പത്തനംതിട്ട: സർക്കാരിനെതിരായ തന്റെ വിമർശനത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് യാക്കോബായ സഭ മുൻ നിരണം ഭദ്രസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. തന്റെ നേർക്കുള്ള വ്യക്തിപരമായ പരാമർശങ്ങളോട് പ്രതികരിച്ചിട്ടില്ല. അത് ഇനി ഉണ്ടാവില്ലെന്നും ഗീവർഗീസ് കൂറിലോസ് പറഞ്ഞു. ഇടതുപക്ഷമാണ് തന്റെ ഹൃദയപക്ഷമെന്നും ഗീവർഗീസ് മാർ കൂറിലോസ് കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ വിവരദോഷി പരാമർശത്തിലായിരുന്നു കൂറിലോസിന്റെ പ്രതികരണം.

'പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. വിഷയം അവസാനിച്ചു. പറഞ്ഞത് പറഞ്ഞതാണ്. അതിന് അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ ഇല്ല. വ്യക്തിപരമായ പരാമർശങ്ങളോട് പ്രതികരിച്ചിട്ടില്ല. അത് ഇനി ഉണ്ടാകില്ല. ഇതിന് അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ ഇല്ല. മറ്റൊരു വാക്കും എന്റെ പക്കൽ നിന്നും കിട്ടില്ല. ഞാൻ എന്നും ഇടതുപക്ഷത്തായിരിക്കും. ഇടതുപക്ഷമാണ് എന്റെ ഹൃദയപക്ഷം' ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇത്തവണയും ഒരു സീറ്റിൽ ഒതുങ്ങിയ എൽഡിഎഫിനെ വിമർശിച്ച് ഗീവർഗീസ് കൂറിലോസ് രംഗത്ത് വന്നിരുന്നു. കിറ്റ് രാഷ്ട്രീയത്തിൽ ഒന്നിലധികം തവണ ജനം വീഴില്ലെന്നും പ്രളയവും മഹാമാരിയും എപ്പോഴും രക്ഷക്കെത്തണമെന്നില്ലെന്നും ധാർഷ്ട്യം തുടർന്നാൽ വലിയ തിരിച്ചടിയുണ്ടാകുമെന്നുമായിരുന്നു വിമർശനം. പിന്നാലെ പരസ്യവിമർശനവുമായി മുഖ്യമന്ത്രിയെത്തി.

പ്രളയം വീണ്ടും വരണമെന്ന് പറയുന്ന ചില വിവരദോഷികൾ പുരോഹിതന്മാരുടെ ഇടയിലും ഉണ്ടാവുമെന്നാണ് ഈ പ്രസ്താവനയിലൂടെ വ്യക്തമാവുന്നതെന്ന് മുഖ്യമന്ത്രി കടന്നാക്രമിച്ചു. തർക്കുത്തരത്തിന് വേണ്ടിയല്ല താൻ വിമർശനം ഉന്നയിച്ചതെന്നും ആശയങ്ങളിൽ ഏറ്റുമുട്ടാം എന്നതല്ലാതെ തനിക്കെതിരെ വ്യക്തിപരമായി നടത്തിയ പരാമർശങ്ങളിൽ പ്രതികരിക്കാനില്ലെന്നും ഇന്നലെ തന്നെ ഗീവർഗീസ് കൂറിലോസ് വ്യക്തമാക്കിയിരുന്നു.

അതേസമയം വിഷയത്തിൽ പരിഹാസ്യവുമായി പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിണറായി വിജയൻ കാലം കാത്തുവച്ച നേതാവാണ് എന്നു പറഞ്ഞയാളാണ് ഗീവർഗീസ് മാർ കൂറിലോസ്. അദ്ദേഹത്തെ തന്നെ അങ്ങനെ വിളിച്ചപ്പോൾ സന്തോഷമായെന്ന് സതീശൻ പരിഹസിച്ചു കൊണ്ട് പറഞ്ഞു.

തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുരോഗമനപരമായി അഭിപ്രായം പറയുന്ന ഒരു പുരോഹിതൻ സർക്കാരിനെ വിമർശിച്ചപ്പോൾ, അതിനോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം എത്ര തരംതാണതാണെന്നും ഇത് മുഖ്യമന്ത്രിയുടെ നിലവാരത്തിന് ചേർന്നതല്ലെന്നും സതീശൻ വ്യക്തമാക്കി.

മഹാഭാരതത്തിൽ ധൃതരാഷ്ട്രരോട് വിദുരർ പറയുന്നുണ്ട്; അപ്രിയങ്ങളായ സത്യങ്ങൾ പറയുന്നതും കേൾക്കുന്നതും വളരെ ദുർബലമായ ആളുകളായിരിക്കും. പക്ഷെ പ്രിയങ്ങളായ സത്യങ്ങൾ പറയാനും കേൾക്കാനും ഒരുപാട് പേരുണ്ടാകും. മുഖ്യമന്ത്രിക്ക് ചുറ്റുമുള്ള ഉപജാപകസംഘം പറയുന്ന ഇരട്ടച്ചങ്കൻ, കാരണഭൂതൻ തുടങ്ങിയ വാക്കുകൾ കേട്ട് അദ്ദേഹം കോൾമയിർ കൊണ്ടിരിക്കുകയാണെന്ന് സതീശൻ പറഞ്ഞു.