കണ്ണൂർ: പി ജയരാജനെ പിന്തുണച്ചു വെല്ലുവിളിയുമായി രംഗത്തുവന്ന ആകാശ് തില്ലങ്കേരിക്കെതിരെ സിപിഎം പുറത്താക്കിയ മനു തോമസ്. പി ജരാജനെതിരായ മനു തോമസിന്റെ ഇന്നലെത്തെ ഫേസ്‌ബുക്ക് പോസ്റ്റിന് മറുപടിയുമായി ആകാശ് തില്ലങ്കേരി ഇന്ന് രംഗത്ത് വന്നിരുന്നു. മനു തോമസിനെ ഭീഷണിപ്പെടുത്തും വിധത്തിലായിരുന്നു ആകാശിന്റെ പോസ്റ്റ്. ഈ പോസ്റ്റിന് മറുപടി നൽകി കൊണ്ടാണ് മനു വീണ്ടും ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്.

ടിപി വധവും ഷുഹൈബ് വധവും ഓർമിപ്പിച്ചാണ് ഫേസ്‌ബുക്ക് പോസ്റ്റ്. ഒഞ്ചിയവും എടയന്നൂരും വിപ്ലവമല്ല,വൈകൃതമായിരുന്നവെന്നും രൂക്ഷമായി മനു വിമർശിക്കുന്നു. പി.ജയരാജനെ സംവാദത്തിന് ക്ഷണിച്ചപ്പോൾ ക്വട്ടേഷൻ സംഘം ഭീഷണിയുമായി വന്നതിൽ ആശ്ചര്യമില്ലെന്നും മനു ഫേസ്‌ബുക്കിൽ കുറിച്ചു. പക്ഷേ നാളെയുടെ നാവുകൾ നിശബ്ദമായിരിക്കില്ല. വ്യാജ സൈന്യങ്ങളെ തെല്ലും ഭയമില്ല. സംഘടനയെ സംരക്ഷിക്കാൻ ക്വട്ടേഷൻ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന് നേതൃത്വം പറയണമെന്നും മനു തോമസ് ആവശ്യപ്പെട്ടു.

മനു തോമസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ശ്രീ. പി.ജയരാജനെ അദ്ദേഹത്തിന്റെ തന്നെ എനിക്കെതിരായ തെറ്റിദ്ധാരണജനകമായ FB പോസ്റ്റിനെ ആധാരമാക്കി ഒരു സംവാദത്തിന് ക്ഷണിച്ചപ്പോൾ കൊലവിളി- ഭീഷണിയുമായി വന്നത് ക്വട്ടേഷൻ സ്വർണം പൊട്ടിക്കൽ മാഫിയ സംഘത്തിന്റെ തലവന്മാർ ആണെന്നത് ആശ്ചര്യപ്പെടുത്തുന്നില്ല.

കണ്ണൂരിലെ സംഘടനെയെ സംരക്ഷിക്കാൻ അധികം സമയം വേണ്ട എന്ന ഭീഷണിയിൽ നിന്നും...അക്കാര്യം നിങ്ങളെ ആരെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന്- പറയണ്ട ബാധ്യത CPIMന്റെ നേതൃത്വത്തിനാണ് അതവർ പറയട്ടെ. കൊലവിളി നടത്തിയ സംഘതലവന്മാരോട് നിങ്ങൾ പറയുന്ന ഈ പ്രതിരോധമുണ്ടല്ലോ.. അത് ആർക്ക് വേണ്ടി എന്തിനൊക്കെ നടത്തിയതാണെന്ന് കൃത്യമായ ബോധ്യമുണ്ട് ' കൂടുതൽ പറയിപ്പിക്കരുത്.. ഒഞ്ചിയവും - എടയന്നൂരും ഉൾപ്പെടെ നടന്നത്- വിപ്ലവമായിരുന്നില്ല വൈകൃതമായിരുന്നു.

