കൊച്ചി: മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനെതിരെ ആരോപണം ഉന്നയിച്ച സിപിഎമ്മിനെ എണ്ണിപ്പറഞ്ഞുള്ള മറുപടിയുമായി മാത്യു കുഴൽനാടൻ രംഗത്തുവന്നതോടെ വിവാദത്തിൽ വെട്ടിലായത് ഭരണപ്പാർട്ടി. മന്ത്രി മുഹമ്മദ് റിയാസ് അടക്കം ഭാര്യയുടെ കമ്പനിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾക്ക് മറുപടി നൽകാൻ മടിച്ചു നിൽക്കുമ്പോഴാണ് തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് അക്കമിട്ടുള്ള മറുപടിയുമായി മാത്യു കുഴൽനാടൻ രംഗത്തുവന്നത്. ഇതോടെ മാത്യുവിനെ ആരോപണ ശരത്തിൽ കുരുക്കാൻ ഇറങ്ങിയവർ തന്നെ വെട്ടിലായി.

തന്റെ കമ്പനിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾക്ക് അക്കമിട്ട മറുപടി നിരത്തിയ മാത്യു മുഖ്യമന്ത്രിയുടെ മകൾ വീണ തന്റെ കമ്പനിയുടെ കണക്കുകൾ പുറത്തുവിടാൻ തയ്യാറുണ്ടോ എന്നും ചോദിച്ചു. തന്റെ അഭിഭാഷക സ്ഥാപനത്തിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ ആരോപണം ഏത് ഏജൻസിയെ വച്ചും അന്വേഷിക്കുന്നതിനെ സ്വാഗതം ചെയ്യുകയാണ് കുഴൽനാടൻ ചെയ്തത്. ഇഡിയോ വിജിലൻസോ ഏത് ഏജൻസി വേണമെങ്കിലും അന്വേഷിച്ചോട്ടെ. തനിക്കെതിരെ ഉന്നയിച്ച ആരോപണം അന്വേഷിക്കാൻ സിപിഎമ്മിനെ വെല്ലുവിളിക്കുന്നതായി മാത്യു കുഴൽനാടൻ മാധ്യമങ്ങളോട് പറഞ്ഞു.

പാർട്ടിക്ക് അകത്ത് ആരോപണങ്ങൾ ഉയർന്നാൽ അത് അന്വേഷിക്കുന്നതിന് സ്വന്തമായി കമ്മീഷനെ വെയ്ക്കുന്ന രീതിയാണാലോ സിപിഎമ്മിനുള്ളത്. തന്റെ സ്ഥാപനത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ അത്തരത്തിൽ കമ്മീഷനെ വെച്ച് അന്വേഷിക്കാൻ സിപിഎമ്മിനെ മാത്യു കുഴൽനാടൻ വെല്ലുവിളിച്ചു. ആരെങ്കിലും വന്ന് അന്വേഷിച്ചാൽ പോരാ!, സാമ്പത്തിക വിദഗ്ധനും കുറച്ചെങ്കിലും മര്യാദ പുലർത്തുകയും ചെയ്യുന്ന തോമസ് ഐസക്കിനെ അന്വേഷണത്തിന് വെയ്ക്കണമെന്ന് നിർദ്ദേശിക്കുന്നു. അദ്ദേഹത്തിന് വന്ന് രേഖകൾ പരിശോധിക്കാം. ഏത് പരിശോധനയോടും സഹകരിക്കുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

തന്റെ സ്ഥാപനത്തെ കുറിച്ച് അന്വേഷിക്കുമ്പോൾ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ സ്ഥാപനത്തിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാനും തയ്യാറാവണം. എക്സ ലോഞ്ചിക്കിന്റെ 2016 മുതലുള്ള നികുതി കണക്കുകൾ പുറത്തുവിടാൻ വീണാ വിജയൻ തയ്യാറാകുമോ? വീണാ വിജയനെതിരായ ആരോപണങ്ങൾക്ക് മറുപടി പറയുന്നത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആണാലോ. അത്തരത്തിൽ എക്സ ലോഞ്ചിക്കിന്റെ നികുതി കണക്കുകൾ പുറത്തുവിടാൻ പാർട്ടിയെ വെല്ലുവിളിക്കുന്നതായും മാത്യു കുഴൽ നാടൻ പറഞ്ഞു.

