- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാമക്ഷേത്ര ഉദ്ഘാടനത്തിന് പോകില്ലെന്ന കോൺഗ്രസ് തീരുമാനം സ്വാഗതാർഹം
കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടന ചടങ്ങിൽനിന്ന് വിട്ടുനിൽക്കുമെന്ന കോൺഗ്രസ് നിലപാട് സ്വാഗതാർഹമാണെന്ന് സിപിഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോൺഗ്രസിന്റെ നിലപാടുമാറ്റം ഇടതുപക്ഷ സ്വാധീനം കാരണമാണെന്നും എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. അതേസമയം അയോധ്യയിലെ ചടങ്ങുകൾ രാഷ്ട്രീയ താത്പര്യത്തോടെയാണ് എന്നു പറഞ്ഞ സിപിഎം. സംസ്ഥാന സെക്രട്ടറി എൻ.എസ്.എസ്. നിലപാട് തള്ളുകയും ചെയ്തു.
എല്ലാവരോടുള്ള പൊലീസിന്റെയും ഭരണകൂടത്തിന്റെയും നിലപാട് ഒരുപോലെയാണെന്നും രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതികരിച്ച് എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. അസുഖമാണെന്ന് പറഞ്ഞ് രാഹുൽ കോടതിയിൽ പോയപ്പോൾ കോടതിയാണ് അത് ശരിയല്ലെന്ന് പറഞ്ഞത്. രാഹുലിന്റെ ആദ്യ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് ഇപ്പോൾ തെളിഞ്ഞു. നേതൃത്വത്തിന്റെ ഭാഗമായി നിൽക്കുന്നവർക്ക് ആർജവം വേണം.
എല്ലാവരോടും പൊലീസും ഭരണകൂടവും എടുക്കുന്ന നിലപാട് ഒരുപോലെ തന്നെയാണ്. അതിൽ ഭരണപക്ഷം, പ്രതിപക്ഷം എന്നില്ല. മുത്തങ്ങ കേസിന്റെ സമയത്ത് എം. എൽ.എയായ എന്റെ കൈ അടിച്ചൊടിച്ചതാണ്, എം വി ഗോവിന്ദൻ പറഞ്ഞു.
രാമക്ഷേത്രവിഷയത്തിൽ കോൺഗ്രസ് നിലപാട് സ്വാഗതാർഹമാണ്. കോൺഗ്രസിന്റെ നിലപാട് മാറ്റം ഇടതുപക്ഷ സ്വാധീനം കാരണമാണ്. ഇന്ത്യ മുന്നണിക്ക് ഒരു പടി മുന്നോട്ട് പോകാൻ കഴിഞ്ഞു. രാഷ്ട്രീയ താത്പര്യത്തോടെയാണ് അയോധ്യയിൽ പരിപാടി നടക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാതിരിക്കുന്നത് ഈശ്വര നിന്ദയല്ല. അമ്പലത്തിലും പള്ളിയിലും പോകാൻ എല്ലാവർക്കും അവകാശം ഉണ്ടെന്നും വിശ്വാസികളുടെ താല്പര്യം സംരക്ഷിക്കുന്നതാണ് സിപിഎമ്മിന് പ്രധാനമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.