- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോട്ടപ്പള്ളി ഖനനം സി എം ആർ എല്ലിനെ സഹായിക്കാൻ മുഖ്യമന്ത്രി ആസൂത്രണം ചെയ്തത്
കൊച്ചി: മുഖ്യമന്ത്രിക്ക് എതിരെ പുതിയ ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാനെന്ന പേരിൽ തോട്ടപ്പള്ളി പൊഴിമുഖത്ത് നടന്ന ഖനനം സിഎംആർഎല്ലിനെ സഹായിക്കാനായി പിണറായി വിജയൻ ആസൂത്രണം ചെയ്തതാണെന്ന് കുഴൽനാടൻ ആരോപിച്ചു. ഇതിനുള്ള പ്രതിഫലമായാണ് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ എക്സാലോജിക് കമ്പനിക്ക് മാസം തോറും ലക്ഷങ്ങൾ നൽകിയിരുന്നതെന്നും കുഴൽനാടൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
കമ്പനി നഷ്ടത്തിലാണെന്നും ഇൽമനൈറ്റ് ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ തേടിയും 2017ൽ മുഖ്യമന്ത്രിക്ക് സിഎംആർഎൽ നിവേദനം സമർപ്പിച്ചതായി കുഴൽനാടൻ പറഞ്ഞു. 2017 ൽ 75 കോടിയുടെ നഷ്ടക്കണക്ക് നിരത്തിയ സിഎംആർഎൽ മുഖ്യമന്ത്രിയുടെ ഇടപെടലിൽ 4 വർഷത്തിനിടെ 56 കോടിയുടെ ലാഭത്തിൽ എത്തിയെന്നും കുഴൽനാടൻ ആരോപിച്ചു
2017 ഫെബ്രുവരി ആറിന് സിഎംആർഎല്ലിലെ ട്രേഡ് യൂണിയൻ സംഘടനകളുടെ പേരിൽ ലഭിച്ച പരാതിയിൽ നിന്നാണ് അഴിമതിയുടെ തുടക്കം എന്നാണ് കുഴൽനാടന്റെ വാദം. സിഎംആർഎൽ നിലനിൽപ്പിനായി പൊരുതുകയാണെന്നും എത്രയും വേഗം ഖനനം തുടങ്ങിയില്ലെങ്കിൽ കമ്പനി അടച്ചുപൂട്ടുമെന്നും ആയിരക്കണക്കിന് തൊഴിലാളികൾ വഴിയാധാരമാകുമെന്നുമാണ് പരാതിയിൽ പറഞ്ഞിരുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആർഇഎൽ ആവശ്യത്തിന് ഇൽമനൈറ്റ് നൽകുന്നില്ലെന്നും അമിതവില ഈടാക്കുന്നു എന്നും പരാതിയിൽ പറഞ്ഞിരുന്നു. തുടർന്ന് 2017 മാർച്ച് 8ന് പരാതിയിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഫയലിൽ കുറിച്ചെന്ന് കുഴൽനാടൻ പറയുന്നു.
ഇതിനുപിന്നാലെ 2018 ഒക്ടോബർ 27നു ജില്ലാ ദുരന്തനിവാരണ സമിതി അധ്യക്ഷൻ എന്ന നിലയിൽ ആലപ്പുഴ ജില്ലാ കലക്ടർ ഇറക്കിയ ഉത്തരവിലാണ് തോട്ടപ്പള്ളി പൊഴിമുഖത്ത് ഖനനം നടത്താൻ ഉത്തരവാകുന്നത്. കുട്ടനാട്ടിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാനുള്ള നടപടി എന്ന നിലയിലാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെടുത്ത തീരുമാനം എന്നാണ് ഇതിനെക്കുറിച്ച് പറഞ്ഞതെന്നും കുഴൽനാടൻ പറയുന്നു.
ഇവിടെ ഖനനം ചെയ്യുന്ന മണലിന്റെ വില നിശ്ചയിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളെ തന്നെ ചുമതലപ്പെടുത്തിയെങ്കിലും ഇതിന്റെ മറുപടി ലഭിച്ചില്ല എന്ന പേരിൽ ഒരു ക്യൂബിക് മീറ്ററിന് 464 രൂപ എന്ന നിരക്കിൽ കരിമണൽ കടത്തുകയായിരുന്നു എന്ന് കുഴൽനാടൻ ആരോപിച്ചു. ലക്ഷക്കണക്കിന് ടൺ മണലാണ് ഈ വിധത്തിൽ കടത്തിയത്. ഒരു ടിപ്പർ ലോറിയിൽ മണ്ണടിക്കണമെങ്കിൽ പോലും 4000-5000 രൂപ കൊടുക്കേണ്ടിയിടത്താണ് കേവലം 1200 രൂപയ്ക്ക് ഒരു ലോഡ് കരിമണൽ കെഎംഎംഎല്ലിന് നൽകിയിരുന്നത്. ഇവിടെ നിന്ന് സിഎംആർഎല്ലും ഐആർഇല്ലും സംയുക്തമായി രൂപീകരിച്ച കമ്പനിക്ക് മറിച്ചു വിൽക്കുകയായിരുന്നു.
കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാനെന്ന പേരിൽ തോട്ടപ്പള്ളിയിൽ ഖനനം നടത്തിയത് സ്വകാര്യ കമ്പനിയെ സഹായിക്കാനായിരുന്നു എന്ന് കുഴൽനാടൻ ആരോപിച്ചു. കോടികൾ കൊടുത്തതായി സിഎംആർഎല്ലിന്റെ പട്ടികയിൽ കാണുന്ന 'പിവി' പിണറായി വിജയനാണെന്നും കരിമണൽ നൽകിയതിന്റെ പ്രതിഫലമായിരുന്നു ഇതെന്നും കുഴൽനാടൻ ആവർത്തിച്ചു.