കണ്ണൂർ: സ്വർണ്ണക്കടത്ത് - ക്വട്ടേഷൻ സംഘങ്ങളുമായി സിപിഎമ്മിലെ നേതാക്കൾക്കുള്ള ബന്ധം പലതവണ പുറത്തുവന്നത്. എന്നാൽ, ഇത്തരക്കാരെ പാർട്ടി നേതൃത്വം സംരക്ഷിക്കുകയാണ് എന്നതിന് തെളിവായി മാറുകയാണ് കണ്ണൂരിലെ മനു തോമസ്. സ്വർണ്ണക്കടത്ത് ബന്ധമുള്ള നേതാക്കളെ ചോദ്യം ചെയ്തതിന് മനുവിന് പാർട്ടിയിൽ സ്വയം പുറത്തുപോകേണ്ട അവസ്ഥയാണ് ഉണ്ടായത്. ആരോപണ വിധേയനായ നേതാവ് പാർട്ടിയിൽ പരിക്കില്ലാതെ തുടരുകയും ചെയ്യുന്നു.

കണ്ണൂരിലെ മുൻ ഡിവൈഎഫ്‌ഐ നേതാവ് മനു തോമസ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതിയുടെ വിവരങ്ങൾ അടക്കം പുറത്തുവന്നു. യുവജന കമ്മീഷൻ ചെയർമാൻ എം ഷാജറിന്റെ പേരെടുത്ത് പറഞ്ഞു കൊണ്ടായിരുന്നു മനു തോമസിന്റെ പരാതി. സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ചേർന്ന് എം ഷാജർ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് മനു തോമസിന്റെ പരാതിയിൽ വ്യക്തമാക്കുന്നത്. ഇതിന് തെളിവായി ശബ്ദരേഖയും ജില്ലാ കമ്മിറ്റിക്ക് ലഭിച്ചതായി മനു തോമസ് പരാതിയിൽ വ്യക്തമാക്കുന്നു.

ശബ്ദരേഖ വന്നത് ആകാശ് തില്ലങ്കേരിയുടെ രഹസ്യ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ്. പരാതി അന്വേഷിക്കാൻ ഒരു വർഷത്തോളം ജില്ലാ കമ്മിറ്റി തയ്യാറായില്ലെന്നും മൂന്ന് തവണ ജില്ലാ കമ്മിറ്റിയിൽ വിഷയം ഉന്നയിച്ചെന്നും മനു തോമസ് പരാതിയിൽ പറയുന്നു. ഷാജറിന് ശ്രദ്ധക്കുറവ് ഉണ്ടായി എന്ന പരാമർശം മാത്രമാണ് അന്വേഷണ കമ്മീഷൻ നടത്തിയതെന്നും മനു തോമസ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. 2023 ഏപ്രിലിലാണ് മനു തോമസ് സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയത്.

കണ്ണൂരിലെ പാർട്ടിയിൽ പിടിമുറുക്കാൻ ശ്രമിച്ച ക്വട്ടേഷൻ സംഘങ്ങളോട് എതിരിട്ട മനു തോമസിനെ കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റിയിൽ നിന്ന് സിപിഎം ഒഴിവാക്കിയിരുന്നു. ക്രിമിനൽ സംഘവുമായി പാർട്ടി നേതാക്കൾക്കുള്ള ബന്ധം തുറന്നുകാട്ടി പരാതി നൽകിയ മനു അതിന് ശേഷമാണ് പിന്നോട്ടായത്. അംഗത്വം പുതുക്കാതിരുന്നതോടെ പദവികളിൽ നിന്നൊഴിവായി. ജില്ലാ കമ്മിറ്റി അംഗത്തിനെതിരെയുൾപ്പെടെ നൽകിയ പരാതിയിൽ അന്വേഷണം പ്രഹസനമായെന്നും പാർട്ടി ഒന്നും തിരുത്തിയില്ലെന്നും മനു തുറന്നടിച്ചിരുന്നു.

2010 ലാണ് മനു തോമസിനെ സിപിഎം തളിപ്പറമ്പ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റാക്കുന്നത്. എല്ലാവരുമായി സൗഹൃദം പുലർത്തുന്ന ജനപ്രതിനിധിയായിരുന്നു മനു തോമസ്. അതുകൊണ്ടു തന്നെ ഏറെ ജനപ്രീയതയും ഈ യുവ നേതാവിനുണ്ടായിരുന്നു. തോട്ടട എസ്.എൻ കോളേജ് എസ്. എഫ് ഐ യുനിറ്റ് പ്രസിഡന്റായാണ് മനു തോമസ് പൊതു രംഗത്തേക്ക് കടന്നു വരുന്നത് പടിപടിയായി കോളേജ് യുനിയൻ ചെയർമാൻ, സർവകലാശാല യുനിയൻ ചെയർമാൻ, എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ്, എന്നി നിലകളിൽ പ്രവർത്തിച്ചു.

ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ല പ്രസിഡന്റായതോടെ മുഴുവൻ സമയ രാഷ്ട്രീയക്കാരനായി കഴിഞ്ഞ ജില്ലാ സമ്മേളനത്തോടെയാണ് പാർട്ടി ജില്ലാ കമ്മിറ്റിയിലെക്കെത്തിയത്. ഫെബ്രുവരിയിലായിരുന്നു പാർട്ടി അംഗത്വം പുതുക്കേണ്ടിയിരുന്നത്. അംഗത്വം പുതുക്കാതെ മനു തോമസ് പാർട്ടിയിൽ നിന്നും വിട്ടു നിന്നതോടെ പുറത്തേക്കുള്ള വഴി തുറന്നു. ഈ കാര്യം പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിൽ അറിയിച്ചു. മനുവിനെ നീക്കം ചെയ്തതായി കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് കഴിഞ്ഞ ദിവസം നടന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്തത്.

സ്വർണ കടത്തിൽ പങ്കുപറ്റിയ നേതാവിനെതിരെ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയതോടെയാണ് മനുവിന്റെ സംഘടനയിലെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്നത്. സ്വർണ കടത്ത്, സൈബർ പോരാളികൾക്കെതിരെ പർട്ടിയിൽ വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാട് സ്വീകരിച്ചതോടെ മനു തോമസ് ഒറ്റപ്പെടുകയായിരുന്നു. ഇതു മനസിലാക്കി കൊണ്ടാണ് സ്വയം പടിയിറങ്ങിയത് പാർട്ടിയുടെ ഭാവി വാഗ്ദ്ധാനമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന യുവ നേതാവ് അത്യന്തം നിരാശയോടെയാണ്.

സ്വർണ കടത്ത് സംഘത്തിൽ നിന്നും ലാഭവിഹിതമായി സ്വർണം കൈപ്പറ്റി ആകാശ് തില്ലങ്കേരിക്ക് പാർട്ടി രഹസ്യങ്ങൾ ചോർത്തി നൽകുന്നുവെന്ന പരാതികളാണ് ജില്ലയിലെ പ്രമുഖനായ ഡിവൈഎഫ്‌ഐ നേതാവിനെതിരെ മനു തോമസ് പാർട്ടി ജില്ലാ നേതൃത്വത്തിന് നൽകിയത്. ഈ യുവ നേതാവും ക്വട്ടേഷൻ സംഘത്തലവനും തമ്മിൽ സംസാരിക്കുന്ന മൊബൈൽ ഫോൺ ശബ്ദരേഖ സഹിതമായിരുന്നു പരാതി നൽകിയത്. എന്നാൽ അന്നത്തെ ജില്ലാ നേതൃത്വം ഇതു ഗൗരവമായി എടുത്തില്ല. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച തെറ്റു തിരുത്തൽ രേഖ സംബന്ധിച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലും മനു ഈ വിഷയം വീണ്ടും ഉന്നയിച്ചു.

ഇതോടെ പരാതി അന്വേഷിക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ എം. സുരേന്ദ്രനെ പാർട്ടി നിയോഗിച്ചു. സ്വർണ കടത്ത് സംഘത്തിനെതിരെ നിലയുറപ്പിച്ചതോടെ മനുവിനെതിരെ അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയുമടങ്ങുന്ന സൈബർ ക്വട്ടേഷൻ സംഘം സോഷ്യൽ മീഡിയയിലൂടെ കടുത്ത അവഹേളനമാണ് നടത്തിയത്. വ്യക്തിപരമായി തെരഞ്ഞു പിടിച്ചു അക്രമിക്കുകയായിരുന്നു. പാർട്ടിക്കുള്ളിലെ ഒറ്റുകാരനായും ചിത്രീകരിക്കപ്പെട്ടു. ആരോപണ വിധേയനായ യുവ നേതാവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പാർട്ടി ഓഫിസ് ഭാരവാഹിയിൽനിന്നും മനുവിൽ നിന്നും വിശദമായി മൊഴിയെടുത്തുവെങ്കിലും എം. സുരേന്ദ്രൻ നടത്തിയ അന്വേഷണത്തിൽ യാതൊരു നടപടിയുമുണ്ടായില്ല.

