തിരുവനന്തപുരം: ഡിവൈഎഫ്ഐ മുൻ നേതാവ് നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നിരവധി തവണയായി കേരളത്തിലെ പ്രതിപക്ഷം സർക്കാരിനും സിപിഎമ്മിനും എതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിവരയിടുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നാട്ടിലെ ക്വട്ടേഷൻ മയക്കുമരുന്ന് ഗുണ്ടാ മാഫിയകൾക്ക് കേരളത്തിലെ ഭരണകക്ഷിയാണ് രാഷ്ട്രീയ രക്ഷകർതൃത്വം നൽകുന്നത്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഇപ്പോൾ നടത്തിയിരിക്കുന്ന വെളിപ്പെടുത്തൽ. സിപിഎം ഉന്നത നേതാവായ പി.ജയരാജനും അദ്ദേഹത്തിന്റെ മകനും എതിരെയാണ് ഡിവൈഎഫ്ഐ നേതാവ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സ്വർക്കള്ളക്കടത്ത് സംഘങ്ങളുമായും സ്വർണം പൊട്ടിക്കൽ സംഘങ്ങളുമായും ക്വട്ടേഷൻ സംഘങ്ങളുമായും പി ജയരാജനും മകനും ബന്ധമുണ്ടെന്നാണ് വെളിപ്പെടുത്തൽ. മലയോര മേഖലയിൽ ക്വാറി മുതലാളിമാർക്ക് സൗകര്യം ചെയ്തു കൊടുക്കാൻ പറ്റിയ ഏരിയ സെക്രട്ടറിമാരെ നിയമിക്കുന്ന തലത്തിലേക്ക് സിപിഎം തരംതാഴ്ന്നു. സിപിഎമ്മിനെ ജീർണത ബാധിച്ചിരിക്കുന്നു എന്ന പ്രതിപക്ഷ ആരോപണം ശരിയാണെന്നാണ് ഡിവൈഎഫ്ഐ നേതാവ് വ്യക്തമാക്കിയിരിക്കുന്നതെന്ന് സതീശൻ പറഞ്ഞു.

വെളിപ്പെടുത്തൽ നടത്തിയ മനു തോമസിനെ ഇപ്പോൾ ഭീഷണിപ്പെടുത്തുകയാണ്. മയക്കുമരുന്ന് സ്വർണക്കടത്ത് കേസുകളിൽ ഉൾപ്പെട്ട ക്വട്ടേഷൻ സംഘാംഗങ്ങളായ ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയുമൊക്കെയാണ് ഭീഷണിക്ക് പിന്നിൽ. പാർട്ടിക്കെതിരെ സംസാരിച്ചാൽ അത് അവസാനിപ്പിക്കാൻ അറിയാമെന്നാണ് ഭീഷണി. ഷുഹൈബ് വധത്തിൽ സിപിഎമ്മിന് പങ്കുണ്ടന്ന വെളിപ്പെടുത്തൽ നടത്തിയ ക്രിമിനൽ കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയാണ് ഇപ്പോൾ പാർട്ടിയെ സംരക്ഷിക്കുന്ന ക്രിമിനലായി ഇപ്പോൾ രംഗപ്രവേശം ചെയ്തിരിക്കുകയാണ്. ഇവർക്കെല്ലാം സിപിഎം നേതാക്കളാണ് കുടപിടിച്ചു കൊടുക്കുന്നത്.

എം. ഷാജിർ എന്ന ഡിവൈഎഫ്ഐ മനു തോമസ് ജില്ലാ കമ്മിറ്റിയിൽ ആരോപണം ഉന്നയിക്കുകയും ആകാശ് തില്ലങ്കേരിയുടെ ശബ്ദരേഖ ഹാജരാക്കി. ക്രിമിനൽ സംഘങ്ങളുമായുള്ള ബന്ധത്തിന്റെ പേരിൽ ആരോപണ വിധേയനായ ഷാജിറിനെ സിപിഎം യുവജന കമ്മിഷൻ ചെയർമാനായി സ്ഥാനക്കയറ്റം നൽകി. ആകാശ് തില്ലങ്കേരിക്ക് ട്രോഫി സമ്മാനിച്ച ആളാണ് ഇപ്പോൾ യുവജനകമ്മിഷൻ ചെയർമാനായി ഇരിക്കുന്നത്. ഇവരൊക്കെയാണ് സിപിഎമ്മിന്റെ അടുത്ത തലമുറയാണ്.

ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് മുഴുവൻ സർക്കാർ പരോൾ നൽകുകയാണ്. പരോളിൽ ഇറങ്ങുന്ന ഈ പ്രതികൾ സ്വർണക്കള്ളക്കടത്ത് നടത്തുകയും സ്വർണം പൊട്ടിക്കൽ നടത്തുകയും മയക്കുമരുന്ന് വിതരണം ചെയ്യുകയും ചെയ്ത കേസുകളിൽ പ്രതികളായി. അറിയപ്പെടുന്ന ക്രിമിനലുകൾക്കാണ് തോന്നിയതു പോലെ പരോൾ നൽകുന്നത്. അവർക്ക് ജയിലിൽ നിന്നു വരെ ക്വട്ടേഷൻ നടപ്പാക്കാനുള്ള സംവിധാനങ്ങളാണ് ഒരുക്കിക്കൊടുത്തിരിക്കുന്നത്. കഴിഞ്ഞ കുറേക്കാലങ്ങളായി സിപിഎം ക്വട്ടേഷൻ സംഘങ്ങളെയും അധോലോക മാഫിയകളെയും വളർത്തിയതിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കേരളത്തിൽ മയക്കു മരുന്ന് മാഫിയ തഴച്ചു വളരുന്നതിന്റെ പിന്നിലും സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും രാഷ്ട്രീയ രക്ഷകർതൃത്വമാണെന്ന പ്രതിപക്ഷ ആരോപണമാണ് ഇപ്പോൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നത്.

അധോലേക സംഘങ്ങൾക്ക് മുഴുവൻ സിപിഎം കുടപിടിച്ചു കൊടുക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. ഏരിയാ സെക്രട്ടറിമാരാണ് എസ്.എച്ച്.ഒമാരെ നിയന്ത്രിക്കുന്നത്. ജില്ലാ സെക്രട്ടറിമാരാണ് എസ്‌പിമാരെയും നിയന്ത്രിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്തു ചെയ്യണമെന്ന് തീരുമാനിക്കുന്നത്.

വടകരയിൽ യൂത്ത് ലീഗ് നേതാവിന്റെ പേരിൽ 'കാഫിർ' എന്ന വ്യാജ പോസ്റ്ററുണ്ടാക്കി പ്രചരിപ്പിച്ച സിപിഎം നേതാക്കൾക്കെതിരെ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. വ്യാജ പോസ്റ്റർ ഷെയർ ചെയ്ത സിപിഎം മുൻ എംഎ‍ൽഎയ്ക്കെതിരെയും കേസില്ല. തിരഞ്ഞെടുപ്പ് കാലത്ത് മുഴുവൻ ഷെയർ ചെയ്ത ഈ പോസ്റ്റർ 40 ദിവസത്തിന് ശേഷമാണ് പിൻവലിച്ചത്. യു.ഡി.എഫ് നേതാക്കളും വനിത മാധ്യമ പ്രവർത്തകരും ഉൾപ്പെടെയുള്ളവരെയും അധിക്ഷേപിച്ചിരുന്ന സിപിഎം ഹാൻഡിലുകൾ ഇപ്പോൾ പരസ്പരം പോരടിക്കുകയാണ്. അധികാരം സിപിഎമ്മിനെ ദുഷിപ്പിച്ചു. അധികാരം പങ്കുവയ്ക്കുന്നതിന് വേണ്ടി നടക്കുന്ന തർക്കമാണ് ഇപ്പോൾ സിപിഎമ്മിൽ നടക്കുന്നത്. മനു തോമസ് നടത്തിയ വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷണം നടത്താൻ സർക്കാർ തയാറാകണം.

കീഴ് വഴക്കമുണ്ടെങ്കിലും മനു തോമസിന്റെ വെളിപ്പെടുത്തൽ സംബന്ധിച്ച വിഷയം അവതരിപ്പിക്കാൻ സ്പീക്കർ അനുമതി നൽകിയില്ല. അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂർ ഡി.സി.സി കളക്ടറേറ്റിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നുണ്ട്. കേരളം ഭരിക്കുന്ന പാർട്ടിയുടെ യഥാർത്ഥ മുഖമാണ് പുറത്തു വന്നിരിക്കുന്നത്.

