- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാറിനെ വെട്ടിലാക്കി കയറിക്കളിച്ചു മാത്യു കുഴൽനാടൻ
തിരുവനന്തപുരം: സിഎംആർഎൽ കമ്പനിക്കുവേണ്ടി സംസ്ഥാന സർക്കാർ നടത്തിയ വഴിവിട്ട ഇടപാടുകളിലേക്ക് വെളിച്ചം വീശുന്നതാണ് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെ ഇന്നത്തെ വാർത്താസമ്മേളനം. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനിലേക്ക് ചുറ്റിപ്പറ്റി നടന്ന ആരോപണത്തിന്റെ മുന മുഖ്യമന്ത്രിയിലേ്ക്ക് തന്നെ നേരിട്ടു തിരിയുന്ന കാഴ്‌ച്ചയാണ് മാത്യുവിന്റെ വാർത്തസമ്മേളനത്തിൽ കണ്ടത്. ഒരു സ്വകാര്യ മുതലാളിക്ക് വേണ്ടി എങ്ങനെയാണ് മുഖ്യമന്ത്രി നേരിട്ടു ഇടപെട്ടത് എന്നതാണ് ഇതോടെ വ്യക്തമാക്കുന്ന കാര്യം.
ഇന്ന് 55മിനിറ്റോളം നീളുന്ന വാർത്താസമ്മേളത്തിൽ മുഖ്യമന്ത്രിക്കും മകൾ വീണ വിജയനും എന്തിനാണ് സിഎംആർഎൽ പണം നൽകിയത് എന്ന് വ്യക്തമയി വിശദീകരിക്കുകയായിരുന്നു മാത്യു. സിഎംആർഎൽ എന്ന കമ്പനിക്ക് വേണ്ടി വ്യവസായ നയം തന്നെ മാറ്റം വരുത്തിയെന്ന ആരോപണമാണ് പിണറായിക്ക് നേരെ ഉയർന്നിരിക്കുന്നത്. തന്റെ കൈകൾ ശുദ്ധമെന്ന് പറഞ്ഞ പിണറായി വിജയന്റെ കൈകളിൽ അഴിമതിക്കറ എങ്ങനെയാണ് പുരണ്ടതെന്നും മാത്യു വിശദമായി ചൂണ്ടിക്കാട്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പു കൂടി അടുത്ത പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാറിനെ കൂടുതൽ വെട്ടിലാക്കുന്നതാണ് മാത്യു ചൂണ്ടിക്കാട്ടിയ കാര്യം.
കരിമണൽ ഖനനം പൊതുമേഖലയിൽ നിലനിർത്താൻ 2004 മുതൽ വിവിധ സർക്കാരുകൾ സ്വീകരിച്ച നയം അട്ടിമറിക്കാൻ ശ്രമിച്ചത് പിണറായി സർക്കാരാണെന്ന ഗുരുതര ആരോപണമാണ് മാത്യു വാർത്താസമ്മേളനത്തിൽ വിശദീകരിച്ചത്. ഇത് എങ്ങനെയാണ് നടന്നതെന്നും അദ്ദേഹം വിശദമാക്കി. മാസപ്പടി കേസിൽ പ്രധാന പ്രതി മുഖ്യമന്ത്രിയാണ്. സിഎംആർഎലിന് കരിമണൽ ഖനന അനുമതി ലഭിക്കാൻ മുഖ്യമന്ത്രി ഇടപെട്ടു. പ്രതിഫലമായി 2016 മുതൽ 3 വർഷം മകൾ വീണാ വിജയന്റെ അക്കൗണ്ടിലേക്ക് പ്രതിമാസം 8 ലക്ഷം രൂപ വന്നതായും മാത്യു കുഴൽനാടൻ ആരോപിച്ചു. ഖനന നയം മാറ്റാൻ സർക്കാർ സ്വീകരിച്ച നടപടികളുടെ രേഖകളും മാത്യു വാർതതാസമ്മേളനത്തിൽ പുറത്തുവിട്ടു.