ജനിച്ചാൽ ഒരിക്കൽ മരിക്കണം അത് നട്ടെല്ല് നിവർത്തി നിന്ന് സമരം ചെയ്യുന്നതിനിടെ ആയിരിക്കണം ഒറ്റക്കായാലും സംഘടനയിൽ നിന്ന് ആയാലും. ആരാന്റെ കണ്ണീരും സ്വപ്നവും തകർത്ത് കിട്ടുന്ന സന്തോഷത്ത്തിലൊ ക്വട്ടേഷൻ മാഫിയ സ്വർണ്ണപ്പണത്തിന്റെ തിളക്കത്തിലൊ..ഡിവൈൻ കമ്മ്യൂണിസ്റ്റ് ഫാൻസ് പരിവേഷത്തിലോ അഭിരമിക്കുന്നവർക്ക് അത് അറിയണമെന്നില്ല ..
കൊല്ലാനാവും.. പക്ഷെ നാളെയുടെ നാവുകൾ നിശബ്ദമായിരിക്കില്ല അതുകൊണ്ട് തെല്ലും ഭയവുമില്ല.. വ്യാജ സൈന്യങ്ങളെ....

നേരത്തെ മനു തോമസിനെതിരെ ഭീഷണി മുഴക്കി ആകാശ് തില്ലങ്കേരി രംഗത്തുവന്നിരുന്നു. പാർട്ടിക്കെതിരെ എന്തും വിളിച്ചുപറയാൻ പറ്റില്ലെന്ന് ബോധ്യപ്പെടുത്താൻ വലിയ സമയം വേണ്ടെന്നും കൂടെയുള്ളവർക്കും മാധ്യമങ്ങൾക്കും സംരക്ഷിക്കാൻ കഴിഞ്ഞെന്നു വരില്ലെന്നുമാണ് ആകാശ് തില്ലങ്കേരി ഫേസ്‌ബുക്കിൽ എഴുതിയത്.

ഇന്നലെ പി ജയരാജനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് മനു തോമസ് രംഗത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് ആകാശ് തില്ലങ്കേരിയുടെ കുറിപ്പ്. ക്വട്ടഷൻ സംഘങ്ങളും പാർട്ടി നേതാക്കളും തമ്മിലുള്ള ബന്ധമെന്ന ആരോപണം വീണ്ടും ചർച്ചയായതിനു പിന്നാലെ ഫേസ്‌ബുക്കിൽ പി ജയരാജനും മനു തോമസും ഇന്നലെ ഏറ്റുമുട്ടിയിരുന്നു. ഈ സൈബർ യുദ്ധത്തിന്റെ തുടർച്ചയാണ് ഇപ്പോൾ ഉണ്ടാകുന്ന ആരോപണങ്ങളും.

ആരെയെങ്കിലും ലക്ഷ്യമിട്ട് തെറ്റായ ആരോപണം ഉന്നയിച്ചാൽ പാർട്ടി കൂട്ടുനിൽക്കില്ലെന്നും തിരുത്തേണ്ടത് മനു തോമസ് ആണെന്നുമായിരുന്നു ജയരാജന്റെ പോസ്റ്റ്. ജില്ലാ കമ്മിറ്റി അംഗം ആയതിനു പിന്നാലെ വ്യാപാര സംരഭങ്ങളിൽ നിന്ന് ഒഴിവാകണമെന്ന നിർദ്ദേശം മനു പാലിച്ചില്ലെന്നും ഒരു വിപ്ലവകാരിയുടെ പതനം മാധ്യമങ്ങൾ ആഘോഷമാക്കുന്നത് സിപിഎം വിട്ടതുകൊണ്ടെന്നും ജയരാജൻ വിമർശിച്ചു.

