ടുവയ്ക്കുന്നത്.ഏത് മുന്നണിയിൽ നിൽക്കുന്നവർക്കും ഒരുമിച്ചുചേർന്ന് മുന്നോട്ടുപോകാവുന്നതാണത്.

വർഗീയവാദികളേയും കോൺഗ്രസിനേയും മാത്രമെ ഒഴിച്ചുനിർത്തിയിട്ടുള്ളു. സഹകരണ മേഖലയിൽ കക്ഷിരാഷ്ട്രീയത്തിനപ്പുറത്ത് സഹകരിക്കുന്നവരെയെല്ലാം സഹകരിപ്പിച്ച്; കേന്ദ്രസർക്കാർ സഹകരണ മേഖലയെ തകർക്കുന്നതിനെതിരെ എല്ലാവരേയും ചേർത്ത് മുന്നോട്ടുകൊണ്ടുപോകുന്ന രീതിയാണ് കൈകൊള്ളുന്നത്. വലിയ രീതിയിൽ ഓരോ ജില്ലയിലും അത് നടന്നുവരികയാണ്.

മനുഷ്യ സമൂഹത്തോട് മുഴുവൻ പ്രണയമുള്ളവരാണ് മാർക്സിസ്റ്റുകാർ. അല്ലാതെ ഏതെങ്കിലുമൊരു മതക്കാരോടോ വിഭാഗക്കാരോടോ ജാതിക്കാരോടോ പ്രത്യേകം മമതയോ ശത്രുതയോ ഇല്ല. രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ കൊള്ളയടിക്കുന്ന ഒരു ശതമാനം വരുന്നവരാണ് രാജ്യത്തിന്റെ പരമശത്രു. ബാക്കിയുള്ളവരോട് ഐക്യപ്പെടുന്നതിനോട് ഒരുമടിയുമില്ലെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.