മലപ്പുറം: വാരിയംകുന്നൻ കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര സമര രക്തസാക്ഷി പട്ടികയിൽ നിന്ന് നീക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതിന് പിന്നാലെ വാരിയംകുന്നൻ കുഞ്ഞഹമ്മദ് ഹാജി, പുക്കോട്ടൂർ യുദ്ധസ്മാരകങ്ങൾ എന്നിവക്കായി അഞ്ചു കോടി രൂപ വകയിരുത്തി മലപ്പുറം ജില്ലാ പഞ്ചായത്ത് ബജറ്റ്.

ബജറ്റിലെ പ്രഖ്യാപനം ഇങ്ങിനെയാണ്: 'ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ യുദ്ധമെന്ന് വിശേഷിപ്പിക്കപ്പെട്ട പൂക്കോട്ടൂർ യുദ്ധത്തിന്റെയും മലപ്പുറത്തിന്റെ മണ്ണിൽ ബ്രിട്ടീഷ് പട്ടാളത്തെ ആട്ടിയോടിച്ച് 'മലയാള രാജ്യം' എന്ന പേരിൽ സ്വയം ഭരണം പ്രഖ്യാപിച്ച ധീര രക്തസാക്ഷി വാരിയം കുന്നൻ കുഞ്ഞഹമ്മദ് ഹാജിയുടെയും സ്മാരകം നിർമ്മിക്കുന്നതിനുള്ള പദ്ധതിക്കായി കഴിഞ്ഞ വർഷം തുടക്കം കുറിച്ചിരുന്നു. ഇതിനായി പൂക്കോട്ടൂരിൽ സ്ഥലം കണ്ടെത്തി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ദ്രുതഗതിയിലാണ്. പദ്ധതി യാഥാർഥ്യമാക്കുന്നതിന് ആദ്യ വർഷം അഞ്ചു കോടി രൂപ അനുവദിക്കുന്നുവെന്നാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായീൽ മൂത്തേടം പ്രഖ്യാപിച്ച ബജറ്റിൽ പ്രഖ്യാപിച്ചത്.

വാരിയൻകുന്നനെ രക്തസാക്ഷി പട്ടികയിൽ നിന്ന് നീക്കിയതിനെതിരെ പ്രധാനമന്ത്രിയെ പ്രതിഷേധമറിയിച്ച് കത്തെഴുതിയ മുസ്ലിംലീഗ് ഭരിക്കുന്ന ജില്ലാ പഞ്ചായത്താണു ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ പേരിൽ യുദ്ധസ്മാരകം നിർമ്മിക്കാൻ ഫണ്ട് അനുവദിച്ചത്. '1921- മലബാർ സമരത്തിലെ അനശ്വര പോരാളി വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ' രക്തസാക്ഷി പട്ടികയിൽ നിന്ന് നീക്കിയ സർക്കാർ നടപടിയിൽ പ്രധാനമന്ത്രിയെ പ്രതിഷേധമറിയിച്ച് മുസ്ലിം ലീഗ് എംപിമാർ രംഗത്തുവന്നിരുന്നു. സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര പിഴവ് തിരുത്തണമെന്നാവശ്യപ്പെട്ടായിരുന്നു ലീഗ് എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നത്.

രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ ചരിത്രം തിരുത്തരുതന്നും കൊളോണിയൽ വിരുദ്ധ സമരങ്ങളിലെ ജ്വലിക്കുന്ന ഓർമ്മയാണ് മലബാർ സമരമെന്നും എംപിമാർ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നത്. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കൂടാതെ ആലി മുസ്ലിയാർ, പുന്നപ്ര വയലാർ സമര നായകർ, വാഗൺ ട്രാജഡിയിൽ കൊല്ലപ്പെട്ടവർ തുടങ്ങി സ്വാതന്ത്രസമര പോരാളികളെ പട്ടികയിൽ ഉൾപ്പെടുത്താത്ത നടപടി പുനഃപരിശോധിക്കണമെന്നും തെറ്റുതിരുത്തണമെന്നും എംപിമാർ കത്തിൽ ആവശ്യപ്പെട്ടിരുന്നു.

ചില വ്യക്തികളുടെ രാഷ്ട്രീയ പ്രേരിതമായ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചത് അസംബന്ധമാണെന്നും മതസൗഹാർദ്ദം തകർക്കാനുള്ള ഇത്തരം നീക്കങ്ങളിൽ പ്രധാനമന്ത്രി അടിയന്തരമായി ഇടപട്ട് സൗഹൃദ സാഹചര്യം ഉറപ്പാക്കണമെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ലീഗ് എംപിമാരായ പികെ കുഞ്ഞാലികുട്ടി, ഇടി മുഹമ്മദ് ബഷീർ, പിവി അബ്ദുൾ വഹാബ്, നവാസ് കനി എന്നിവരാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നത്.

അതേ സമയം 1921 ലെ മലബാർ കലാപത്തിൽ പങ്കെടുത്ത വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാർ തുടങ്ങിയ 387 പേരെ സ്വാതന്ത്ര സമര രക്തസാക്ഷി പട്ടികയിൽ നിന്ന് നീക്കാനാണു കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നത്. ഇത് സംബന്ധിച്ച ശുപാർശ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് നിയോഗിച്ച മുന്നംഗ സമിതി ശുപാർശ നൽകിയിരുന്നു.

മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും വർഗീയ കലാപമാണെന്നുമായിരുന്നു സമിതിയുടെ കണ്ടെത്തൽ. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാരും നേതൃത്വം നൽകിയ 1921- കലാപം ഒരിക്കലും ബ്രിട്ടീഷുകാരിൽ നിന്നുള്ള സ്വതന്ത്രം തേടിയുള്ളത് ആയിരുന്നില്ല. മതപരിവർത്തനം ലക്ഷ്യമിട്ടുള്ള മതമൗലികവാദ പ്രസ്ഥാനമായിരുന്നു ഇതെന്നുമാണ് സമിതി ചൂണ്ടിക്കാട്ടിയിരുന്നത്.

ഖിലാഫത്ത് സ്ഥാപിക്കുകയായിരുന്നു കലാപത്തിന്റെ ലക്ഷ്യം. അതിൽ വിജയിച്ചിരുന്നെങ്കിൽ ഖിലാഫത്ത് സ്ഥാപിക്കപ്പെടുമായിരുന്നുവെന്നും സമിതി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കെതിരെ രൂക്ഷമായ വിമർശനങ്ങളും റിപ്പോർട്ടിലുണ്ടായിരുന്നു. ശരിയത്ത് കോടതി സ്ഥാപിച്ച കലാപകാരി മാത്രമായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിരവധി ഹിന്ദുക്കളെ വധിച്ചുവെന്നും സമിതിയുടെ റിപ്പോർട്ടിലുണ്ടെന്നും വാർത്തകൾ പുറത്തുവന്നിരുന്നു.