- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇ ഡിയും സിബിഐയും സിപിഎം നേതാക്കളെയും ബന്ധുക്കളെയും ലക്ഷ്യമിടുന്നു
തിരുവനന്തപുരം: മന്ത്രിമാർക്കും ബന്ധുക്കൾക്കുമെതിരെ ആരോപണങ്ങൾ ഓരോന്നായി പുറത്തുവരികയും കേന്ദ്ര ഏജൻസികളുടെ റഡാറിലാകുകയും ചെയ്തതോടെ പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കാൻ ഒരുങ്ങി സിപിഎം. മുഖ്യമന്ത്രിക്കെതിരെ തന്നെ ആരോപണങ്ങൾ തിരിയുന്ന അവസ്ഥയിൽ പ്രതിരോധം കടുപ്പിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തി. സിപിഎം നേതാക്കൾക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരെയുമുള്ള അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇ ഡിയും സിബിഐയും അന്വേഷണത്തിന് വരുന്നത്. സിപിഎം നേതാക്കളെയും ബന്ധുക്കളെയും ലക്ഷ്യമിടുന്നു. സിപിഐ എമ്മിന് ഭരണമുള്ള സംസ്ഥാനം എന്ന നിലയിൽ കേരളത്തിലെ നേതാക്കൾക്കും അവരുടെ ബന്ധുക്കൾക്കുമെതിരെയാണ് ഇഡിയും കേന്ദ്ര കമ്പനിവകുപ്പും തിരിഞ്ഞിട്ടുള്ളത്. കിഫ്ബിക്കും തോമസ് ഐസക്കിനും എതിരെ ഇഡി നടത്തുന്ന നീക്കങ്ങളും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ കേന്ദ്ര കമ്പനിവകുപ്പ് പ്രഖ്യാപിച്ച അന്വേഷണവും കരുവന്നൂർ വിഷയത്തിൽ മന്ത്രി പി രാജീവിനെതിരെയുള്ള ഇഡി നീക്കവും ഇതിന്റെ ഭാഗമാണെന്നും ഗോവിന്ദൻ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ ആരോപിക്കുന്നു.
രാഷ്ട്രീയ പ്രേരിതമാണ് ഈ അന്വേഷണങ്ങൾ. അതുകൊണ്ടുതന്നെ ഇത്തരം അന്വേഷണങ്ങളെ ഭയക്കുന്നില്ല. അതിനെ രാഷ്ട്രീയമായിത്തന്നെ നേരിടും. പ്രതിപക്ഷമുക്ത ഭാരതം എന്ന ലക്ഷ്യം നേടാൻ ബിജെപിയും കേന്ദ്ര സർക്കാരും നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് കേരളത്തിലെ സിപിഐ എം നേതാക്കൾക്കെതിരെ നടത്തുന്നതും. ഇതിനെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ. സിപിഐ എമ്മിനെ വേട്ടയാടാൻ മോദിക്കും ബിജെപിക്കും പിന്തുണ നൽകുന്ന കെപിസിസിയുടെ നിലപാട് സ്വന്തം ശവക്കുഴി കുഴിക്കുന്നതിന് സമാനമാണെന്ന് അവരെ ഓർമിപ്പിക്കട്ടെ.
ഇടതുപക്ഷത്ത തോൽപ്പിക്കാൻ കോൺഗ്രസ് -ബിജെപിയുമായി ചേർന്ന് നടത്തുന്ന ഈ നീക്കം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയും. കേന്ദ്ര അവഗണനയ്ക്കെതിരെ യോജിച്ച പോരാട്ടത്തിന് യുഡിഎഫ് തയ്യാറാകാത്തതിന്റെ രാഷ്ട്രീയവും ഈ അന്തർധാര കാരണമാണ്. രാഷ്ട്രീയ പ്രേരിതമായ അന്വേഷണങ്ങളെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന കോൺഗ്രസ് നിലപാട് സ്വന്തം ശവക്കുഴി കുഴിക്കുന്നതിന് സമാനമാണെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.
ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലെ പ്രസക്ത ഭാഗങ്ങൾ
പതിനെട്ടാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് ആരംഭിച്ചതോടെ മോദി സർക്കാരിന്റെ കീഴിലുള്ള അന്വേഷണ ഏജൻസികളും സജീവമായി. അയോധ്യയിലെ പ്രതിഷ്ഠാചടങ്ങ് വലിയ സംഭവമാക്കി ഭൂരിപക്ഷ മതത്തിന്റെ വോട്ട് നേടാൻ ഒരു വശത്ത് ശ്രമിക്കുമ്പോൾത്തന്നെയാണ് പ്രതിപക്ഷനേതാക്കൾക്കെതിരെ കൽപ്പിത കഥകൾ ചമച്ച് അന്വേഷണ ഏജൻസികളെ കയറൂരി വിട്ടിട്ടുള്ളത്. ഇപ്പോൾ ഈ ഏജൻസികൾ കേരളത്തിലെ എൽഡിഎഫ് സർക്കാരിനെതിരെയും ഇല്ലാക്കഥകൾ പ്രചരിപ്പിച്ച് അന്വേഷണപ്രഹസനം നടത്തുകയാണ്.
