കണ്ണൂർ: മുൻ ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് മനു തോമസിനെതിരെ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്റെ മകൻ ജെയിൻ രാജിന്റെ വക്കീൽ നോട്ടീസ്. സ്വർണം പൊട്ടിക്കൽ സംഘത്തിന്റെ കോർഡിനേറ്ററാണ് ജയിൽ രാജെന്ന മനു തോമസിന്റെ ആരോപണത്തിനെതിരെയാണ് തലശേരിയിലെ പ്രമു ഖ അഭിഭാഷകനായ അഡ്വ. കെ.വിശ്വൻ മുഖേനെ വക്കീൽ നോട്ടീസ് അയച്ചത്.

ക്വട്ടേഷൻ സംഘവുമായി തനിക്ക് യാതൊരു ബന്ധവുമിലെന്നും റെഡ് ആർമിയെന്ന സോഷ്യൽ മീഡിയ പേജുമായും ബന്ധമില്ലെന്നും ജയിൻ രാജ് വ്യക്തമാക്കി. എതിര കക്ഷികളായ മനു തോമസ്, വാർത്ത സംപ്രേഷണം ചെയ്തഏഷ്യാനെറ്റ് ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അനൂപ് ബാലചന്ദ്രൻ എന്നിവർക്കെതിരെയാണ് മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തത്. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജെയിൻ പി രാജിന്റെ വക്കീൽ നോട്ടീസ്.

പാർട്ടിയിൽ ഗ്രൂപ്പുണ്ടാക്കാൻ പി ജയരാജൻ ചർച്ച നടത്തിയെന്ന് മനു ആരോപിച്ചിരുന്നു. മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് വിദേശത്തും സ്വദേശത്തും കച്ചവടങ്ങൾ നടത്തി. പി ജയരാജൻ പാർട്ടിയെ കൊത്തിവലിക്കാൻ അവസരമൊരുക്കുകയാണെന്നും മനു തോമസ് ഫേസ്‌ബുക്കിലൂടെയാണ് ആരോപിച്ചിരുന്നു. മനു തോമസിനെതിരെ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തതായി ഫേസ്‌ബുക്കിലൂടെയാണ് ജെയിൻ അറിയിച്ചത്.

യാതൊരു ബന്ധവുമില്ലാത്ത കാര്യത്തിലേക്ക് തന്നെ വലിച്ചിഴക്കുകയും തന്റെ അച്ഛനോടുള്ള വൈരാഗ്യം തീർക്കുന്നതിന് തനിക്കെതിരെ വസ്തുതാവിരുദ്ധവും മാനഹാനി ഉണ്ടാക്കുന്നതുമായ പരാമർശങ്ങൾ നടത്തുകയും ചെയ്തതിന് കേസ് ഫയൽ ചെയ്യുമെന്ന് ജെയിൻ കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാൽപാർട്ടി നേതാവായ പി.ജയരാജനും മകനുമെതിരെ ആരോപണങ്ങൾ ശക്തമാകുമ്പോഴും പാർട്ടി കണ്ണൂർ ജില്ലാ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.