- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സമവായ കമ്മിറ്റി കണ്ടെത്തിയ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരെയും വെട്ടിനിരത്തി; മലപ്പുറത്ത് എ ഗ്രൂപ്പ് നേതാക്കൾ കൂട്ടരാജിക്കൊരുങ്ങുന്നു; ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിയുമ്പോൾ
മലപ്പുറം: കോൺഗ്രസ് മലപ്പുറം ജില്ലാ തല സമവായ കമ്മിറ്റി ഐക്യകണ്ഠേന തെരഞ്ഞെടുത്തവരെയും കൂട്ടത്തോടെ വെട്ടിനിരത്തി ഏകപക്ഷീയമായി മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിച്ചെന്നാരോപിച്ച് മലപ്പുറത്ത് എ ഗ്രൂപ്പ് ഭാരവാഹികൾ കൂട്ടത്തോടെ പാർട്ടി ഭാരവാഹിത്വം രാജിവെക്കാനൊരുങ്ങുന്നു. ഇന്നലെ രാവിലെ മഞ്ചേരിയിൽ ചേർന്ന ഗ്രൂപ്പ് നേതൃയോഗത്തിലാണ് കൂട്ടരാജി തീരുമാനമുണ്ടായത്.
ജില്ലയിലെ 110 മണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക കെപിസിസി ശനിയാഴ്ച രാത്രിയാണ് പ്രഖ്യാപിച്ചത്. ജില്ലാതലത്തിലുണ്ടാക്കിയ സമവായകമ്മിറ്റി ഐക്യകണ്ഠേന തെരഞ്ഞെടുത്ത 13 പേരെയും തർക്കമുണ്ടായിരുന്ന 10 ഇടത്തും ഏകപക്ഷീയമായി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം. മുൻ മന്ത്രി എ.പി അനിൽകുമാർ ഡി.സി.സി പ്രസിഡന്റ് വി എസ് ജോയിയും സുധാകരൻ ഗ്രൂപ്പുമായി ചേർന്ന് എഗ്രൂപ്പിനെ കൂട്ടത്തോടെ വെട്ടിനിരത്തിയിരിക്കുകയാണെന്നുമുള്ള വികാരമാണ് എ ഗ്രൂപ്പിനുള്ളത്.
മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തി എക പക്ഷീയമായി മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കുകയാണെന്ന് ആര്യാടൻ ഷൗക്കത്ത് യോഗത്തെ അറിയിച്ചു. എന്നാൽ മണ്ഡലം മുതൽ കെപിസിസി തലംവരെയുള്ള എ ഗ്രൂപ്പ് ഭാരവാഹികൾ കൂട്ടത്തോടെ പാർട്ടി ഭാരവാഹിത്വം രാജിവെക്കണമെന്ന കടുത്ത തീരുമാനമാണ് യോഗത്തിലുണ്ടായത്. മണ്ഡലം പ്രസിഡന്റുമാരെ ജില്ലാതലത്തിൽ തന്നെ കണ്ടെത്താനായിരുന്നു കെപിസിസിയുടെ നിർദ്ദേശം.
ഇതിന്റെ അടിസ്ഥാനത്തിൽ ഡി.സി.സി പ്രസിഡന്റ് വി എസ് ജോയി, മുൻ മന്ത്രി എ.പി അനിൽകുമാർ കെപിസിസി ജനറൽ സെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്ത്, ആലിപ്പറ്റ ജമീല, മുൻ ഡി.സി.സി പ്രസിഡന്റുമാരായ സി.ഹരിദാസ്,ഇ മുഹമ്മദ്കുഞ്ഞി എന്നിവരായിരുന്നു കമ്മിറ്റിൽ. 8 തവണ യോഗം ചേർന്ന കമ്മിറ്റി 10 ഇടങ്ങളിലൊഴികെ 100 മണ്ഡലങ്ങളിലെയും പ്രസിഡന്റുമാരെ രെ ഐക്യകണ്ഠേന നിർദ്ദേശിച്ചാണ് കെപിസിസിക്ക് പട്ടിക കൈമാറിയത്. ഈ പട്ടികയിൽ നിന്നും എ ഗ്രൂപ്പിന്റെ 13പേരെ വെട്ടിനിരത്തുകയും തർക്കമുണ്ടായിരുന്ന 10 ഇടത്ത് വി എസ് ജോയി- അനിൽകുമാർ ഗ്രൂപ്പും സുധാകരൻ ഗ്രൂപ്പും വീതിച്ചെടുത്തെന്നുമാണ് എ ഗ്രൂപ്പിന്റെ ആക്ഷേപം.
1992ൽ എ.കെ ആന്റണിയും വയലാർ രവിയും കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച അവസാന കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് 101 മണ്ഡലം പ്രസിഡന്റുമാരിൽ 94 പേരും എ ഗ്രൂപ്പിനായിരുന്നു. 32 ബ്ലോക്ക് പ്രസിഡന്റുമാരിൽ 28 പേരും .പിന്നീട് സംഘടനാ തെരഞ്ഞെടുപ്പില്ലാതെ നാമനിർദ്ദേശം വഴി ഭാരവാഹികളെ കണ്ടെത്തിയപ്പോഴും ഈ കണക്കുവച്ചായിരുന്നു ഭാരവാഹിത്വം പങ്കിട്ടെടുത്തിരുന്നത്.
പുതിയ കമ്മിറ്റികളെ പ്രഖ്യാപിക്കുവരെ 110 മണ്ഡലം പ്രസിഡന്റുമാരിൽ 97 പേരും 34 ബ്ലോക്ക് പ്രസിഡന്റുമാരിൽ 28 പേരും എ ഗ്രൂപ്പിനൊപ്പമായിരുന്നു. നിലവിൽ ബ്ലോക്ക് പ്രസിഡന്റുമാരിൽ 9 പേർ മാത്രമാണ് എ ഗ്രൂപ്പിനൊപ്പമുള്ളത്. മലപ്പുറത്ത് എ ഗ്രൂപ്പ് നോമിനിയായിരുന്ന ആര്യാടൻ ഷൗക്കത്തിനെ വെട്ടി വി എസ് ജോയി ഡി.സി.സി പ്രസിഡന്റായതോടെയാണ് ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിഞ്ഞത്. എ ഗ്രൂപ്പ് നോമിനിയായി കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന വി എസ് ജോയി ഡി.സി.സി പ്രസിഡന്റ് സ്ഥാനം ലഭിച്ചതോടെ മുൻ മന്ത്രി എ.പി അനിൽകുമാറിനൊപ്പമായി.
ജില്ലയിൽ എ ഗ്രൂപ്പ് നയിച്ചിരുന്ന ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തോടെ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരെ തെരഞ്ഞെടുത്തപ്പോൾ ആര്യാടനൊപ്പം നിന്നവരെ കൂട്ടത്തോടെ വെട്ടിനിരത്തിയിരുന്നു. അന്ന് പരസ്യപ്രതികരണത്തിന് മുതിരാതിരുന്ന എ ഗ്രൂപ്പ് നേതൃത്വം മണ്ഡലം പ്രസിഡന്റുമാരെയും വെട്ടിനിരത്തിയതോടെയാണ് കൂട്ടരാജി ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.
മറുനാടൻ മലയാളി ന്യൂസ് കോൺട്രിബ്യൂട്ടർ