കേന്ദ്രത്തിലും ഒരു ഡസനിലധികം സംസ്ഥാനങ്ങളിലും അധികാരം കൈയാളുന്ന ബിജെപിയുടെ നേതാക്കൾക്കോ മന്ത്രിമാർക്കോ ഉദ്യോഗസ്ഥർക്കോ എതിരെ ഈ നിമിഷംവരെയും ഏജൻസികൾ ഒരു ചെറുവിരലുപോലും അനക്കിയിട്ടില്ല എന്നത് അവരുടെ പക്ഷപാതിത്വം ആരോടാണ് എന്ന് വ്യക്തമാക്കുന്നു. ബിജെപി സർക്കാരുകൾക്കെതിരെ കഴിഞ്ഞ ഒമ്പതു വർഷത്തിനകം നിരവധി അഴിമതി ആരോപണങ്ങൾ ഉയരുകയുണ്ടായി. റഫാൽ, പെഗസ്സസ്, അദാനി ഓഹരി തട്ടിപ്പ് തുടങ്ങി ലോകശ്രദ്ധ പിടിച്ചുപറ്റിയ അഴിമതിക്കേസുകൾ ഉയർന്നുവന്നിട്ടും ഈ ഏജൻസികൾ ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയില്ല. വ്യാപം, ഉജ്ജയിൻ ഭൂമിതട്ടിപ്പ്, കർണാടകത്തിലെ 40 ശതമാനം കമ്മിഷൻ തുടങ്ങി പല അഴിമതികളും ബിജെപി ഭരണം നടത്തിയ സംസ്ഥാനങ്ങളിൽ ഉയർന്നുവരികയുണ്ടായി. അതേക്കുറിച്ച് അന്വേഷിക്കാനും ഈ ഏജൻസികൾ തയ്യാറായില്ല.
അന്വേഷണ ഏജൻസികൾ ലക്ഷ്യമിടുന്ന പ്രതിപക്ഷ നേതാക്കൾ ബിജെപിയുമായി സഹകരിക്കാൻ തയ്യാറായാൽ ആ നിമിഷം എല്ലാ അന്വേഷണവും കേസും ഇല്ലാതാക്കുന്നതും മോദിയുഗത്തിന്റെ പ്രത്യേകതയാണ്. അഴിമതിക്കാരെന്ന കറ കഴുകിക്കളയുന്ന വാഷിങ് മെഷീനാണ് ബിജെപിയെന്ന വിശേഷണംപോലും വന്നത് ഈ പശ്ചാത്തലത്തിലാണ്. പ്രതിപക്ഷമുക്ത ഭാരതം എന്ന ലക്ഷ്യം നേടാൻ ആർഎസ്എസ് ബിജെപിയെ സഹായിക്കുകയാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ. ബിജെപിയും വിഎച്ച്പിയും ബജ്റംഗ്ദളും എബിവിപിയുംപോലെ സംഘപരിവാറിലെ ഒരു സംഘടനയായി മാറിയിരിക്കുകയാണ്, എന്റെയും നിങ്ങളുടെയും നികുതിപ്പണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ അന്വേഷണ ഏജൻസികൾ. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഈ ഏജൻസികൾ നടത്തുന്ന നീക്കങ്ങൾ അതിവിപുലമാണ്. രാജ്യത്തെ പ്രമുഖരായ പ്രതിപക്ഷ നേതാക്കൾക്കെതിരെ ധൃതിപിടിച്ച് നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്.
ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ മദ്യനയ കേസിൽ അറസ്റ്റ് ചെയ്യാനാണ് ഇപ്പോഴത്തെ നീക്കം എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലും മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിലും ബിജെപിയെ ദയനീയമായി പരാജയപ്പെടുത്തിയതിലുള്ള രാഷ്ട്രീയ വിരോധമാണ് കെജ്രിവാളിനെതിരെയുള്ളത്. ചോദ്യം ചെയ്യാനായി നാലാം തവണയും ഇഡി സമൻസ് അയച്ചിരിക്കുകയാണിപ്പോൾ. രാഷ്ട്രീയ ലക്ഷ്യത്തോടെ ബിജെപി നിർദ്ദേശിച്ചതനുസരിച്ചാണ് സമൻസ് എന്ന് കുറ്റപ്പെടുത്തി കഴിഞ്ഞ മൂന്നുതവണയും കെജ്രിവാൾ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് ഡൽഹി മുഖ്യമന്ത്രിയെ ജയിലിലിടാനുള്ള നീക്കമാണ് മോദി സർക്കാരിന്റേത്. നേരത്തേതന്നെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെയും പാർലമെന്റ് അംഗം സഞ്ജയ് സിങ്ങിനെയും ജയിലിലടച്ചിട്ടുണ്ട്. ഇതേ മദ്യനയക്കേസിലാണ് തെലങ്കാനയിലെ മുഖ്യമന്ത്രിയായിരുന്ന കെ ചന്ദ്രശേഖര റാവുവിന്റെ മകൾ കവിതയെ മൂന്നു തവണ ഇഡി ചോദ്യം ചെയ്തത്. ഇതോടെയാണ് ബിആർഎസ് നേതാവുകൂടിയായ ചന്ദ്രശേഖർ റാവു ബിജെപി പക്ഷത്തേക്ക് ചാഞ്ഞതും അവർക്കെതിരെയുള്ള പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ രൂപീകരിക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറിയതും.
