കണ്ണൂർ: സ്വകാരായ സർവകലാശാലകളുടെ വിഷയത്തിൽ യൂണിവേഴ്‌സിറ്റികളുടെ വിഷയത്തിൽ സർക്കാറിനെ ന്യായീകരിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യവത്കരണം പുതിയതല്ലെന്ന് ഗോവിന്ദൻ പറഞ്ഞു. സ്വകാര്യ മൂലധനം എങ്ങനെ ഉപയോഗിക്കാമെന്നാണ് സർക്കാർ ആലോചിക്കുന്നത്. എല്ലാവരുമായും ചർച്ച ചെയ്ത് ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

സ്വകാര്യമേഖലയിൽ ഇപ്പോൾ തന്നെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട്. അതിനെ കൂടുതൽ ശക്തിപ്പെടുത്തകയാണ് സർക്കാർ ഉദ്ദേശിക്കുന്നത്. വിദ്യാഭ്യാസത്തെ അടിസ്ഥാനപ്പെടുത്തി ഒരു സമ്പദ് വ്യവസ്ഥയാണ് കാണുന്നത്. ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ആധുനിക ശാസ്ത്രശാഖയുമായി ബന്ധപ്പെടുത്തി പുതിയ തരത്തിലുള്ള പഠനരീതി, കോഴ്സ് തുടങ്ങി എല്ലാ സാമൂഹ്യപ്രതിബദ്ധതയോടെ നിർവഹിക്കാനും വിദ്യാഭ്യാസമേഖലയിൽ എല്ലാവരുമായി ചർച്ച ചെയ്ത് ആവശ്യമായ മാറ്റം വരുത്തുമെന്നാണ് സർക്കാർ ബജറ്റിൽ അവതരിപ്പിച്ചതെന്ന് ഗോവിന്ദൻ പറഞ്ഞു. എസ്എഫ്ഐ ഉൾപ്പടെ എല്ലാവരുമായി ചർച്ച ചെയ്യും.

ഒരു നയം മാറ്റവും ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല. സംസ്ഥാനത്തിന് മാത്രം മുഴുവൻ കാര്യങ്ങളും നിർവഹിച്ച് ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥരൂപപ്പെടുത്താൻ കഴിയില്ല. വിദ്യാഭ്യാസമേഖലയിലെ സ്വകാര്യമേഖലയെ ആസുത്രിതമായി എങ്ങനെ മുന്നോട്ടുപോകാമെന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നിർദ്ദേശം. പ്രതിപക്ഷത്തിന്റെത് വിമർശനമല്ല. അത് നിഷേധാത്മകമാണ്. ഒരുതരത്തിലുമുള്ള വികസനം സംസ്ഥാനത്ത് പാടില്ലെന്നതാണ് അവരുടെ നിലപാടെന്നും ഗോവിന്ദൻ പറഞ്ഞു.

ഒരു നയം മാറ്റവും ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല. സംസ്ഥാനത്തിന് മാത്രം മുഴുവൻ കാര്യങ്ങളും നിർവഹിച്ച് ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥരൂപപ്പെടുത്താൻ കഴിയില്ല. ഇന്ത്യ ഒരു മുതലാളിത്ത സമൂഹമാണ്. ആ സമൂഹത്തിന്റെ ഭാഗമായി നിൽക്കുന്ന സർക്കാരിനും ആ കാര്യം കൈകാര്യം ചെയ്യേണ്ടി വരും. ജനകീയ ചൈന പോലും ആ നിലപാടാണ് സ്വീകരിച്ചത്. അടച്ചുകെട്ടിയിട്ടല്ല, എല്ലാവരുമായി ചർച്ച ചെയ്തതാണ് തീരുമാനമെടുക്കുക. കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങൾ ചിലത് അംഗീകരിക്കേണ്ടിവരും. സാമൂഹ്യനിയന്ത്രണത്തെ അടിസ്ഥാനപ്പെടുത്തി എങ്ങനെ വിദ്യാഭ്യാസമേഖലയിൽ സ്വകാര്യമൂലധനം ഉപയോഗിക്കാമെന്നാണ് കാണുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.

