- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശ സർവകലാശാലയെ സിപിഎം അനുകൂലിക്കുന്നില്ലെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ സർവകലാശാല ക്യാംപസുകൾ സ്ഥാപിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിൽ വിവിധ കോണകളിൽ നിന്നും എതിർപ്പ് ശക്തമായതോടെ സിപിഎം പിന്നോട്ട്. ബജറ്റ് പ്രഖ്യാപനത്തിൽ കൂടുതൽ മുന്നോട്ടു പോകേണ്ടെന്ന നിലയിലേക്ക് സിപിഎം നീങ്ങും. ഇടതു നയത്തിൽ വ്യതിയാനം ഉണ്ടായെന്ന വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് സിപിഎം പുനരാലോചന നടത്തുന്നത്. പൊളിറ്റ് ബ്യൂറോയിൽ ചർച്ച ചെയ്ത ശേഷം മാത്രം തുടർനടപടി മതിയെന്നാണ് തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും പിബി വിഷയം പരിഗണിക്കുന്നത്.
വിദേശ സർവകലാശാല വിഷയത്തിൽ സിപിഐ വിയോജിപ്പ് അറിയിച്ചിരുന്നു. നയപരമായി വിയോജിപ്പുണ്ടെന്നാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദനെ അറിയിച്ചത്. മുന്നണി ചർച്ച ചെയ്യാതെ നിർദ്ദേശം നടപ്പിലാക്കരുതെന്നും പറഞ്ഞു. ഇതിനു പിന്നാലെയാണ് തീരുമാനം മരവിപ്പിക്കാൻ സിപിഎമ്മിൽ ധാരണയായത്.
അതേസമയം വിദേശസർവകലാശാലയെ സിപിഐഎം അനുകൂലിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. വിദേശ സർവകലാശാലയും സ്വകാര്യ മൂലധനവും പരിശോധിക്കാം എന്ന് മാത്രമാണ് ബജറ്റിൽ പറഞ്ഞത്. വിദേശ സർവകലാശാലയുടെ കാര്യത്തിൽ എന്ത് വേണമെന്ന് നിലപാടെടുക്കണം എന്നാണ് ചർച്ച. ചില കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കിക്കൊണ്ട് വിദേശ സർവകലാശാലകളുടെ കാര്യം ചർച്ച ചെയ്യണം എന്നാണ് നിലപാടെന്നും വിഷയത്തിൽ പാർട്ടി പിന്നോട്ടെന്ന വാർത്തകളോട് പ്രതികരിക്കവെ എം വി ഗോവിന്ദൻ പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ മൂലധനം നേരത്തെ ആരംഭിച്ചതാണ്. സ്വകാര്യ മേഖലയെ ഫലപ്രദമായി ഉപയോഗിക്കണം. ഏങ്ങനെ ഉപയോഗിക്കണം എന്നതിലാകണം ശ്രദ്ധ. പൊതുവിദ്യാഭ്യാസം നിലനിർത്തണം. തുല്യത വേണം, സുതാര്യതയും വേണം. സർക്കാരും പാർട്ടിയും രണ്ടും ഒന്നല്ല. പാർട്ടിയുടെ മുഴുവൻ നയങ്ങളും സർക്കാരിന് നടപ്പാക്കാനാകില്ല. പാർട്ടിയുടെ നയം ഒരു വശത്ത് നിൽക്കെ ആ പരിമിതിയിൽ നിന്ന് ഉന്നത വിദ്യാഭ്യാസ മേഖലയിൽ എന്ത് ചെയ്യാനാകുമെന്നാണ് ചർച്ചയാകേണ്ടത്. വിദേശ സർവകലാശാല നിലപാടിൽ വേണ്ടത് തുറന്ന നിലപാടാണെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
ഈ മാസം അഞ്ചിന് അവതരിപ്പിച്ച രണ്ടാം എൽഡിഎഫ് സർക്കാരിന്റെ നാലാം ബജറ്റിലാണ് സ്വകാര്യവിദേശ സർവകലാശാലകൾ സംസ്ഥാനത്ത് സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പ്രഖ്യാപിച്ചത്. രണ്ടാം പിണറായി സർക്കാരിനു പാർട്ടിയും എൽഡിഎഫും തയാറാക്കിയ നയമാർഗരേഖകളിൽ വിദേശ സർവകലാശാലയ്ക്കു വ്യവസ്ഥയില്ല. പാർട്ടിയോ മുന്നണിയോ നയപരമായ തീരുമാനം എടുക്കാത്ത കാര്യമാണ് മന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതോടെയാണ് നടപടി സിപിഎമ്മിന് പുനഃപരിശോധിക്കേണ്ടി വന്നത്.