ഈ നീക്കങ്ങളുടെ ഭാഗമായാണ് കേരളത്തിലും ഇഡി ചില സിപിഐ എം നേതാക്കൾക്കെതിരെ തിരിഞ്ഞിട്ടുള്ളത്. ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ സഖ്യം 'ഇന്ത്യ'ക്ക് രൂപം നൽകുന്നതിലും അതിന് ഒരു മതനിരപേക്ഷ ഉള്ളടക്കം നൽകുന്നതിലും സിപിഐ എമ്മും ഇടതുപക്ഷവും നിർണായക പങ്കാണ് വഹിക്കുന്നത്. അയോധ്യ വിഷയത്തിലടക്കം അത് പ്രതിഫലിക്കുകയുണ്ടായി. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള മോദിയുടെ രാഷ്ട്രീയ പ്രചാരണ പരിപാടിയുടെ ഭാഗമാണ് ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാചടങ്ങെന്ന് ആദ്യം വിലയിരുത്തിയത് സിപിഐ എമ്മാണ്. മൂന്നാഴ്ച കഴിഞ്ഞിട്ടാണെങ്കിൽപ്പോലും അതേ സമീപനം സ്വീകരിക്കാൻ കോൺഗ്രസ് നേതൃത്വവും നിർബന്ധിതമായി. ഈ രാഷ്ട്രീയ സാഹചര്യത്തിലാണ് സിപിഐ എമ്മിനെതിരെ അന്വേഷണ ഏജൻസികളെ അഴിച്ചുവിടാൻ മോദി തയ്യാറായിട്ടുള്ളത്. സിപിഐ എമ്മിന് ഭരണമുള്ള സംസ്ഥാനം എന്ന നിലയിൽ കേരളത്തിലെ നേതാക്കൾക്കും അവരുടെ ബന്ധുക്കൾക്കുമെതിരെയാണ് ഇഡിയും കേന്ദ്ര കമ്പനിവകുപ്പും തിരിഞ്ഞിട്ടുള്ളത്.
കിഫ്ബിക്കും തോമസ് ഐസക്കിനും എതിരെ ഇഡി നടത്തുന്ന നീക്കങ്ങളും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ കേന്ദ്ര കമ്പനിവകുപ്പ് പ്രഖ്യാപിച്ച അന്വേഷണവും കരുവന്നൂർ വിഷയത്തിൽ മന്ത്രി പി രാജീവിനെതിരെയുള്ള ഇഡി നീക്കവും ഇതിന്റെ ഭാഗമാണ്. രാഷ്ട്രീയ പ്രേരിതമാണ് ഈ അന്വേഷണങ്ങൾ. അതുകൊണ്ടുതന്നെ ഇത്തരം അന്വേഷണങ്ങളെ ഭയക്കുന്നില്ല. അതിനെ രാഷ്ട്രീയമായിത്തന്നെ നേരിടും. പ്രതിപക്ഷമുക്ത ഭാരതം എന്ന ലക്ഷ്യം നേടാൻ ബിജെപിയും കേന്ദ്ര സർക്കാരും നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് കേരളത്തിലെ സിപിഐ എം നേതാക്കൾക്കെതിരെ നടത്തുന്നതും.
ഇതിനെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ. സിപിഐ എമ്മിനെ വേട്ടയാടാൻ മോദിക്കും ബിജെപിക്കും പിന്തുണ നൽകുന്ന കെപിസിസിയുടെ നിലപാട് സ്വന്തം ശവക്കുഴി കുഴിക്കുന്നതിന് സമാനമാണെന്ന് അവരെ ഓർമിപ്പിക്കട്ടെ . ഇടതുപക്ഷത്ത തോൽപ്പിക്കാൻ കോൺഗ്രസ് -ബിജെപിയുമായി ചേർന്ന് നടത്തുന്ന ഈ നീക്കം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയും. കേന്ദ്ര അവഗണനയ്ക്കെതിരെ യോജിച്ച പോരാട്ടത്തിന് യുഡിഎഫ് തയ്യാറാകാത്തതിന്റെ രാഷ്ട്രീയവും ഈ അന്തർധാര കാരണമാണ്.