- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പി ജയരാജന്റെ മകനെതിരെ എം വി ജയരാജൻ; പാർട്ടി അംഗങ്ങൾക്കുള്ള മാർഗരേഖ പാർട്ടി ബന്ധുക്കളും പിന്തുടരണം; സമൂഹ മാധ്യമങ്ങളിൽ സഭ്യമായ ഭാഷ പ്രയോഗിക്കണമെന്നും നിർദ്ദേശം
കണ്ണൂർ: പി. ജയരാജന്റെ മകൻ ജയിൻ രാജിനെതിരെ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. പാർട്ടി അംഗങ്ങൾക്കുള്ള മാർഗരേഖ പാർട്ടി ബന്ധുക്കളും പിന്തുടരണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കൂടിയായ ജയരാജൻ ആവശ്യപ്പെട്ടു. സമൂഹ മാധ്യമങ്ങളിൽ സഭ്യമായ ഭാഷ പ്രയോഗിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. പാനൂർ ഏരിയാ കമ്മിറ്റി അംഗം കിരണിന് സ്വർണക്കടത്ത് സംഘവുമായി ബന്ധമില്ല.
കിരണിനെതിരായ ആരോപണം തെറ്റാണ്. ജയിൻ പോസ്റ്റ് ചെയ്ത തെറിവിളി സ്‌ക്രീൻ ഷോട്ട് ഒരു വർഷം മുമ്പുള്ളതാണ്. അതിൽ തിരുത്തൽ നടപടി എടുത്തെന്നും എം.വി ജയരാജൻ പറഞ്ഞു. ജയിൻ രാജിനെതിരെ ഡിവൈഎഫ്ഐ കണ്ണൂർ ജില്ല സെക്രട്ടേറിയറ്റ് ഇന്നലെ രംഗത്തെത്തിയിരുന്നു. സംഘടനയെ അപകീർത്തിപ്പെടുത്താനുള്ള നീക്കമെന്നായിരുന്നു ജയിനിന്റെ പേരെടുത്ത് പറയാതെയുള്ള വിമർശനം. സമൂഹ മാധ്യമങ്ങൾ ഉപയോഗപ്പെടുത്തി സംഘടനയെയും പാനൂർ ബ്ലോക്ക് സെക്രട്ടറിയായ കിരണിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണമെന്നായിരുന്നു പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകിയത്.
''സഭ്യേതരഭാഷ ഉപയോഗിച്ച് വ്യക്തികളെയും മറ്റും ആക്ഷേപിക്കുന്നതിന് സോഷ്യൽ മീഡിയയെ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അത് ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കുന്നില്ലെന്നും ആവർത്തിച്ച് വ്യക്തമാക്കിയതാണ്. സഭ്യമല്ലാത്ത ഭാഷയിൽ ഡിവൈഎഫ്ഐക്കും നേതാക്കൾക്കും എതിരെ ആര് പ്രതികരണങ്ങൾ നടത്തിയാലും സഭ്യമായ ഭാഷയിൽ തന്നെയായിരിക്കണം മറുപടി പറയേണ്ടത്. ഇപ്പോൾ ചിലർ ഉയർത്തിക്കൊണ്ടുവന്ന വിഷയം ഒരു വർഷം മുമ്പ് തന്നെ ഡിവൈഎഫ്ഐ ചർച്ച ചെയ്യുകയും ആവശ്യമായ തെറ്റുതിരുത്തൽ പ്രക്രിയക്ക് വിധേയമാക്കുകയും ചെയ്തതാണ്.
എന്നാൽ, വീണ്ടും ഇത് കുത്തിപ്പൊക്കിയത് ചില കുബുദ്ധികളുടെ ദുഷ്ടലാക്കാണ് വ്യക്തമാക്കുന്നത്. ഇതുവഴി സംഘടനയെയും നേതാക്കളെയും പൊതുജനമധ്യത്തിൽ താറടിച്ചു കാണിക്കാനുള്ള ഹീനശ്രമമാണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് പ്രതിഷേധാർഹമാണ്', എന്നിങ്ങനെയായിരുന്നു പ്രസ്താവന. ആശയ പ്രചാരണത്തിനുള്ള വേദിയായി സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കാനാണ് ശ്രമിക്കേണ്ടതെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടിരുന്നു.




