മലപ്പുറം: രാഹുൽഗാന്ധി എംപി നയിച്ച ഭാരത് ജോഡോ യാത്രയുടെ ഉൾപ്പെടെയുള്ള പാർട്ടി ഫണ്ട് വെട്ടിച്ചെന്ന് മലപ്പുറം ഡി.സി.സി നേതൃയോഗത്തിൽ ഗുരുതര ആരോപണം. വെള്ളിയാഴ്ച ഡി.സി.സി ഓഫീസിൽ ചേർന്ന യോഗത്തിലാണ് പാർട്ടി ഫണ്ടിന്റെ കണക്ക് ചോദിച്ച് ഭാരവാഹികൾ ശബ്ദമുയർത്തിയത്. ഭാരത്‌ജോഡോ യാത്രക്കുവേണ്ടി ജില്ലയിലെ 2756 ബൂക്ക് കോൺഗ്രസ് കമ്മിറ്റികളിൽ നിന്നായി സംഭാവനകൂപ്പൺ നൽകി 6000 രൂപവെച്ച് 1,65,3600 രൂപയാണ് ഡി.സി.സിക്ക് ലഭിക്കേണ്ടുന്ന ഫണ്ട്.

ഇതിനു പുറമെ കോൺഗ്രസ് അനുകൂല സർവീസ് സംഘടനകൾ, പ്രവാസികൾ, ക്വാറി, ബാർ മുതലാളിമാർ എന്നിവരിൽ നിന്നും ലക്ഷങ്ങൾ വേറെയും പിരിച്ചെടുത്തിട്ടുണ്ട്. പ്രത്യേക സപ്ലിമെന്റിൽ പരസ്യങ്ങൾ സ്വീകരിച്ചും ഡി.സി.സി ഫണ്ട് സമാഹരിച്ചിരുന്നു. എന്നാൽ 80 ലക്ഷത്തോളം രൂപമാത്രമാണ് പിരിഞ്ഞു കിട്ടിയതെന്നും ഇതിൽ 60 ലക്ഷത്തിൽപരം രൂപ ചെലവായെന്നുമാണ് ഡി.സി.സി പ്രസിഡന്റ് വി എസ് ജോയി യോഗത്തിൽ വ്യക്തമാക്കിയത്.

എന്നാൽ ഇത് ശരിയല്ലെന്നും വ്യക്തമായ കണക്ക് യോഗത്തിൽ വെക്കണമെന്നും ഭാരവാഹികൾ ശബ്ദമുയർത്തുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 27, 28, 29 തിയ്യതികളിലാണ് ഭാരത് ജോഡോ യാത്ര മലപ്പുറം ജില്ലയിൽ പര്യടനം നടത്തിയത്. മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് 28ന് നിലമ്പൂരിൽ നടത്താൻ നിശ്ചയിച്ചിരുന്ന സംസ്ഥാനതല സമാപനസമ്മേളനം മാറ്റിവെച്ചിരുന്നു. വേദിപോലും കെട്ടാതെ പ്രചരണവാഹനത്തിൽ നിന്നാണ് രാഹുൽഗാന്ധി പ്രസംഗിച്ചത്. രാഹുൽഗാന്ധി അടക്കമുള്ള യാത്രാ അംഗങ്ങൾ കണ്ടെയിനർ കാരവനിലാണ് താമസിച്ചിരുന്നത്. എന്നിട്ടും 60 ലക്ഷം രൂപ എവിടെ ചെലവഴിച്ചെന്നാണ് ഭാരവാഹികൾ ചോദ്യം ഉയർത്തിയത്. സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ ഡി.സി.സി പ്രസിഡന്റായ വി എസ് ജോയി 2021 ആഗസ്റ്റിലാണ് മലപ്പുറം ഡി.സി.സി പ്രസിഡന്റായി ചുമതലയേറ്റത്.

സംസ്‌ക്കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്തിനെയും വി എസ് ജോയിയെയുമാണ് ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. കോൺഗ്രസ് സംഘടനാകാര്യ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, എ.പി അനിൽകുമാർ എംഎ‍ൽഎ എന്നിവരുടെ പിന്തുണയോടെ വി എസ് ജോയിക്ക് നറുക്ക് വീഴുകയായിരുന്നു. ജോയി ഡി.സി.സി പ്രസിഡന്റായി ചുമതലയേറ്റ് ഒന്നര വർഷമാകുമ്പോൾ വിളിച്ചു ചേർത്ത ഡി.സി.സി ഭാരവാഹികളുടെ മാത്രമായുള്ള ആദ്യ യോഗത്തിലായിരുന്നു ഫണ്ട് പിരിവിനെതിരെ ആരോപണം ഉയർന്നത്. ഇതിന് മുമ്പ് കെപിസിസി പാർട്ടിപരിപാടികൾ സംഘടിപ്പിക്കാനായി ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരുടെയും കെപിസിസി അംഗങ്ങളുടെയും സംയുക്തയോഗങ്ങളാണ് നടന്നിരുന്നത്. ഈ യോഗങ്ങളിൽ സംഘടനാകാര്യങ്ങൾ ഉന്നയിക്കുമ്പോൾ ഭാരവാഹികളുടെ യോഗത്തിലേ ഇത്തരം കാര്യങ്ങൾ ഉന്നയിക്കാനാവൂ എന്ന് പറഞ്ഞ് തടയുകയായിരുന്നു.

