തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഇടതു തോൽവിയിൽ തന്നെയാരും കുറ്റപ്പെടുത്തേണ്ടെന്നും രാജി ചോദിച്ചു വരേണ്ടെന്നും പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ്. തോൽവി ഭരണവിരുദ്ധ വികാരമാണെന്ന വാദം അംഗീകരിക്കാതെയാണ് അദ്ദേഹം നിയമസഭയിൽ അടക്കം സംസാരിച്ചത്. എന്നാൽ, ഇപ്പോൾ, മുഖ്യമന്ത്രിയുടെ ഈ ക്യാപ്‌സ്യൂൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തന്നെ രംഗത്തുവന്നു.

ദുർബല ജനവിഭാഗങ്ങൾക്ക് പെൻഷനും ആനുകൂല്യങ്ങളും നൽകാത്തത് തെരെഞ്ഞടുപ്പിൽ തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. കേന്ദ്രത്തെ വിമർശിച്ചതുകൊണ്ടു മാത്രം കാര്യമില്ല. ജനങ്ങൾക്ക് കിട്ടാനുള്ളത് കിട്ടാത്തത് പ്രശ്നം തന്നെയാണ്. സിപിഎമ്മിന്റെ പ്രത്യയശാസ്ത്ര കരുത്ത് ചോർന്നത് ബിജെപിയുടെ വളർച്ചയ്ക്ക് കാരണമായെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

'തെരഞ്ഞെടുപ്പിൽ നല്ലപോലെ തോറ്റു. തോറ്റിട്ട് ജയിച്ചു എന്നുപറഞ്ഞതുകൊണ്ട് കാര്യമുണ്ടോ?. തോറ്റു. ഇനി എന്താണ് വേണ്ടത്. നമ്മൾ എങ്ങനെ തോറ്റുവെന്ന കാര്യം നല്ലപോലെ കണ്ടുപിടിക്കണം. കണ്ടെത്തിയാൽ മാത്രം പോരാ, തിരുത്തണം. 62 ലക്ഷം പേർക്ക് കൊടുക്കേണ്ട കുടിശിക, പെൻഷൻ നമുക്ക് കൊടത്തുതീർക്കാനായിട്ടില്ല. തോൽവിയെ സംബന്ധിച്ചുള്ള കൃത്യമായി മനസിലാക്കി പഠിച്ച് തിരുത്തി മുന്നോട്ടേക്ക് പോകും'- ഗോവിന്ദൻ പറഞ്ഞു.

തോൽവിക്ക് സംഘടനാപരമായ പ്രശ്നങ്ങളുമുണ്ട്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ ഉണ്ടാവാൻ സാധ്യതയുള്ള പ്രവണതകൾ ഉണ്ടായിട്ടുണ്ട്. ആ പ്രവണത അരിച്ചരിച്ച് മുതലാളിത്ത കാലത്ത് നമ്മുടെ കേഡർമാരിലും ഉണ്ടാകും. രാഷ്ട്രീയവും പ്രത്യയശാസ്ത്രവും ഉൾപ്പടെയുള്ള ഉള്ളടക്കത്തെ അടിസ്ഥാനപ്പെടുത്തിയല്ലാതെ ഏത് പ്രതികൂല സാഹചര്യത്തെയും അനുകൂലിക്കാൻ നമുക്ക് സാധിക്കില്ല. അതിന്റെ ചോർച്ച നമുക്കുണ്ട്. ബിജെപിയുടെ വളർച്ച സൂചിപ്പിക്കുന്നത് അതാണെന്നും ഗോവിന്ദൻ പറഞു.

അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പ് തോൽവിയിൽ കമ്മ്യൂണിസ്റ്റുകാർ സ്വയം വിമർശനം നടത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ഉണ്ടായി. അടിസ്ഥാന പ്രശ്‌നങ്ങളായ പെൻഷൻ, സപ്ലൈകോ വിതരണം തുടങ്ങിയ കാര്യങ്ങളിൽ സർക്കാരിനുണ്ടായ വീഴ്ച പരിശോധിക്കും. തെരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാൻ സിപിഎമ്മിനും സിപിഐക്കും സംയുക്ത സമിതി ഉണ്ടാവില്ല. സർക്കാർ തലത്തിൽ നേതൃമാറ്റം സിപിഐ ആവശ്യപ്പെടുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

തൃശൂരിലെ തോൽവി നൽകിയത് വലിയ പാഠമാണെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് തോൽവിയുടെ അടിസ്ഥാനത്തിൽ ഇടതു നേതൃത്വത്തിൽ അഴിച്ചുപണി ആവശ്യപ്പെട്ട് മുതിർന്ന സിപിഐ നേതാവ് സി ദിവാകരൻ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇങ്ങനെ മുന്നോട്ട് പോകാൻ കഴിയില്ലെന്നും യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ട് വരണമെന്നും ദിവാകരൻ പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ വിലകുറച്ചു കണ്ടു. തലസ്ഥാനത് മുന്നൊരുക്കം ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഐയുടെ ജില്ലാ എക്‌സിക്യൂട്ടിവ് യോഗങ്ങളിൽ ഭരണവിരുദ്ധ വികാരം തെരഞ്ഞടുപ്പ് തോൽവിക്ക് കാരണമായെന്ന വിമർശനങ്ങളും ഉയർന്നിരുന്നു.

ഈ മാസം 16നു സിപിഎം സംസ്ഥാന സമിതിയും 28നു കേന്ദ്ര കമ്മിറ്റെയും ചേരും. വിലയിരുത്തലിനു ശേഷം സിപിഎം നിലപാട് വ്യക്തമാക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാ യെച്ചൂരി വ്യക്തമാക്കി. മൂന്നാം മോദി സർക്കാരിന് അമിത മേൽക്കൈ ഇല്ല. എങ്ങനെ ഈ സാഹചര്യത്തെ അവർ നേരിടുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും മുന്നോട്ടുള്ള പോക്കെന്നും യെച്ചൂരി പറഞ്ഞു.