- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുതുപ്പള്ളിയിലേക്ക് മാസപ്പടി വിവാദം കടക്കാതിരിക്കാൻ 'കരുതൽ'; ചോദ്യം ഉയർന്നപ്പോഴേ എല്ലാം പറഞ്ഞുകഴിഞ്ഞെന്ന് പറഞ്ഞ് വാർത്താ സമ്മേളനം അവസാനിപ്പിച്ച് എം വി ഗോവിന്ദൻ; വിവാദത്തിൽ മുഖ്യമന്ത്രി പ്രതികരിക്കേണ്ടതില്ല എന്ന് സിപിഎം ധാരണ; ഒന്നും പറയേണ്ടെന്ന് നേതാക്കൾക്കും മന്ത്രിമാർക്കും പാർട്ടി നിർദ്ദേശം; തന്ത്രപരമായ പിന്മാറ്റം വിവാദം സ്വയം തണുത്തോളുമെന്ന പ്രതീക്ഷയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ മറുപടി പറയാതെ ഗോവിന്ദൻ ഒഴിഞ്ഞുമാറിയത് ശ്രദ്ധേയമായി. മാസപ്പടി വിവാദം സംബന്ധിച്ച് ചോദ്യമുയർന്നപ്പോൾ വാർത്താസമ്മേളനം അവസാനിപ്പിച്ച് ഗോവിന്ദൻ മടങ്ങി. എല്ലാം ഇക്കാര്യത്തെ കുറിച്ച് പറഞ്ഞുകഴിഞ്ഞതാണ്. ഇനിയൊന്നും പറയാനില്ലെന്ന് പറഞ്ഞ് തുടർചോദ്യങ്ങളിൽനിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.
നേരത്തേ മാസപ്പടി വിവാദത്തിൽ വീണാ വിജയനെ പൂർണമായി പ്രതിരോധിച്ചുകൊണ്ട് സിപിഎം പ്രസ്താവന ഇറക്കിയിരുന്നു. കരിമണൽ കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും ഇടപാടുകൾ സുതാര്യമാണെന്നും നേരത്തേ ഗോവിന്ദൻ പ്രതികരിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ സിപിഎം പ്രതികരണം നടത്തില്ല. വിവാദം ചർച്ചയാകാതിരിക്കാനാണ് ഇത്.
വിവാദത്തിൽ മുഖ്യമന്ത്രി പ്രതികരിക്കേണ്ട എന്നാണ് പാർട്ടിയിലെ ധാരണ. എം വി ഗോവിന്ദൻ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞ് മാറിയതും ഈ തീരുമാനത്തെ തുടർന്നാണ്. സംസ്ഥാന സമിതിയിലും മുഖ്യമന്ത്രി വിവാദത്തെ കുറിച്ച് വിശദീകരിച്ചിട്ടില്ല.
മുഖ്യമന്ത്രിയും വീണയും മന്ത്രി മുഹമ്മദ് റിയാസും മാസപ്പടി വിവാദത്തിൽ പ്രതികരിച്ചിട്ടില്ല. മാസപ്പടി ചർച്ചയാകുന്ന തരത്തിലുള്ള പ്രതികരണങ്ങളിൽനിന്ന് മാറിനിൽക്കാൻ നേതാക്കൾക്കും മന്ത്രിമാർക്കും പാർട്ടി നിർദ്ദേശം നൽകി. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും പാർട്ടി പ്രതികരിച്ച് വിഷയം സജീവമാക്കേണ്ടെന്നും സെക്രട്ടേറിയറ്റ് യോഗത്തിൽ അഭിപ്രായം ഉയർന്നു.
മാസപ്പടിയിൽ അഴിമതിയില്ലെന്ന നിലപാടിലാണ് സിപിഎം. കേന്ദ്രകമ്മിറ്റി യോഗങ്ങളുടെ റിപ്പോർട്ടിംഗിനൊപ്പം രാഷ്ട്രീയ സ്ഥിതിയും സമീപകാല വിവാദങ്ങളും ചർച്ചയാകുമെന്ന് കരുതിയ സംസ്ഥാന നേതൃയോഗങ്ങൾക്ക് ശേഷമാണ് എം വി ഗോവിന്ദൻ ഇന്ന് മാധ്യമങ്ങളെ കണ്ടത്. എകെജി സെന്ററിൽ വിളിച്ച വാർത്താസമ്മേളനത്തിൽ കേന്ദ്രത്തിന് എതിരായ പ്രക്ഷോഭങ്ങളും, പുതുപ്പള്ളി തെരഞ്ഞെടുപ്പ് രാഷ്ട്രീയവും, എൻഎസ്എസുമായി അകൽച്ചയില്ലെന്നും എല്ലാം വിശദീകരിച്ചു. എന്നാൽ ചോദ്യം മാസപ്പടിയിലെത്തിയപ്പോൾ വാർത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.
നേതൃയോഗങ്ങളിലും മാസപ്പടി ചർച്ചയായില്ലെന്നാണ് സൂചന. വീണ വിജയന്റെ കൺസൾട്ടൻസി സ്ഥാപനം കരിമണൽ കമ്പനിയുമായി ഉണ്ടാക്കിയ കരാർ നിയമപരമെന്നും ഇടപാട് സുതാര്യമെന്നുമാണ് കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ മുതൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വരെയുള്ളവർ സ്വീകരിച്ച നിലപാട്. നിയമപരമായി പ്രവർത്തിക്കുന്ന രണ്ടു കമ്പനികൾ തമ്മിൽ നിയമപരമായി ഏർപ്പെട്ട കരാർ അനുസരിച്ചാണ് പണം ലഭിച്ചതെന്നാണ് സിപിഎം സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കിയത്.
സിഎംആർഎൽ കമ്പനി ആദായ നികുതിയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കുന്നതിനാണ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന് മുമ്പിലേക്ക് പോയതെന്ന് പ്രസ്താവനയിൽ പറയുന്നു. ഈ വിഷയത്തിൽ വീണയുടെ കമ്പനി കക്ഷിയേ അല്ല. അവരുടെ ഭാഗം കേട്ടിട്ടുമില്ല. എന്നിട്ടും അവരെ ബന്ധിപ്പിക്കുന്നതിനുള്ള ഗൂഢാലോചനയാണ് പുതുപ്പള്ളി തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ഘട്ടത്തിൽ തന്നെയുണ്ടായിട്ടുള്ളതെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.


