തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന് വീണ്ടും തിരിച്ചടി നൽകി കൊണ്ട് കെ കരുണാകരന്റെ വിശ്വസ്തൻ ആയിരുന്ന മഹേശ്വരൻ നായർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. പത്മജ വേണുഗോപാലിന് പിന്നാലെയാണ് മഹേശ്വരൻ നായരും പാർട്ടി വിട്ടത്.

തിരുവനന്തപുരം നഗരസഭ മുൻ പ്രതിപക്ഷ നേതാവാണ് മഹേശ്വരൻ നായർ. കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായിരുന്നു മഹേശ്വരൻ നായർ. കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ മഹേശ്വരൻ നായരെ ഷാളണിയിച്ച് ബിജെപിയിലേക്ക് സ്വീകരിച്ചു.

വർഷങ്ങളായുള്ള കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് കായികതാരം കൂടിയായിരുന്ന പത്മിനി തോമസ് ബിജെപിയിൽ ചേർന്നിരുന്നു. തിരുവനന്തപുരം ഡിസിസി മുൻ ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷും പത്മിനി തോമസിനൊപ്പം ബിജെപിയിൽ ചേർന്നിരുന്നു.

കൂടുതൽ നേതാക്കൾ ബിജെപിയിൽ ചേരുന്നത് തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. കോൺഗ്രസ് നേതാക്കളുടെ ബിജെപിയിലേക്ക് ചേക്കേറുന്നത് സംസ്ഥാനത്ത് ഇടതുപക്ഷം പ്രചരണായുധമാക്കിയിരിക്കുകയാണ്.