സിഎംആർഎലിനു ഖനനത്തിനായി കരാർ നൽകിയ ഭൂമി വിജ്ഞാപനത്തിലൂടെ ഏറ്റെടുക്കാമായിരുന്നെന്നും, ആ അവസരം ഉപയോഗിക്കാതെ കരാർ നൽകാനാകുമോയെന്നാണ് മുഖ്യമന്ത്രി പരിശോധിച്ചതെന്നും മാത്യു പറഞ്ഞു. ഖനനം സംബന്ധിച്ച സിഎംആർഎൽ ഫയൽ മാത്രം വിളിച്ചു വരുത്തി പരിശോധിച്ചതിലെ താൽപര്യം മുഖ്യമന്ത്രി വെളിപ്പെടുത്തണം. കമ്പനിക്ക് വേണ്ടി അനുകൂല നിലപാട് സ്വീകരിച്ചതിന്റെ പ്രതിഫലമായാണ് മകൾ വീണയ്ക്ക് പ്രതിമാസം 8 ലക്ഷംരൂപ ലഭിച്ചത്. വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥർ എടുത്ത ശരിയായ തീരുമാനത്തെ മറികടക്കാനാണ് മുഖ്യമന്ത്രി ഇടപെട്ടത്.
ഖനനത്തിന് സ്വകാര്യ കമ്പനികൾ വേണ്ടെന്ന് 2019ൽ കേന്ദ്രം ഉത്തരവ് ഇറക്കിയില്ലായിരുന്നെങ്കിൽ സിഎംആർഎലിനു ഭൂമി നൽകുമായിരുന്നു. ഖനനത്തിനായി ഭൂമി വിട്ടുകൊടുക്കാനായി 2016 മുതൽ സിഎംആർഎൽ മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകി. ഇത്രയും ചെയ്തിട്ട്, സിഎംആർഎൽ രേഖകളിലുള്ള 'പിവി' പിണറായി വിജയനല്ലെന്നു പറയാൻ മുഖ്യമന്ത്രിക്കു കഴിയില്ല. മുഖ്യമന്ത്രിയുടെ ഇടപെടൽ സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും മാത്യു കുഴൽ നാടൻ പറഞ്ഞു.
03-2004ൽ കരിമണൽ ഖനനത്തിനുള്ള 4 കരാർ സിഎംആർഎലിനു ലഭിച്ചിരുന്നു. 1000 കോടിക്ക് മുകളിലുള്ള ഇടപാടാണ് നടന്നത്. 10 ദിവസം കഴിഞ്ഞപ്പോൾ കരാർ നടപടികൾ സർക്കാർ സ്റ്റേ ചെയ്തു. കരാർ തിരിച്ചു പിടിക്കാൻ സിഎംആർഎൽ ശ്രമിച്ചെങ്കിലും ആന്റണി, വി എസ് സർക്കാരുകൾ കരാർ നൽകിയില്ല. കരിമണൽ ഖനനത്തിന് പൊതുമേഖലാ സ്ഥാപനങ്ങൾ മാത്രം മതിയെന്ന നിലപാട് വി എസ് സർക്കാർ എടുത്തു. കേസ് സുപ്രീംകോടതി വരെ എത്തി. സുപ്രീംകോടതി ഉത്തരവിലൂടെ, ഭൂമി സംസ്ഥാന സർക്കാരിന് ഏറ്റെടുക്കാനുള്ള നിയമപരമായ അവസരം ലഭിച്ചു. ഭൂമി ഏറ്റെടുത്ത് വിജ്ഞാപനം ഇറക്കാൻ കഴിയുമായിരുന്നു. ഇതിന്റെ നടപടികൾ നടക്കുമ്പോൾ പിണറായി സർക്കാർ അധികാരത്തിലെത്തി. 2016 മുതൽ മകൾ വീണയ്ക്ക് മാസപ്പടിയും ലഭിച്ചു തുടങ്ങി. പിന്നാലേ, ഖനന അനുമതി ലഭിക്കാൻ സിഎംആർഎൽ അപേക്ഷ നൽകി.
കരിമണൽ ഖനനം പൊതുമേഖലയിൽ തന്നെ നിലനിർത്തും എന്നായിരുന്നു 2018ലെ വ്യവസായ നയത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, ഇതു സംബന്ധിച്ച് നിലനിൽക്കുന്ന സുപ്രീംകോടതി ഉത്തരവ് പാലിക്കപ്പെടും എന്നു നയത്തിന്റെ മലയാളം കോപ്പിയിൽ പറയുന്നുണ്ട്. ഇത് സിഎംആർഎലിനു വേണ്ടിയായിരുന്നു. അപ്പോഴെല്ലാം 8 ലക്ഷം രൂപ വീണയുടെ അക്കൗണ്ടിലേക്ക് പ്രതിമാസം വന്നിരുന്നു. കാര്യങ്ങൾ അനുകൂലമാക്കാനായിരുന്നു സിഎംആർഎൽ വീണയ്ക്ക് പണം നൽകിയത്. ഇതിനിടെ, എല്ലാ സ്വകാര്യ ഖനന അനുമതികളും റദ്ദാക്കാൻ 2019ൽ കേന്ദ്ര സർക്കാർ തീരുമാനിച്ചു. 2004ൽ സിഎംആർഎലിനു കൊടുത്ത കരാർ റദ്ദാക്കാൻ മൈനിങ് വിഭാഗം നടപടികളുമായി മുന്നോട്ടുപോയി.
