- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും ആഞ്ഞടിച്ച് മറിയക്കുട്ടി; ക്ഷേമ പെൻഷൻ വൈകുന്നത് തുടരുമ്പോൾ
തിരുവനന്തപുരം: പിണറായിയുടെതല്ലാത്ത ഏത് പാർട്ടി വിളിച്ചാലും രാത്രിയോ പകലോ എന്നൊന്നും നോക്കാതെ പരിപാടികളിൽ പങ്കെടുക്കുമെന്ന നിലപാടിൽ മറിയക്കുട്ടി. തൃശൂരിലെ മോദിയുടെ പരിപാടിയിൽ പങ്കെടുത്തത് തെറ്റാണെന്ന് തോന്നിയിട്ടില്ല. അവിടെ മെമോറാണ്ടം നൽകാനാണ് പോയത്. അല്ലാതെ പിണറായിയെ പോലെ മോദിയെ കെട്ടിപ്പിടിച്ച് ഉമ്മവച്ചിട്ടില്ലെന്നും മറിയക്കുട്ടി പറഞ്ഞു. സെക്രട്ടേറിയറ്റ് നടയ്ക്കൽ സേവ് കേരള ഫോറം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മറിയക്കുട്ടി. അതിരൂക്ഷ വിമർശനമാണ് മറിയക്കുട്ടി ഉന്നയിക്കുന്നത്.
'ഞാൻ തൃശൂരിലെ മോദിയുടെ പരിപാടിയിൽ പങ്കെടുത്തത് ശരിയാണ്. പാവങ്ങൾക്ക് അരികിട്ടുന്നില്ല, പെൻഷൻ കിട്ടുന്നില്ല. കുഞ്ഞുപിള്ളേരെ കൊല്ലുന്നു. അവിടെ ഞാൻ പോയത് പ്രധാനമന്ത്രിക്ക് മെമോറാണ്ടം നൽകാനാണ് പോയത്. അല്ലാതെ പിണറായിയെ പോലെ മോദിയെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചിട്ടില്ല. സ്വർണക്കടത്തിന് ഞാൻ പോയിട്ടില്ല. അതുകൊണ്ട് മോദിയെ കെട്ടിപ്പിടിക്കേണ്ടിയും വന്നിട്ടില്ല. ഇനിയും ഞാൻ പോകും. പിണറായിയുടെത് ഒഴികെ ഏത് പാർട്ടിയുടെയും പരിപാടിക്ക് പോകും. അത് രാത്രിയോ പകലോ എന്നൊന്നുമില്ല-മറിയക്കുട്ടി വിശദീകരിച്ചു. തീർത്തും സിപിഎമ്മിന് എതിരാണ് നിലപാടുകൾ. തനിക്കൊരു രാഷ്ട്രീയവുമില്ലെന്നും പറഞ്ഞു വയ്ക്കുകായണ് മറിയക്കുട്ടി.
പിണറായിയോട് മാസപ്പടിയിൽ നിന്നല്ല പെൻഷൻ ചോദിക്കുന്നത്. ജനങ്ങളുടെ നികുതിയിൽ നിന്ന് കിട്ടുന്ന കാശുമതി. ജനങ്ങളുടെ അവകാശം മാത്രമാണ് ചോദിച്ചത്. തന്നെക്കൊണ്ട് ഇത്രയും കൊള്ളരുതായ്മ ചെയ്യിച്ചത് സിപിഎം ഗുണ്ടകളാണ്. ഗുണ്ടകൾ പൊലീസുകാരുടെ യൂണിഫോം വരെ തയ്ച് വച്ചിരിക്കുകയാണ്. ഈ തയ്ച്ച് വച്ചു കുപ്പായമൊക്കെ പിണറായി ഇറങ്ങിപ്പോകുമ്പോൾ ആർക്ക് കൊടുക്കും. അനേകം ആളുകൾ ഇവിടെ ഭരിച്ചിട്ടുണ്ട്. ഇതുപോലെയൊരാൾ കേരളം ഭരിച്ചിട്ടില്ല. പിണറായിയെക്കാൾ എത്രസത്യമായിട്ടാണ് ഞാൻ ജീവിക്കുന്നത്. പാവങ്ങളെ നന്നാക്കാൻ കയറിയ പിണറായിയും ഗുണ്ടകളും ദൈവത്തോയോർത്ത് ഞങ്ങളെ ഉപദ്രവിക്കരുത്'- മറിയക്കുട്ടി പറഞ്ഞു.