പിന്നാലെ ജയരാജനെതിരെ രൂക്ഷ പ്രതികരണവുമായി മനു തോമസും ഫേസ്‌ബുക്കിൽ കുറിപ്പിട്ടു. പാർട്ടിയെ പലതവണ പ്രതിസന്ധിയിലാക്കിയ ആളാണ് ജയരാജനെന്നും ഇപ്പോൾ താങ്കളുടെ അവസ്ഥ പരമ ദയനീയമാണെന്നും പറഞ്ഞ മനു തോമസ്, ക്വാറി മുതലാളിമാർക്ക് വേണ്ടി ഏരിയ സെക്രട്ടറിമാരെ സൃഷ്ടിക്കുന്ന പാടവവും പാർട്ടിയിൽ ഗ്രൂപ്പ് ഉണ്ടാക്കാൻ നോക്കിയതും മകനെയും ക്വട്ടേഷൻകാരേയും ഉപയോഗിച്ച് കെട്ടിപ്പൊക്കിയ കച്ചവടങ്ങളും ജനം അറിയട്ടെ എന്നും സംവാദത്തിന് ക്ഷണിക്കുന്നുവെന്നും കുറിപ്പിൽ പറഞ്ഞിരുന്നു.

അതേസമയം പാർട്ടിയിൽനിന്നു സ്വയം പുറത്തുപോയ മുൻ ജില്ലാ കമ്മിറ്റി അംഗത്തോട് മുതിർന്ന സംസ്ഥാനസമിതി അംഗമായി പി ജയരാജൻ കൊമ്പു കോർത്തതിൽ സിപിഎമ്മിനുള്ളിൽ അമർഷവും ശക്തമാണ്. ജില്ലാ സെക്രട്ടറി എം വിജയരാജൻ വിശദീകരിച്ച വിഷയത്തിൽ പി.ജയരാജന്റെ ഇടപെടൽ അനാവശ്യമായെന്നാണ് വിലയിരുത്തൽ. ഇത് ഇപ്പോൾ പി ജയരാജന് തന്നെയാണ് തിരിച്ചടിയായിരിക്കുന്നത്.

ക്വട്ടേഷനും സ്വർണക്കടത്തിനും പാർട്ടിയെ മറയാക്കുന്നവർ പാർട്ടിയുടെ ഔദ്യോഗിക ആളുകളായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത് അന്നത്തെ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ആശീർവാദത്തോടെയാണെന്ന് മനു തോമസ് ആരോപിച്ചിരുന്നു. ഇതിനു മറുപടിയെന്നോണമാണ് അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ചതിന് മനുവിനെതിരെ കേസ് കൊടുക്കുമെന്നു പറഞ്ഞ് പി.ജയരാജൻ വിവാദത്തിൽ കക്ഷിചേർന്നത്. ഇതോടെ മനു തോമസ് കൂടുതൽ കടുത്ത ആരോപണങ്ങളുന്നയിച്ചു.

സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘത്തിനെതിരെ പോരാടുകയായിരുന്നു എന്ന മനുവിന്റെ അവകാശവാദം കബളിപ്പിക്കലാണെന്നും കുറ്റപ്പെടുത്തിയ ജയരാജന്റെ പോസ്റ്റായിരുന്നു ഇതിനെല്ലാം കാരണം. താൻ ആരോപണമുന്നയിച്ച നേതാവിനെ വെള്ളപൂശാനാണ് ജയരാജന്റെ ശ്രമമെന്നു കരുതിയാണ് മനു വീണ്ടും രംഗത്തു വന്നത്. അല്ലാത്ത പക്ഷം ആ വിവാദം അവിടെ തീരുമായിരുന്നു. ജില്ലാ കമ്മിറ്റി വ്യക്തത വരുത്തിയ കാര്യങ്ങൾ മറ്റൊരു തരത്തിൽ സംസ്ഥാനസമിതി അംഗം വിശദീകരിച്ചത് സിപിഎമ്മിന് വലിയ തലവേദനയായി മാറിയെന്നതാണ് യാഥാർത്ഥ്യം.