വടകര പാർലമെന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള വ്യാജ പോസ്റ്ററിന്റെ നിർമ്മിതിയും അതിന്റെ പ്രചരണവും സംബന്ധിച്ച ചോദ്യമാണ് ഇന്ന് നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ചത്. എന്നാൽ അതിന്റെ മറുപടിൽ നിന്നും രക്ഷപ്പെടാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രജിസ്റ്റർ ചെയ്ത സൈബർ കേസുകളെ കുറിച്ചാണ് മന്ത്രി പറഞ്ഞത്. നിയമസഭ നടപടികളെ ദുരുപയോഗം ചെയ്യുന്നതിന് മന്ത്രിയും കൂട്ടു നിൽക്കുകയാണ്. മന്ത്രി നേരത്തെ സ്പീക്കറായിരുന്ന ആളാണ്. ചോദ്യവുമായി യാതൊരു ബന്ധവും ഇല്ലാത്ത മറ്റു ചോദ്യങ്ങൾചോദിച്ച് വിഷയത്തിൽ നിന്നും മാറ്റാനാണ് ശ്രമിച്ചത്. ബഹളം ഉണ്ടാക്കാനും പ്രകോപനമുണ്ടാക്കാനും ഓടിനടന്ന് നിർദ്ദേശം നൽകിയത് പൊതുമരാമത്ത് മന്ത്രിയാണ്. മുഖ്യമന്ത്രി ഇല്ലാത്ത സമയം ഫ്ളോറിന്റെ ചുമതല പൊതുമരാമത്ത് മന്ത്രിയെയാണോ എൽപ്പിച്ചതെന്ന് പോലും സംശയം തോന്നും.

കഴിഞ്ഞ ദിവസം അടിയന്തിര പ്രമേയത്തിന് മുഖ്യമന്ത്രി നൽകേണ്ട മറുപടി സ്പീക്കർ നൽകിയതുമായി ബന്ധപ്പെട്ട് സ്പീക്കർ ഇന്നലെ നൽകിയ കത്തിലെ വാചകങ്ങൾ തെറ്റാണ്. ആഭ്യന്തര വകുപ്പിന്റെ ഫയൽ ഒരിക്കലും ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റിന് പരിശോധിക്കാനാകില്ല. പത്ര വാർത്ത വന്നു എന്നാണ് കത്തിൽ പറഞ്ഞത്. പത്ര വർത്ത മാത്രമല്ല, ജയിൽ സൂപ്രണ്ട് കമ്മിഷണർക്ക് നൽകിയ കത്തും മൂന്ന് പൊലീസ് സ്റ്റേഷനുകളിൽ നിന്നും കെ.കെ രമയുടെ മൊഴിയെടുത്തതും ഉൾപ്പെടെ നിരവധി തെളിവുകളുണ്ട്. സർക്കാരിന് വേണ്ടി സ്പീക്കർ മറുപടി പറഞ്ഞത് അനൗചിത്യമാണ്.

ടി.പി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകരുതെന്ന് ഹൈക്കോടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം മൂന്നിന് ശിക്ഷാ ഇളവ് നൽകരുന്നെ ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് സെക്രട്ടറി ഉത്തരവ് ഇറക്കിയിട്ടും കെ.കെ രമയുടെ മൊഴി എടുത്ത സാഹര്യത്തെ കുറിച്ചാണ് പറയേണ്ടത്. ആഭ്യന്തര സെക്രട്ടറിക്കും മീതെ പറക്കുന്ന പരുന്ത് ആരാണ്? അവരാണ് ഭരിക്കുന്നത്. ടി.പി വധക്കേസ് ഗൂഢാലോചനയിൽ പങ്കാളികളായ സിപിഎം നേതാക്കളുടെ പേര് പുറത്തു പറയുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തുകയാണ്. അഭ്യൂഹമാണെങ്കിൽ മൂന്ന് സ്റ്റേഷനുകളിൽ നിന്നും വന്ന് ഒരു എംഎ‍ൽഎയുടെ മൊഴിയെടുക്കുമോ? പിണറായി വിജയൻ കസേരയിൽ ഇരിക്കുമ്പോൾ കേരളത്തിലെ പ്രതിപക്ഷമാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതെന്ന സംശയം ഉണ്ടെങ്കിൽ ആ കസേരയിൽ ഇരിക്കാൻ പിണറായി വിജയൻ യോഗ്യനല്ലെന്ന എന്നാണ് മന്ത്രി എം.ബി രാജേഷ് പറഞ്ഞതിന്റെ അർത്ഥം. കണ്ണൂർ ജില്ലയിലെ മൂന്ന് പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാർ പ്രതിപക്ഷം പറഞ്ഞിട്ടാണ് കെ.കെ രമയുടെ മൊഴിയെടുത്തതെന്നാണ് മന്ത്രി എം.ബി രാജേഷ് പറഞ്ഞത്. അപ്പോൾ ആഭ്യന്തരവും ജയിലും ഭരിക്കുന്നത് പ്രതിപക്ഷമാണോ? അങ്ങനെയൊന്നും പറഞ്ഞ് ഞങ്ങളെ വലിയ ആളുകളാക്കരുത്.-സതീശൻ വിശദീകരിച്ചു.