കണ്ണൂർ: ഡിവൈഎഫ്ഐ മുൻ ജില്ലാ പ്രസിഡന്റും സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമായ മനു തോമസിനെതിരെ പാർട്ടി അച്ചടക്കനടപടി. പാർട്ടി അംഗത്വത്തിൽ നിന്നും മനു തോമസിനെ അന്വേഷണ വിധേയമായിപുറത്താക്കി. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മനു തോമസിനെതിരെ നേരത്തെ പാർട്ടിക്കുള്ളിൽ പരാതി ഉയർന്നിരുന്നു. പാർട്ടി നടപടി ഉറപ്പായതിനാൽ 2023 മുതൽ മനു തോമസ് മെമ്പർഷിപ്പ് പുതുക്കിയില്ല. ഒരു വർഷമായി പാർട്ടി പരിപാടികളിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു.

ഒരു വർഷത്തിലധികമായി പാർട്ടി യോഗത്തിലും പരിപാടികളിൽ നിന്നും പൂർണ്ണമായി വിട്ടു നിന്നിട്ടും മനു തോമസിനെതിരെ നടപടി എടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് മനു തോമസിനെ പുറത്താക്കി തീരുമാനം എടുത്തത്. മെമ്പർഷിപ്പ് പുതുക്കാത്തതിനാണ് നടപടിയെന്ന് ഔദ്യോഗിക വിശദീകരണം.

ഡിവൈഎഫ്ഐ മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു മനു തോമസ്. സിപിഎം സൈബർ പോരാളികളായ സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയരായ ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയും മനു തോമസിനെതിരെ സോഷ്യൽ മീഡിയയിൽ ആരോപണവുമായി രംഗത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടു പൊലിസിൽ പരാതിയുമുണ്ട്.