- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി ജയരാജന്റെ മകൻ സ്വർണം പൊട്ടിക്കലിന്റെ കോർഡിനേറ്റർ: മനു തോമസ്
തിരുവനന്തപുരം: വെറുതെ ചൊറിയാൻ ഇറങ്ങി പണി വാങ്ങിയ അവസ്ഥയിലാണ് കണ്ണൂരിലെ ചെന്താരകമായ പി ജയരാജൻ. സിപിഎമ്മിന്റെ പാർട്ടി മെമ്പർഷിപ്പ് പുതുക്കാതെ തനിയെ പുറത്തുപോയ മനു തോമസ് എന്ന യുവനേതാവിനെ പിന്നാലെ നടന്ന് ചൊറിഞ്ഞാണ് പണി വാങ്ങിയിരിക്കുന്നത്. ആകാശ് തില്ലങ്കേരി അടക്കമുള്ളവരുടെ സംരക്ഷകനായ ജയരാജന് പൊതുജന സമക്ഷത്തിലുള്ള പിന്തുണ നഷ്ടമാകുന്ന വിധത്തിലാണ് ഇപ്പോഴത്തെ കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. പിണറായി വിജയന്റെ അടക്കം കണ്ണിൽ കരടായ ജയരാജനെതിരായ നീക്കം കൂടുതൽ ശക്തമാകാൻ ഇപ്പോഴത്തെ സംഭവവികാസങ്ങൾ കാരണമായേക്കും.
പി ജയരാജനും മകനുമെതിരെ രൂക്ഷ ആരോപണവുമായി സിപിഎം മുൻ ജില്ലാ കമ്മിറ്റി അംഗം മനു തോമസ് ഇന്ന് രംഗത്തുവന്നു. ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിന് പിന്നാലെ ഒരു ചാനലിനോടും വസ്തുകൾ തുറന്നടിച്ചുകൊണ്ട് മനു രംഗത്തുവന്നു. പി ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ക്വട്ടേഷൻ സംഘങ്ങൾക്ക് വേണ്ടിയാണെന്നാണ് മനു ആരോപിച്ചത്. പി ജയരാജന്റെ മകൻ ജെയിൻ രാജ് സ്വർണം പൊട്ടിക്കലിന്റെ കോർഡിനേറ്ററാണ്. ഇയാളാണ് റെഡ് ആർമിക്ക് പിന്നിലെന്നും മനു തോമസ് ആരോപിക്കുന്നു. പി ജയരാജന്റെ കുടുംബത്തിന് വഴിവിട്ട ബിസിനസ് താൽപ്പര്യങ്ങൾ ഉണ്ട്. ക്വട്ടേഷൻ സംഘങ്ങളുടെ വധഭീഷണിയുണ്ടെന്നും മനു തോമസ് ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോട് പറഞ്ഞു.
പി ജയരാജനുമായി വ്യക്തിപരമായി പ്രശ്‌നങ്ങളില്ലെന്നാണ് മനുവിന്റെ പക്ഷം. അതേസമയം ജയരാജൻ തനിക്കെതിരെ പോസ്റ്റിട്ടതോടെയാണ് ആഞ്ഞടിച്ചു കൊണ്ട് മനു രംഗത്തുവന്നതും. താനുമായി ഒരു സംവാദത്തിന് ജയരാജൻ ഇതുവരെ തയ്യാറായിട്ടില്ല. താൻ ഉന്നയിച്ച ചില കാര്യങ്ങളിൽ പി ജയരാജന് അസഹിഷ്ണുത ഉണ്ടെന്നും ആരെയും പേടിച്ച് പറയേണ്ടത് പറയാതിരിക്കില്ലെന്നും മനു തോമസ് പറഞ്ഞു. ചിലരുടെ സംരക്ഷണം കിട്ടിയതിനാലാണ് ക്വട്ടേഷൻ സംഘങ്ങൾ വളർന്നത്.
ഇന്ന് ക്വട്ടേഷൻ സംഘങ്ങൾ പാർട്ടിക്ക് തന്നെ തലവേദനയായി. പാർട്ടി ഇത് തിരിച്ചറിഞ്ഞ് പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മനു പറഞ്ഞു. എന്നാൽ പാർട്ടി നടപടി ഫലപ്രാപ്തിയിൽ എത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം ഫാൻസിന് വേണ്ടിയാണ് പി ജയരാജൻ ഫേസ്‌ബുക്ക് പോസ്റ്റിട്ടത്. പി ജയരാജന്റെ പ്രതികരണം പാർട്ടി തീരുമാനമല്ലെന്നും മനു തോമസ് കൂട്ടിച്ചേർത്തു.