നേരത്തെ വിദേശ സർവ്വകലാശാല സംബന്ധിച്ച് പൂർണമായും തീരുമാനത്തിലേക്ക് എത്തിയിട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു പറഞഞിരുന്നു. ധനകാര്യപരമായ സാധ്യതകളെക്കുറിച്ചാണ് ബജറ്റിൽ സംസാരിച്ചതെന്നും ബിന്ദു വിശദീകരിച്ചു. സിപിഎം ദേശീയ നേതൃത്വത്തിന്റെ നയം വിദേശ സർവ്വകലാശാലയ്ക്ക് എതിരാണ്. പാർട്ടി ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയും പിബി അംഗങ്ങളായ എംഎ ബേബിയും വി എസ് വിജയരാഘവനും അതൃപ്തിയിലാണ്. വിജയരാഘവന്റെ ഭാര്യയാണ് മന്ത്രി ബിന്ദു. അതുകൊണ്ട് തന്നെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണത്തിന് തലങ്ങൾ പലതാണ്.

വിദേശ സർവകലാശാല സംബന്ധിച്ച കാര്യം ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിഞ്ഞില്ലെന്ന വാർത്ത മന്ത്രി നിഷേധിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. വകുപ്പ് അറിയാതെയാണോ തീരുമാനമെന്ന് മാധ്യമങ്ങളോട് പറയേണ്ടതില്ലെന്ന് ബിന്ദു പറഞ്ഞു. നയപരമായ കാര്യത്തിൽ ഇപ്പോൾ വിശദീകരണം നൽകാൻ താൻ താത്പര്യപ്പെടുന്നില്ല.തന്റെ വകുപ്പ് തീരുമാനം അറിഞ്ഞില്ലെന്ന കാര്യത്തിൽ മാധ്യമങ്ങൾക്ക് വേവലാതി വേണ്ടെന്നും ബിന്ദു കൂട്ടിച്ചേർത്തു. വിദേശ സർവകലാശാലയുടെ കാര്യത്തിൽ ധനമന്ത്രി പറഞ്ഞത് അന്തിമ തീരുമാനമല്ല. കിട്ടാവുന്ന സാധ്യത ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് ധനമന്ത്രി പറഞ്ഞത്. വിദേശ സർവകലാശാലകളുടെ വാണിജ്യ താത്പര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്. കുട്ടികൾ കബളിപ്പിക്കപ്പെടുമോയെന്നും പരിശോധിക്കണമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം പാർട്ടിയിലേയും സർക്കാരിലേയും ആശയക്കുഴപ്പമാണ് ചർച്ചയാക്കുന്നത്.

ഫീസ് നിശ്ചയിക്കാനും അദ്ധ്യാപകരെ നിയമിക്കാനും സ്വയംഭരണാധികാരം നൽകി വിദേശസർവകലാശാലാ കാംപസുകൾ സ്ഥാപിക്കാനുള്ള യുജിസി. നീക്കത്തെ എതിർക്കുന്നുവെന്നതാണ് സിപിഎം അംഗീകരിച്ച നയം. രാജ്യത്തിന്റെ പരമാധികാരത്തെ ഇകഴ്‌ത്തുന്ന ഈ നടപടി ഉന്നതവിദ്യാഭ്യാസരംഗത്തെ കൂടുതൽ ദുഷിപ്പിക്കും. യുജിസിയുടെ നീക്കം ഉന്നതവിദ്യാഭ്യാസരംഗം നേരിടുന്ന വെല്ലുവിളി നേരിടാൻ സഹായകരമല്ലെന്ന് കഴിഞ്ഞ വർഷം സിപിഎം പരസ്യ നിലപാട് എടുത്തിരുന്നു. ഈ സാഹചര്യത്തിൽ സിപിഎം ഭരണമുള്ള കേരളത്തിൽ ആ രീതി വരുന്നത് സിപിഎമ്മിനെ വലിയ പ്രതിരോധത്തിലാക്കും. നയം മാറ്റേണ്ട സാഹചര്യമില്ലെന്നാണ് സിപിഎം ദേശീയ നേതൃത്വത്തിന്റെ നിലപാട്.