ഭൂമി സർക്കാർ തിരിച്ചെടുക്കാനുള്ള നടപടി നടക്കുമ്പോഴാണ് സിഎംആർഎൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയോട് ഫയൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ വകുപ്പിലല്ലാത്ത ഫയൽ വിളിച്ചുവരുത്തി പരിശോധിക്കണമെങ്കിൽ എന്തെങ്കിലും പ്രത്യേകത വേണം. പിന്നീട് മുഖ്യമന്ത്രി യോഗവും വിളിച്ചു. ഖനന കരാർ റദ്ദാക്കാനാണ് നിയമവകുപ്പ് നിർദ്ദേശിച്ചത്. മുഖ്യമന്ത്രി ഇടപെട്ടതോടെ അന്തിമതീരുമാനം എടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. കേന്ദ്ര സർക്കാർ തീരുമാനം ഉണ്ടായിരുന്നില്ലെങ്കിൽ സിഎംആർഎലിനു അനുകൂലമായി തീരുമാനം ഉണ്ടാകുമായിരുന്നു.
എക്‌സാലോജിക് വിഷയത്തിൽ നിയമസഭയിൽ അഴിമതി ആരോപണം ഉന്നയിക്കാനുള്ള നീക്കം സ്പീക്കർ തടഞ്ഞത് അംഗത്തിന്റെ അവകാശം നിഷേധിക്കലാണ്. ജനാധിപത്യം കശാപ്പു ചെയ്ത് മുഖ്യമന്ത്രിക്ക് പരിച തീർക്കുന്നതിന് സ്പീക്കർ നിലവിട്ട് പെരുമാറി. മുഖ്യമന്ത്രിക്ക് മറുപടി പറയാനുള്ള പ്രയാസം ഒഴിവാക്കാനാണ് സ്പീക്കർ വിഷയം ഉന്നയിക്കാൻ അനുവാദം നൽകാത്തത്. എഴുതികൊടുക്കാതെ അഴിമതി ആരോപണം ഉന്നയിക്കുന്നത് സ്പീക്കർ തടഞ്ഞിട്ടുണ്ട്. എഴുതി കൊടുത്ത അഴിമതി ആരോപണം ഉന്നയിക്കുന്നതിന് ഇതുവരെ തടസം ഉണ്ടായിട്ടില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു
കഴിഞ്ഞ ദിവസം നിയമസഭയിൽ വിഷയം എത്തിയപ്പോൾ തന്നെ ഭരണപക്ഷത്ത് ആശങ്ക പ്രകടമായിരുന്നു. മാത്യു കുഴൽനാടൻ സംസാരിക്കുന്ന സമയമായപ്പോൾ ധൃതിപിടിച്ച് സ്പീക്കർ സഭയിലെത്തുകയായിരുന്നു. ചെയറിലുണ്ടായിരുന്ന എൻ.ഷംസുദ്ദീനെ മാറ്റി സഭയുടെ നിയന്ത്രണം ഏറ്റെടുത്തു. അനുമതി ചോദിച്ചപ്പോൾ ഒന്നും പറയാതിരുന്ന സ്പീക്കർ ഇപ്പോൾ ഇങ്ങനെ നടപടിയെടുക്കുന്നത് ശരിയല്ലെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. സഭയുടെ അന്തസിന് ഹാനികരമായതും പൊതുതാൽപര്യത്തിന് അനുഗുണമല്ലാത്തതുമായ ആരോപണമെന്ന് ബോധ്യമുണ്ടെങ്കിൽ ചട്ടം 285 പ്രകാരം എഴുതിനൽകിയ ആരോപണം ഉന്നയിക്കുന്നത് നിഷേധിക്കാമെന്ന് സ്പീക്കർ എ.എൻ. ഷംസീർ ചൂണ്ടിക്കാട്ടി.മാത്യു കുഴൽനാടന് പ്രസംഗിക്കാൻ അനുവദിച്ച എട്ടു മിനിറ്റിൽ അഞ്ച് മിനിറ്റ് മാത്രമാണ് ഇന്നലെ നൽകിയത്. ഇതിൽ നിന്നെല്ലാം മാത്യുവിനെ ഭരണപക്ഷം എത്രകണ്ട് ഭയക്കുന്നു എന്ന് വ്യക്തമായിരുന്നു.