ഇടുക്കി: മാത്യു കുഴൽനാടൻ എം എൽ എയ്ക്ക് ചിന്നക്കനാലിൽ, ആധാരത്തിലുള്ളതിനേക്കാൾ 50 സെന്റ് അധിക ഭൂമിയുണ്ടെന്ന വിജിലൻസ് കണ്ടെത്തൽ ശരി വെച്ച് റവന്യൂ വകുപ്പ്. ഇത് സംബന്ധിച്ച് ഉടുമ്പചോല ലാൻഡ് റവന്യൂ തഹസിൽദാർ ഇടുക്കി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. മാത്യുവിന്റെ മൊഴിയെടുത്ത ശേഷം വിജിലൻസ് സർവേ വിഭാഗത്തിന്റെ സഹായത്തോടെ സ്ഥലം അളന്നിരുന്നു. ഈ സർവേയിലാണ് അധിക ഭൂമി കൈവശമുണ്ടെന്ന് കണ്ടെത്തിയത്.

മൂന്ന് ആധാരങ്ങളിലായി ഒരേക്കർ 23 സെന്റ് ഭൂമിയാണ് മാത്യു കുഴൽനാടന്റെ പേരിലുള്ളത്. അധികമായി കൈവശം വച്ചിരിക്കുന്ന സ്ഥലത്തിന്റെ കാര്യത്തിൽ എന്ത് നടപടി വേണമെന്ന് നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടാണ് തഹസിൽദാർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്. സ്ഥലം തിരികെ പിടിക്കാൻ ശുപാർശ നൽകുമെന്ന് വിജിലൻസും വ്യക്തമാക്കിയിരുന്നു. റിപ്പോർട്ട് കണ്ട ശേഷം പ്രതികരിക്കാമെന്ന് മാത്യു കുഴൽ നാടൻ പറഞ്ഞു. കേസിൽ വിജിലൻസ് അഞ്ച് റവന്യു ഉദ്യോഗസ്ഥരുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും. തുടർന്ന് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണോയെന്ന് തീരുമാനിക്കുക.

എംഎൽഎ ചിന്നക്കനാലിൽ വാങ്ങിയ ഭൂമിയുടെ പോക്കുവരവിൽ ക്രമക്കേടുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. 2008 ലെ മിച്ചഭൂമി കേസിൽ ഉൾപ്പെട്ട സ്ഥലമാണിതെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഭൂമി വിൽപ്പന നടത്തരുതെന്ന് 2020ൽ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നതാണ്. ഭൂമി പോക്ക് വരവ് സമയത്ത് വില്ലേജ് ഓഫീസർ ഇത് അടയാളപ്പെടുത്തിയില്ലെന്നും വിജിലൻസ് കണ്ടെത്തി.

അതേസമയം, ഭൂമി വാങ്ങിയതിന് ശേഷം ഇതുവരെ അളന്നുനോക്കിയിട്ടില്ലെന്നും ഭൂമി അളന്നുനോക്കാതെയാണ് പുറംപോക്ക് ഭൂമി കൈയേറിയെന്ന് ആരോപിക്കുന്നതെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു. അധിക ഭൂമിയുണ്ടെങ്കിൽ തിരികെ നൽകാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രമക്കേട് നടത്തിയത് മാത്യുക്കുഴൽനാടൻ ആണെന്നതിന് തെളിവില്ല. 2008 മിച്ചഭൂമി കേസിൽ ഉൾപ്പെടുമ്പോൾ അത് മറ്റൊരാളുടെ ഭൂമിയായിരുന്നു.. അത് പിന്നീട് മറ്റൊരാൾക്ക് വിറ്റ ശേഷമാണ് കുഴൽനാടിന്റെ കൈകളിൽ എത്തിയത്. മിച്ചഭൂമിയാണെന്ന് അറിഞ്ഞു കൊണ്ടാണ് കുഴൽനാടൻ വാങ്ങി എന്നതിന് തെളിവില്ലെന്നും വിജിലൻസ് പറയുന്നു.

'കെട്ടിടം എന്തുകൊണ്ട് നിങ്ങൾ കാണിച്ചില്ലെന്ന് ചോദ്യമുണ്ടായിരുന്നു. ആ കെട്ടിടമെന്ന് പറയുന്നത് നിങ്ങൾ കണ്ടിട്ടുള്ളതാണ്. അതിന് ബിൽഡിങ് നമ്പറോ, ബിൽഡിങ് പെർമിറ്റോ ഒന്നുമില്ല. ഉപയോഗ യോഗ്യമായരീതിയിൽ അല്ല ആ കെട്ടിടം. ഒരുപക്ഷേ അതിന് വാല്യു കാണാൻ പറ്റില്ലായിരുന്നു. നടത്തിയ കച്ചവടത്തിന് ആ കെട്ടിടത്തിന് പ്രത്യേകം വില കൂട്ടിയിട്ടില്ലാത്തതിനാൽ അത് ആ ആധാരത്തിൽ കാണിച്ചിട്ടില്ലെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.'-കുഴൽനാടൻ വ്യക്തമാക്കി.

മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ മാസപ്പടി ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് മാത്യു കുഴൽനാടനെതിരെ സിപിഎം നികുതി വെട്ടിപ്പ് ആരോപണവുമായി രംഗത്തെത്തിയത്. നികുതി വെട്ടിച്ചാണ് ചിന്നക്കനാലിൽ ഭൂമിയും റിസോർട്ടും സ്വന്തമാക്കിയതെന്ന ആരോപണം സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയാണ് ഉന്നയിച്ചത് ആധാരത്തിൽ 1.92 കോടി വില കാണിച്ച കുഴൽനാടൻ അടുത്തദിവസം നൽകിയ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വില 3.5 കോടിയാക്കി കാണിച്ചുവെന്നായിരുന്നു ആരോപണം.