കണ്ണൂർ: കെ.സുധാകരൻ മത്സരിക്കുമെന്ന് ഉറപ്പായതോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി താൻ കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ നിന്നും മത്സരിക്കുമെന്ന് മുൻ കെപിസിസി നിർവാഹക സമിതി അംഗംമമ്പറം ദിവാകരൻ പറഞ്ഞു. വെള്ളിയാഴ്‌ച്ചരാവിലെ മമ്പറത്തെ വീട്ടിൽ നിന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൽ.ഡി. എഫിനും ബിജെപിക്കുമെതിരെയാണ് തന്റെ മത്സരം കോൺഗ്രസുകാരനായി മത്സരിക്കുന്ന തനിക്ക് പ്രവർത്തകരുടെ വോട്ടു കിട്ടുമെന്ന് മമ്പറം ദിവാകരൻ പറഞ്ഞു. രണ്ടു വർഷത്തിലധികമായി പാർട്ടിയിൽ നിന്നും പുറത്താക്കിയ തനിക്ക് ഇതുവരെ എന്തിനാണ് പുറത്താക്കിയതെന്ന് എന്നതിനെ കുറിച്ചു യാതൊരു നോട്ടീസും നൽകിയിട്ടില്ല.

കഴിഞ്ഞ 52 വർഷമായി താൻ കോൺഗ്രസിൽ അല്ലാതെ മറ്റൊരു പാർട്ടിയിലും പ്രവർത്തിച്ചിട്ടില്ല. മരിക്കുന്നതുവരെ കോൺഗ്രസ് പ്രവർത്തകനാകാനും മരിച്ചു കഴിഞ്ഞാൽ പാർട്ടി പതാക പുതച്ചു കിടയ്ക്കാനും തനിക്ക് ആഗ്രഹമുണ്ടെന്ന് മമ്പറം ദിവാകരൻ പറഞ്ഞു. രണ്ടു വർഷം മുൻപാണ് ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി ചെയർമാനായ മമ്പറം ദിവാകരനെ പാർട്ടി വിപ്പ് ലംഘിച്ചതിന് കെ.പി.പി.സി അധ്യക്ഷൻ കെ.സുധാകരൻ പുറത്താക്കിയത്.

സുധാകരന്റെ പാർട്ടിയിലെ കടുത്ത വിമർശകരിൽ ഒരാളായിരുന്നു മമ്പറം ദിവാകരൻ. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മമ്പറം ദിവാകരൻ മത്സരിച്ചിട്ടുണ്ട്. 1995-ൽ ഇരിക്കൂർ ഡിവിഷനിൽ നിന്നും മത്സരിച്ച് ജില്ലാ പഞ്ചായത്ത് അംഗമായിട്ടുണ്ട് മമ്പറം ദിവാകരൻ.