ഇടുക്കി അടിമാലി ഇരുനൂറേക്കർ സ്വദേശി 87 വയസ്സുകാരി മറിയകുട്ടി ഇന്ന് കേരളത്തിന് സുപരിചിതയാണ്. ക്ഷേമ പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് അടിമാലി ടൗണിൽ പിച്ചച്ചട്ടിയെടുത്ത് ഭിക്ഷ യാചിച്ചതോടെയാണ് അവർ ശ്രദ്ധാകേന്ദ്രമാകുന്നത്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അതുകൊണ്ട് തന്നെ ക്ഷേമ പെൻഷൻ ഇനിയും നൽകുന്നത് വൈകാനാണ് സാധ്യത. ചെറുപ്പം മുതലേ ചുറ്റിലുമുള്ള കൊള്ളരുതായ്മകൾക്കെതിരെ മുഖം നോക്കാതെ ശബ്ദമുയർത്തിയിരുന്ന വ്യക്തിയാണ് മറിയക്കുട്ടി.. നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളത്. നേരിൽ കണ്ടിട്ടുള്ള തർക്കങ്ങളിലും അടിപിടിക്കേസുകളിലും പക്ഷംപിടിക്കാതെ പൊലീസിൽ സാക്ഷി പറയാനും പരാതിപ്പെടാനും മടികാട്ടത്ത വ്യക്തിത്വം.
ക്ഷേമ പെൻഷൻ മുടങ്ങിയതിനെത്തുടർന്നാണ് മൺചട്ടിയുമായി അടിമാലി ടൗണിൽ ഭിക്ഷ യാചിച്ച് സമരം നടത്തിയത്. വിധവാ പെൻഷൻ കുടിശിക അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ അതോടെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് എന്നെ തകർക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് മറിയക്കുട്ടി പറയുന്നത്. മന്നാങ്കണ്ടം വില്ലേജിലെ പഴമ്പിള്ളിച്ചാലിൽ ഒന്നര ഏക്കർ ഭൂമിയുണ്ടെന്നും രണ്ട് വീടുണ്ടെന്നും ഒരു വീടിന്റെ വാടക മാസം 5,000 രൂപയാണെന്നും വ്യാജ പ്രചാരണം നടത്തി. മിണ്ടാതിരിക്കേണ്ട ആവശ്യമില്ലല്ലോ. സ്ഥലമുണ്ടെങ്കിൽ രേഖകൾ നൽകണമെന്നാവശ്യപ്പെട്ട് വില്ലേജ് ഓഫീസിൽ അപേക്ഷ നൽകി.
മന്നാങ്കണ്ടം വില്ലേജിൽ ഒരിടത്തും എനിക്ക് സ്വന്തമായി ഭൂമിയില്ലെന്ന് വില്ലേജ് അധികൃതർ സാക്ഷ്യപത്രം നൽകി. ഇത് കോടതിയിൽ ഹാജരാക്കി. വീടുകൾ തന്റെയല്ലെന്നും രേഖമൂലം തെളിയിച്ചു. ക്ഷേമപെൻഷൻ ആരും സൗജന്യമായി വെച്ചുനീട്ടിയ ഔദാര്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഒടുവിൽ സമ്മതിച്ചുവെന്നതാണ് വസ്തുത. എണ്ണമറ്റ പോരാട്ടങ്ങളിലൂടെയും ഇടതുപക്ഷ സർക്കാരുകളുടെ ഇടപെടലുകളിലൂടെയുമാണ് ക്ഷേമപെൻഷനുകൾ ലഭ്യമായത്. ഇതിനായി ശ്രമിച്ചതാരാണെന്നും അത് തടയാൻ തയ്യാറായത് ആരാണെന്നും സമൂഹത്തിന് അറിയാം -അദ്ദേഹം പറഞ്ഞു. കേരള കർഷകത്തൊഴിലാളി യൂണിയന്റെ കേരള പുരസ്‌കാരം സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
ക്ഷേമപെൻഷൻ അവകാശമാണെന്ന വാദം ഉയർത്തി മറിയക്കുട്ടി കോടതിയെ സമീപിച്ചത് ഏറെ ചർച്ചയാകുകയും പ്രതിപക്ഷവും ബിജെപി.യും അത് സർക്കാരിനെതിരേ ആയുധമാക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.