അന്വേഷണം തൃപ്തികരമല്ലെന്നും ആരോപണ വിധേയനായ യുവ നേതാവിനെ ചില മുതിർന്ന നേതാക്കൾ സംരക്ഷിക്കുകയാണെന്ന മനുവിന്റെ പരാതി ബധിരകർണങ്ങളിലാണ് പതിച്ചത്. പാർട്ടിയിൽ നിന്നും ഒറ്റപ്പെടുത്താനുള്ള ശ്രമം ഒരു വിഭാഗത്തിൽ നിന്നും ഉണ്ടായതോടെയാണ് മനു സംഘടനാ പ്രവർത്തനങ്ങളിൽ നിന്നും പൂർണമായി അകന്നത്. പാർട്ടി സർക്കാർ പദവി നൽകി ഉയർത്തിയ യുവ നേതാവിന് ഇപ്പോഴും സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് മനു തോമസ് ആരോപിക്കുന്നത്. പാർട്ടി വിടേണ്ടി വന്നതിൽ തനിക്ക് നിരാശയുണ്ടെന്നും എന്നാൽ മന:സാക്ഷിയെ വഞ്ചിച്ചു മുൻപോട്ടു പോകാനാവില്ലെന്നുമാണ് മനുവിന്റെ പ്രതികരണം.

എന്നാൽ തന്നെ പുറത്താക്കിയതല്ലെന്നും താൻ സ്വയം ഒഴിയുകയായിരുന്നുവെന്നാണ് മനു തോമസ് പറയുന്നത്. 2023 ഏപ്രിൽ 13 ന് ശേഷം സംഘടനാ രംഗത്തു നിന്നും വിട്ടു നിൽക്കുകയായിരുന്നു. ജില്ലാ കമ്മിറ്റി യോഗങ്ങളിലോ പാർട്ടി പ്രവർത്തനത്തിലോ പങ്കെടുത്തിരുന്നില്ല പാർട്ടി അംഗത്വം പുതുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ നേതൃത്വം പല തവണ സമീപിച്ചെങ്കിലും സ്വയം ഒഴിഞ്ഞുമാറുകയായിരുന്നു. ഇതേ തുടർന്നാണ് പാർട്ടി ഭരണഘടന അനുസരിച്ച് അംഗത്വം പുതുക്കാത്തതിനെ തുടർന്നുള്ള സ്വാഭാവിക നടപടി സ്വീകരിച്ചതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പ്രതികരിച്ചു. എന്നാൽ പാർട്ടി തെറ്റു തിരുത്താത്തതിനാൽ പാർട്ടി ബന്ധം ഉപേക്ഷിച്ചു സ്വയം തെറ്റു തിരുത്തുകയാണെന്നാണ് ഇതിന് മറുപടിയായി മനു തോമസ് പ്രതികരിച്ചത്.

ആകാശ് തില്ലങ്കേരിയുടെ നേതൃത്വത്തിലുള്ള സ്വർണക്കടത്ത് ക്വട്ടേഷൻ സംഘത്തിനെതിരെ ഡിവൈഎഫ്‌ഐ യിൽ അതിശക്തമായ നിലപാട് സ്വീകരിച്ചത് ജില്ലാ പ്രസിഡന്റായിരുന്ന മനു തോമസായിരുന്നു. ഇതോടെയാണ് മനു തോമസിനെതിരെ ആകാശും കൂട്ടരും സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപങ്ങൾ തുടർന്നത്. എന്നാൽ ഈ സംഘങ്ങളുമായി അടുപ്പം പുലർത്തുന്ന നേതാവ് ഡിവൈഎഫ്‌ഐ സംസ്ഥാന ജോയന്റ് സെക്രട്ടറിയും സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവുമായ എം. ഷാജറാണെന്ന് മനു തോമസ് പാർട്ടിയിൽ തുറന്നടിച്ചതോടെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളും തുടങ്ങി.

ആകാശും ഷാജറും തമ്മിൽ സ്വർണ കടത്തുമായി ബന്ധപ്പെട്ടുള്ള ഇടപാടുകളും സാമ്പത്തിക കൊടുക്കൽ വാങ്ങലുകളുമുണ്ടെന്നു തെളിയിക്കുന്ന വാട്സ് ആപ്പ് ഓഡിയോയാണ് മനു തോമസ് പാർട്ടി നേതൃത്വത്തിന് കൈമാറിയത് ഷാജറിനായി സ്വർണം കൊണ്ടു വരാൻ ചെറുപുഴയിൽ കണ്ണൂരിലെ പാർട്ടി ഓഫീസ് ഭാരവാഹി പോയെന്ന ഗുരുതരമായ ആരോപണവും മനു തോമസ് ഉന്നയിച്ചിരുന്നു. എന്നാൽ ഇതേ കുറിച്ചു അന്വേഷണം നടത്തിയ എം. സുരേന്ദ്രൻ നൽകിയ റിപ്പോർട്ട് പുഴ്‌ത്തിവയ്ക്കുകയായിരുന്നു പാർട്ടി ജില്ലാ നേതൃത്വം ചെയ്തത്.