പാലക്കാട്: ജെ.ഡി.എസ് വിഷയത്തിൽ നിലപാട് പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ദേശീയ നേതൃത്വത്തിന്റെ നിലപാടിനോട് കടകവിരുദ്ധമായ നിലപാട് സ്വീകരിച്ചുകൊണ്ട് സംസ്ഥാന ഘടകം ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതിൽ ധാർമിക കുറവില്ലെന്നും ജെ.ഡി.എസിന്റെ ദേശീയ നേതൃത്വം ഏതെന്നതിൽഅവർ തീരുമാനം കൈക്കൊള്ളുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

കേരളത്തിൽ കോൺഗ്രസും ബിജെപി.യും ഒന്നിച്ചുചേരുന്നതിനുവേണ്ടി സിപിഎമ്മിനെ പൊതുശത്രുവായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഗോവിന്ദൻ പറഞ്ഞു. പഴയ കോലീബി സഖ്യത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. ജെ.ഡി.എസ്. കേരളാ ഘടകം ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനിൽക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

സിപിഎമ്മിന്റെ മുഖ്യശത്രു ബിജെപി.യാണ്. കോൺഗ്രസ് ഉൾപ്പെടെയുള്ള ബാക്കി പാർട്ടിയെല്ലാം മൃദുഹിന്ദുത്വം കളിക്കുന്നു. ബിജെപി. വോട്ട് ഒരു തരത്തിലും ഛിന്നഭിന്നമാവാതെ ഏകോപിപ്പിക്കുക എന്ന നിലപാടാണ് സിപിഎമ്മിന്റേത്. കേരളത്തിൽ ബിജെപി.യും കോൺഗ്രസും ഒന്നിച്ചുചേരുന്നതിനുവേണ്ടി സിപിഎമ്മിനെ പൊതുശത്രുവായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ പഴയ കോലീബി സഖ്യത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നു.

കോൺഗ്രസ് നേതൃത്വം കൊടുക്കേണ്ട സംസ്ഥാനങ്ങളിൽ മറ്റു പാർട്ടികളുമായി കോൺഗ്രസിന് യോജിപ്പിലെത്താനാവുന്നില്ല. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽനിന്ന് വരുന്ന വാർത്തകൾ അതാണ്. ബിജെപി.യെ തകർക്കണമെന്ന് ബിജെപി. വിരുദ്ധ വിഭവങ്ങളെ ഏകോപിപ്പിക്കണം. അതിൽ കോൺഗ്രസ് ദയനീയ പരാജയമാണ്. ബിജെപി.യും യു.ഡി.എഫും പരസ്പരം സഹായകരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും പാർട്ടി സെക്രട്ടറി പറഞ്ഞു.

അതേസമയം ദേവഗൗഡയുടെ ആരോപണത്തോടെ പ്രതിസന്ധിയിലായ ജെ ഡി എസ് കേരളാഘടകം പ്രശ്‌നപരിഹാരത്തിനായി നീക്കങ്ങൾ സജീവമാക്കിയിരിക്കയാണ്. കർണാടകയടക്കം സംസ്ഥാനങ്ങളിലെ ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന നേതാക്കളെ സംഘടിപ്പിക്കലാണ് പ്രധാനമായും ചെയ്യുന്നത്. പാർട്ടി ദേശീയ കൗൺസിലിൽ ചർച്ച ചെയ്യാതെയാണ് അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയും മകൻ കുമാരസ്വാമിയും ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ചത്. പാർട്ടി പ്ലീനം വിളിച്ച് ചർച്ച ചെയ്‌തെടുക്കേണ്ട തീരുമാനമാണ് അവർ ഒറ്റക്കെടുത്തത്. ഇതിൽ കേരള ഘടകം നേതാക്കളെ പോലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും കടുത്ത എതിർപ്പുണ്ട്.

ദേശീയ ഭാരവാഹികളായ നീലലോഹിതദാസ നാടാർ, ജോസ് തെറ്റയിൽ, സി കെ നാണു എന്നിവരുടെ നേതൃത്വത്തിൽ മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കളുമായി ചർച്ചകൾ തുടരുകയാണ്. രണ്ട് നിർദ്ദേശങ്ങളാണ് ചർച്ചയിൽ മുന്നോട്ട് വക്കുന്നത്. ഒന്നുകിൽ ദേശീയ അധ്യക്ഷനെയും കൂട്ടരെയും പാർട്ടിയിൽ നിന്ന് പുറത്താക്കി തങ്ങളാണ് യഥാർഥ പാർട്ടിയെന്ന് പ്രഖ്യാപിക്കുക. അല്ലെങ്കിൽ ബിജെപി വിരുദ്ധരുടെ പുതിയ പാർട്ടിയുണ്ടാക്കുക.