തന്റെ കമ്പനിയുടെ മുഴുവൻ വിശദാംശങ്ങളും പുറത്തുവിടാൻ തയ്യാറാണ്. തന്റെ സ്ഥാപനത്തിൽ നൂറിലധികം പേർ ജോലി ചെയ്തിട്ടുണ്ട്. നൂറ് ജോലിക്കാരുടെ വിശദാംശങ്ങൾ തരാൻ താൻ തയ്യാറാണ്. വീണയുടെ കമ്പനിയിൽ ജോലി ചെയ്ത 50 പേരുടെ പേരുവിവരങ്ങൾ പുറത്തുവിടാൻ കഴിയുമോ? വീണയുടെ കമ്പനിയുടെ ഇടപാടുകൾ എല്ലാം ദുരൂഹമാണ്. തന്നെ പോലെ നൂറ് കോടിയുടെ സംരഭകയാണല്ലോ വീണ. അതിനാൽ വീണയുടെ കമ്പനിയുടെ മുഴുവൻ വിശദാംശങ്ങളും പുറത്തുവിടാൻ മാത്യു കുഴൽനാടൻ വെല്ലുവിളിച്ചു. ഇനി സിപിഎം ഈ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കിലും കുഴപ്പമില്ല, തന്റെ സ്ഥാപനത്തിന്റെ വിശദാംശങ്ങൾ പുറത്തുവിടാൻ തനിക്ക് പൂർണ സമ്മതമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

താൻ ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടില്ല. തന്റെ അഭിഭാഷക സ്ഥാപനം കള്ളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടിയാണ് നിലക്കൊള്ളുന്നത് എന്ന് പറയുമ്പോൾ തന്നെ മാത്രമല്ല, കൂടെയുള്ളവരെയും ബാധിക്കുന്ന കാര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സിപിഎം നേതാക്കന്മാർക്ക് വിയർപ്പിന്റെ വില അറിയില്ല. ഒരു സ്ഥാപനം കെട്ടിപ്പടുക്കുന്നതിന് വേണ്ടി വരുന്ന അധ്വാനം അവർക്ക് അറിയില്ല. സ്വന്തം അധ്വാനം കൊണ്ട് ജീവിക്കുന്ന എത്രപേരുണ്ട് പാർട്ടിയിലെന്ന് അദ്ദേഹം വെല്ലുവിളിച്ചു.

തന്റെ ആത്മാർഥതയെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ല. സർക്കാരിന് കോടാനുകോടി രൂപയാണ് നികുതിയായി നൽകിയത്. തന്റെ അഭിഭാഷക സ്ഥാപനം കള്ളപ്പണം വെളുപ്പിക്കലിന് വേണ്ടിയാണ് എന്ന് പറയാൻ എളുപ്പമാണ്. കാറൽ മാർക്സ് പറഞ്ഞ ചൂഷണം നടത്തുന്നവരാണ് ഇന്നത്തെ കമ്മ്യൂണിസ്റ്റുകാർ. തൊഴിലാളികളുടെ അധ്വാനത്തിന്റെ വിയർപ്പ് പറ്റുന്നവരാണ് ഇന്നത്തെ കമ്മ്യൂണിസ്റ്റുകാരെന്നും അദ്ദേഹം ആരോപിച്ചു.

ചിന്നക്കനാലിലെ ഭൂമി സംബന്ധിച്ചും മാത്യൂകുഴൽനാടൻ വിശദീകരണം നൽകി. വൈറ്റ് മണി നൽകിയതു കൊണ്ടാണ് ചുരുങ്ങിയ വിലയ്ക്ക് ഭൂമി ലഭിച്ചത്. കൂടുതൽ സത്യസന്ധത കാണിച്ചതാണ് പ്രശ്നം. സർക്കാർ നിശ്ചയിച്ച ന്യായവിലയേക്കാൾ നികുതി അടച്ചെന്നും മാത്യൂ കുഴൽനാടൻ വ്യക്തമാക്കി.