കോട്ടയം: കേരള കോൺഗ്രസ് എമ്മിനെ യു.ഡി.എഫിലേക്ക് തിരികെ ക്ഷണിച്ചുള്ള കോൺഗ്രസ് മുഖപത്രം 'വീക്ഷണം' പത്രത്തിലെ മുഖപ്രസംഗത്തിന് 'നവപ്രതിച്ഛായ'യുടെ മറുപടി. ആത്മാഭിമാനമുള്ള ആരും യുഡിഎഫിലേക്ക് തിരികെ പോകില്ലെന്ന് പത്രം വിമർശിക്കുന്നു. കേരള കോൺഗ്രസ് എം പോയതോടെ യു.ഡി.എഫ് ത്രിതല പഞ്ചായത്തുകളിൽ തകർന്നടിഞ്ഞെന്നും മാണി ഗ്രൂപ്പ് മുഖപത്രത്തിലെ ലേഖനത്തിൽ വ്യക്തമാക്കുന്നു.

'വിഷ വീക്ഷണത്തിന്റെ പ്രചാരകർ' എന്ന തലക്കെട്ടോടെയാണ് 'നവപ്രതിച്ഛായ'യിൽ രാഷ്ട്രീയകാര്യ ലേഖകന്റെ കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുങ്ങുന്ന കപ്പലിൽ ലൈഫ് ബോട്ട് പ്രതീക്ഷിച്ച് കഴിയുകയാണ് വീക്ഷണം പാത്രാധിപരെന്ന് ലേഖനത്തിൽ വിമർശിക്കുന്നു. കേരള കോൺഗ്രസിന്റെ രാഷ്ട്രീയ വിശ്വാസ്യത തകർക്കാൻ ബോധപൂർവം ശ്രമം നടക്കുന്നു. കെ.എം മാണി ഉൾപ്പെടെയുള്ളവർ യു.ഡി.എഫിന് രൂപംനൽകുമ്പോൾ, ഇപ്പോഴത്തെ കോൺഗ്രസ് നേതാക്കൾ പലരും വള്ളിനിക്കർ പോലും ഇട്ടിരുന്നില്ലെന്നും വിമർശനമുണ്ട്.

യു.ഡി.എഫ് കേരള കോൺഗ്രസിനെ ചതിച്ച് ഏകപക്ഷീയമായി പുറത്താക്കുകയായിരുന്നുവെന്നും പ്രതിച്ഛായ ആരോപിച്ചു. കെ.എം മാണിയുടെ മരണശേഷം പാർട്ടി പിടിച്ചെടുക്കാൻ ശ്രമിച്ചവരിൽ കോൺഗ്രസ് മുഖങ്ങൾ തിളങ്ങിനിന്നു. എൽ.ഡി.എഫ് ചരിത്ര നേട്ടമുണ്ടാക്കി രണ്ടാം തവണയും അധികാരത്തിൽ വന്നു. മുഖപ്രസംഗം വീക്ഷണം പത്രത്തിനു പിന്നിൽ പ്രവർത്തിക്കുന്ന കോൺഗ്രസുകാർക്കു മിനിമം ചരിത്രബോധം വേണമെന്നും പ്രതിച്ഛായ ലേഖനത്തിൽ ആവശ്യപ്പെടുന്നു.

ജൂലൈയിൽ ഒഴിവ് വരുന്ന രാജ്യസഭ സീറ്റിന്റെ കാര്യത്തിൽ ഇടതുമുന്നണിയിലുയർന്ന അവകാശവാദത്തിന്റെയും തർക്കത്തിന്റെയും പശ്ചാത്തലത്തിലാണ് ജോസ് കെ. മാണിയെ ക്ഷണിച്ച് കോൺഗ്രസ് മുഖപത്രം രംഗത്തെത്തിയത്. ആർ.എസ്‌പിയുടെയും ജനതാദളിന്റെയുമെല്ലാം അനുഭവങ്ങൾ അടിവരയിട്ട് ഘടകകക്ഷികളോടുള്ള സിപിഎം സമീപം വിശദീകരിച്ച ശേഷം 'സിപിഎമ്മിന്റെ അരക്കില്ലത്തിൽ കിടന്ന് വെന്തുരുകാതെ യു.ഡി.എഫിലേക്ക് തിരിച്ചുവരുന്നതാണ് നല്ലതെന്നാണ്' ജോസിനുള്ള വീക്ഷണത്തിന്റെ ഉപദേശം.

എന്നാൽ, ക്ഷണത്തെ പരസ്യമായി തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. മുഖപ്രസംഗത്തിലെ ആവശ്യം അനവസരത്തിലുള്ളതാണെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ജോസ് വിഭാഗത്തെ മുന്നണിയിലേക്ക് സ്വാഗതം ചെയ്യാൻ യു.ഡി.എഫ് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് തുറന്നടിച്ചത്. യു.ഡി.എഫിലെ ജോസഫ് വിഭാഗവും അതൃപ്തി പരസ്യപ്പെടുത്തി.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ലോക്‌സഭ തെരഞ്ഞെടുപ്പിൽ മാണി കോൺഗ്രസിന്റെ സാന്നിധ്യം മലയോരമേഖലകളിലടക്കം കുറവായിരുന്നെന്ന് യു.ഡി.എഫ് വിലയിരുത്തലുണ്ടായിരുന്നു. ഫലം വരുന്നതോടെ മാണി കോൺഗ്രസിനുള്ളിലും തിരിച്ചുനടത്തത്തിനുള്ള ചർച്ചകൾക്ക് ചൂട് പിടിക്കുമെന്ന് കരുതുന്ന ഘടകകക്ഷികൾ യു.ഡി.എഫിലുണ്ട്. നേതാക്കൾ പരസ്യമായി തള്ളുമ്പോഴും ഈ സാഹചര്യങ്ങളാണ് ഒരു മുഴം മുന്നേയുള്ള മുഖപ്രസംഗത്തിന് പിന്നിൽ.

മുഖപത്രമെന്ന നിലയിൽ വീക്ഷണത്തിന്റെ മുഖപ്രസംഗം പാർട്ടിയുടെ ഔദ്യോഗിക അഭിപ്രായമാണ്. ലേഖനമാണെങ്കിൽ എഴുത്തുകാരന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് വിശദീകരിച്ച് തള്ളാമെങ്കിലും ഇത് അങ്ങനെയല്ല. 2014 മുതൽ 2024 വരെ മുന്നണിയെന്ന നിലയിൽ യു.ഡി.എഫ് സ്വീകരിച്ച ഉദാരസമീപനങ്ങൾ മുഖപ്രസംഗം എണ്ണിപ്പറയുന്നുണ്ട്.