- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നടൻ ദേവന് പിന്നാലെ മേജർ രവിയും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനാകും; മേജർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്നും സൂചന; കണ്ണൂരിൽ നിന്ന് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന സി രഘുനാഥ് ദേശീയ കൗൺസിലിലേക്ക്
തിരുവനന്തപുരം: സംവിധായകനും നടനുമായ മേജർ രവി ബിജെപി സംസ്ഥാന ഉപാധ്യക്ഷനാകും. പാർട്ടി സംസ്ഥാനധ്യക്ഷൻ കെ.സുരേന്ദ്രനാണ് അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്തത്. കണ്ണൂരിൽ നിന്ന് കോൺഗ്രസ് വിട്ട സി. രഘുനാഥിനെ ദേശീയ കൗൺസിലിലേക്കും കെ.സുരേന്ദ്രൻ നാമനിർദ്ദേശം ചെയ്തു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ധർമടത്ത് പിണറായി വിജയനെതിരേ മത്സരിച്ച നേതാവാണ് സി. രഘുനാഥ്. കഴിഞ്ഞ ദിവസം ഡൽഹിയിൽ വച്ച് ബിജെപി ദേശീയധ്യക്ഷൻ ജെ.പി. നദ്ദയാണ് ഇരുവർക്കും പാർട്ടി അംഗത്വം നൽകിയത്.
കുരുക്ഷേത്ര, കീർത്തിചക്ര, കർമയോദ്ധ, കാണ്ഡഹാർ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് മേജർ രവി. മേജർ രവി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് സൂചനയുണ്ട്. അടുത്ത ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ പാർട്ടിയിൽ ചേരുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, അടുത്തിടെ നടൻ ദേവനെയും സംസ്ഥാന ബിജെപി ഉപാദ്ധ്യക്ഷൻ സ്ഥാനത്തേക്ക് നിയോഗിച്ചിരുന്നു. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഫേസ്‌ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കേരള പീപ്പിൾസ് പാർട്ടി രൂപീകരിച്ച ദേവൻ ആ പാർട്ടിയെ ബിജെപിയിലേക്ക് ലയിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥിയാണ് സി രഘുനാഥ്. കോൺഗ്രസ് വിടുന്നതായി വ്യക്തമാക്കി ഈ മാസമാദ്യം രഘുനാഥ് ഫേസ്‌ബുക്ക് പോസ്റ്റിട്ടിരുന്നു. കെപിസിസി അധ്യക്ഷന്റെ തട്ടകമായ കണ്ണൂരിൽ കെ.സുധാകര ഗ്രൂപ്പിലെ നേതാവും ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന സി രഘുനാഥ് ബിജെപിയിൽ ചേർന്നത് കോൺഗ്രസിന് തിരിച്ചടിയായി മാറിയിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരംഏഴുമണിയോടെ ബിജെപി അധ്യക്ഷൻ ജെപി നദ്ദയിൽ നിന്നും അംഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാനഅധ്യക്ഷൻ കെ.സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് എന്നിവർ അദ്ദേഹത്തൊടൊപ്പമുണ്ടായിരുന്നു.
മൂന്നാഴ്‌ച്ച മുൻപാണ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് സിരഘുനാഥ് കോൺഗ്രസ് വിട്ടത്. ഏറെ കാലമായി പാർട്ടി എന്നെ അവഗണിക്കുകയാണ്. പല കാര്യങ്ങളും പാർട്ടിക്കുള്ളിൽ പറയുന്നുണ്ട്, പക്ഷേ ഒറ്റപ്പെടുത്തുകയും തഴയപ്പെടുകയും ചെയ്തു. നേതൃത്വത്തിന്റെ അവഗണനയിൽ മനംമടുത്താണ് രാജി വെക്കുന്നതെന്നായിരുന്നു കോൺഗ്രസ് വിട്ട വേളയിൽ സി രഘുനാഥിന്റെ പ്രതികരണം. കെപിസിസി അധ്യക്ഷനായിട്ടും കെ. സുധാകരനെക്കൊണ്ട് ഗുണമുണ്ടായില്ലെന്നും രഘുനാഥ് തുറന്നടിച്ചിരുന്നു.