നേരത്തെ മനുവിനെ ഭീഷണിപ്പെടുത്തി ആകാശ് തില്ലങ്കേരി രംഗത്തുവന്നതോടെയാണ് മറുപടിയുമായി മനു തോമസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിട്ടചത്. പി ജയരാജനെ സംവാദത്തിന് ക്ഷണിച്ചപ്പോൾ കൊലവിളിയുമായി എത്തിയത് ക്വട്ടേഷൻ-സ്വർണം പൊട്ടിക്കൽ മാഫിയ സംഘത്തലവന്മാരാണെന്ന് മനു തോമസ് വിമർശിച്ചു. ടി പി ചന്ദ്രശേഖരൻ വധവും ഷുഹൈബ് വധവും വിപ്ലവമായിരുന്നില്ല, വൈകൃതമായിരുന്നുവെന്നും പോസ്റ്റിൽ പറയുന്നു.
ഭീഷണിപ്പെടുത്താൻ ആരെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന് മറുപടി പറയേണ്ട ബാധ്യത സിപിഐഎം നേതൃത്വത്തിനാണ്. കൊലവിളി നടത്തിയ സംഘത്തലവന്മാരോട്, നിങ്ങൾ പറയുന്ന ഈ പ്രതിരോധം ആർക്ക് വേണ്ടിയാണ് എന്തിനാണെന്നും കൃത്യമായ ബോധ്യമുണ്ട്. കൂടുതൽ പറയിപ്പിക്കരുത്. ജനിച്ചാൽ ഒരിക്കൽ മരിക്കണം. അത് നട്ടെല്ല് നിവർത്തി നിന്ന് സമരം ചെയ്യുന്നതിനിടെ ആയിരിക്കണം, ഒറ്റയ്ക്കായാലും സംഘടനയിൽ നിന്നുകൊണ്ടായാലും. ആരാന്റെ കണ്ണീരും സ്വപ്നവും തകർത്ത് കിട്ടുന്ന സന്തോഷത്തിലോ, ക്വട്ടേഷൻ മാഫിയ സ്വർണപ്പണത്തിന്റെ തിളക്കത്തിലോ, ഡിവൈൻ കമ്മ്യൂണിസ്റ്റ് ഫാൻസ് പരിവേഷത്തിലോ അഭിരമിക്കുന്നവർക്ക് അത് അറിയണമെന്നില്ല. കൊല്ലാനാകും, പക്ഷെ നാളെയുടെ നാവുകൾ നിശബ്ദമായിരിക്കില്ല. അതുകൊണ്ട് തെല്ലും ഭയവുമില്ല', പോസ്റ്റിൽ മനു തോമസ് പറയുന്നു.
നേരത്തെ മനു തോമസിനെ വെല്ലുവിളിച്ച് ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയും സ്വർണ്ണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയും രംഗത്തെത്തിയിരുന്നു. മനു തോമസിന് അഭിവാദ്യം നേർന്ന പഴയ പോസ്റ്റിലായിരുന്നു ആകാശ് തില്ലങ്കേരിയുടെ വെല്ലുവിളി. എന്തും പറയാൻ പറ്റില്ലെന്ന് ബോധ്യപ്പെടുത്താൻ സംഘടനയ്ക്ക് അധിക സമയം വേണ്ടെന്ന് ഓർത്താൽ നല്ലതെന്നായിരുന്നു ആകാശിന്റെ മുന്നറിയിപ്പ്. ബിസിനസ് പരിപോഷിപ്പിക്കാൻ രാഷ്ട്രീയത്തിലേക്ക് വന്നയാളെന്നായിരുന്നു അർജുൻ ആയങ്കിയുടെ ഫേസ്‌ബുക്ക് കുറിപ്പ്. ഈ ഫേസ്‌ബുക്ക് പോസ്റ്റ് പിന്നീട് നീക്കം ചെയ്തു. റെഡ് ആർമിയെന്ന ഫേസ്‌ബുക്ക് പേജും മനു തോമസിനെതിരെ രംഗത്തെത്തി. പാർട്ടിയേയും പാർട്ടി നേതാക്കളേയും ഇല്ലാക്കഥകൾ പറഞ്ഞ് അപമാനിക്കാൻ നിൽക്കരുതെന്നായിരുന്നു റെഡ് ആർമിയുടെ മുന്നറിയിപ്പ്.