ഭാരത്‌ജോഡോ യാത്രക്ക് മുമ്പ് കെപിസിസി ഫണ്ട് പിരിവായ 137 ചലഞ്ച്, കോൺഗ്രസ് മെമ്പർഷിപ്പ് ഇനത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ കൈമാറിയ തുകയുടെ കണക്കുകൾ, പാണ്ടിക്കാടും തിരൂരും ഡി.സി.സി യുടെ നേതൃത്വത്തിൽ നടത്തിയ റാലികൾക്കായി പിരിച്ച തുകയുടെ കണക്കുകൾ എന്നിവയും അവതരിപ്പിച്ചില്ലെന്ന് യോഗത്തിൽ വിമർശനമുണ്ടായി. ഡി.സി.സി ഭാരവാഹികളും ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളുമായും കൂടിയാലോചിക്കാതെ ഡി.സി.സി പ്രസിഡന്റ് ഏകപക്ഷീയമായാണ് തീരുമാനങ്ങളെടുക്കുന്നതെന്നും ആക്ഷേപം ഉയർന്നു.

മുൻകാലങ്ങളിൽ മലപ്പുറം ജില്ലയിലെ കോൺഗ്രസിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ഭാരവാഹികളെ കണ്ടെത്തുന്നതിനും സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്കുമെല്ലാം ആര്യാടൻ മുഹമ്മദ്, ഡി.സി.സി പ്രസിഡന്റ്, എ.പി അനിൽകുമാർ എംഎ‍ൽഎ, ജില്ലയിലെ കെപിസിസി ഭാരവാഹികൾ എന്നിവരുൾപ്പെട്ട ഉന്നത സമിതിയുണ്ടായിരുന്നു. ഇവർ എല്ലാവരുമായും കൂടിയാലോചന നടത്തിയാണ് തീരുമാനങ്ങളെടുത്തിരുന്നത്. എന്നാൽ ഇപ്പോൾ എ.പി അനിൽകുമാർ എംഎ‍ൽഎയും ഡി.സി.സി പ്രസിഡന്റ് വി എസ് ജോയിയും മുൻ ഡി.സി.സി പ്രസിഡന്റ് ഇ. മുഹമ്മദ്കുഞ്ഞിയും ചേർന്ന കോക്കസാണ് ഏകപക്ഷിയ തീരുമാനങ്ങളെടുക്കുന്നതെന്ന കടുത്ത വിമർശനവും യോഗത്തിലുണ്ടായി.

സംഘടനാപരമായ തീരുമാനങ്ങൾ മൂവർ സംഘം തനിച്ചെടുക്കേണ്ടെന്നും ജില്ലയിലെ കെപിസിസി, ഡി.സി.സി ഭാരവാഹികളും മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ചുമതിയെന്ന കടുത്ത വിമർശനവും യോഗത്തിലുയർന്നു. ജില്ലയിലെ മുതിർന്ന ഡി.സി.സി ഭാരവാഹികളെല്ലാം ഒറ്റക്കെട്ടായി ഡി.സി.സി പ്രസിഡന്റിനെതിരെ രംഗത്തെത്തിയപ്പോൾ പ്രതിരോധം തീർക്കാൻ എ.പി അനിൽകുമാർ മന്ത്രിയായിരിക്കെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഡി.സി.സി ജനറൽ സെക്രട്ടറി അസീസ് ചീരാന്തൊടി, അജീഷ് എടാലത്ത്, ഹാരിസ്ബാബു, ജില്ലയുടെ ചുമതലയുണ്ടായിരുന്ന കെപിസിസി ജനറൽ സെക്രട്ടറി സലീം എന്നിവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പാർട്ടിപ്രവർത്തകർ ജനങ്ങളിൽ നിന്നും പിരിച്ചെടുത്ത പണത്തിന്റെ കണക്കവതരിപ്പിക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് ഡി.സി.സി ഭാരവാഹികൾ കടുത്ത നിലപാടെടുത്തതോടെയാണ് ഡി.സി.സി പ്രസിഡന്റ് വി എസ് ജോയി അടുത്ത ഭാരവാഹിയോഗത്തിൽ വിശദമായ കണക്കവതരിപ്പിക്കാമെന്ന ഉറപ്പു നൽകിയത്.