തിരുവനന്തപുരം: ബാർ കോഴ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മദ്യനയത്തിൽ സർക്കാരോ പാർട്ടിയോ ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബാർ കോഴ വിവാദത്തിൽ സംസ്ഥാനത്തെ എക്സൈസ് നയത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് ഗോവിന്ദൻ പറഞ്ഞു.

ബാർ കോഴയിലെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം മാധ്യമങ്ങൾക്ക് ഡ്രൈഡേയാണ്. അതുകൊണ്ടാണ് ഇത്തരത്തിലുള്ള വാർത്ത ഉണ്ടാക്കുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ഇത്തരം വ്യാപക പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുകയാണ്.

ബാർ ലൈസൻസ് ഫീസിൽ 12 ലക്ഷത്തിന്റെ വർധനവ് വരുത്തിയ സർക്കാറാണിത്. വ്യാപകമായി മദ്യം ഒഴുക്കുന്നു എന്നത് വ്യാജ പ്രചാരണമാണ്. കേരളത്തിൽ മദ്യ ഉപഭോഗത്തിൽ കുറവാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് കാലത്തുണ്ടായിരുന്ന മദ്യ ഉപഭോഗം ഇപ്പോൾ ഇല്ല. യു.ഡി.എഫിന്റെ കാലത്തിന്റെ ആവർത്തനം തന്നെയാണ് എൽ.ഡി.എഫ് കാലത്തും എന്ന തെറ്റിദ്ധാരണയിൽ നിന്നാണ് ആരോപണം വരുന്നത്. ജനങ്ങളുടെ താല്പര്യമാണ് എൽ.ഡി.എഫ് ഗവണ്മെന്റ് സംരക്ഷിക്കുന്നത്. അല്ലാതെ സമ്പന്നന്മാരുടെ താല്പര്യമല്ല.

ബാർ ഉടമകൾക്ക് വേണ്ടി നിലപാടെടുത്തത് യു.ഡി.എഫാണ്. 2016 വരെ ലൈസൻസ് ഫീസ് 23 ലക്ഷം ആയിരുന്നത് എൽ.ഡി.എഫ് 35 ലക്ഷമായി വർധിപ്പിക്കുകയാണ് ചെയ്തത്. ജനങ്ങളുടെ താൽപര്യമാണ് സർക്കാർ സംരക്ഷിക്കുന്നത്. യു.ഡി.എഫ് കാലത്ത് ഉണ്ടായിരുന്ന അത്ര മദ്യ ഉപഭോഗം ഇപ്പോഴില്ല. 96 ലക്ഷം കെയ്സിന്റെ കുവാണ് ഉണ്ടായിട്ടുള്ളത് -എം വി ഗോവിന്ദൻ പറഞ്ഞു.

അതേസമയം ബാർ കോഴ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന എക്‌സൈസ് മന്ത്രി എംബി രാജേഷ് ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബിന് കത്ത് നൽകി. വസ്തുത വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് കുറ്റപ്പെടുത്തുന്ന കത്തിൽ പ്രചരിക്കുന്ന ഓഡിയോ സന്ദേശത്തെ കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

പുതിയ മദ്യനയം നടപ്പാക്കുന്നതിന് സംസ്ഥാനത്തെ ഓരോ ബാറുടമയും രണ്ടര ലക്ഷം വീതം ആകെ 25 കോടി കോഴ വാങ്ങാൻ നീക്കമുണ്ടെന്ന വെളിപ്പെടുത്തൽ കേട്ടിരുന്നുവെന്നും,ശബ്ദരേഖ സർക്കാർ വളരെ ഗൗരവത്തോടെ കാണുന്നുവെന്നുമാണ് നേരത്തെ എക്‌സൈസ് മന്ത്രി എം.ബിരാജേഷ് പ്രതികരിച്ചത്. മദ്യ നയത്തിന്റെ പ്രാരംഭ ചർച്ചകൾ പോലും ആയിട്ടില്ലെന്നും ഗൂഢാലോചന ഉണ്ടോയെന്ന് പരിശോധിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. സർക്കാർ ഏർപ്പെടുത്തിയ കർശന നടപടികളിൽ പലർക്കും അസ്വസ്ഥത ഉണ്ടാകുമെന്നും അദ്ദേഹം പരിഹസിച്ചു.

'പുറത്തുവന്ന ശബ്ദരേഖയുടെ ഉടമയുടെ ബാറിലും പരിശോധന നടന്നിട്ടുണ്ടോ എന്നും അറിയില്ല. ബാർ ഉടമകളുമായി എന്നല്ല, എക്‌സൈസ് പോളിസിയുമായി ബന്ധപ്പെട്ട ആരുമായും ചർച്ച നടത്തിയിട്ടില്ല. കഴിഞ്ഞ സർക്കാറല്ല ഈ സർക്കാർ. നിയമസഭ തുടങ്ങുകയല്ലേ, പ്രതിപക്ഷത്തെ അവിടെ വച്ച് കാണാമെന്നും എം.ബി രാജേഷ് പറഞ്ഞു. പ്രതിപക്ഷം രാജി ആവശ്യപ്പെട്ടിരുന്നല്ലോ എന്ന ചോദ്യത്തിന്, എന്തേ ആവശ്യപ്പെടാത്തതെന്ന് താൻ ചിന്തിക്കുകയായിരുന്നുവെന്നും അദ്ദേഹം മറുപടി നൽകി.