- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉന്നയിച്ച ചോദ്യങ്ങൾക്ക് മൂന്ന് ദിവസമായിട്ടും ഉത്തരം ലഭിച്ചില്ല; കണ്ടെത്തിയ ഉത്തരങ്ങളുമായി ഇന്ന് മാധ്യമങ്ങളെ കാണും; വീണയുടെ മാസപ്പടിയിൽ മാത്യുവിന്റെ കണ്ടെത്തൽ എന്താകും? സിപിഎം പറയാൻ മടിച്ച് ഒളിച്ചോടിയ വിഷയത്തിൽ മൂവാറ്റുപുഴ എംഎൽഎ സ്വയം ഉത്തരം കണ്ടെത്തുമ്പോൾ രാഷ്ട്രീയ പിരിമുറുക്കത്തിൽ കേരളം

തിരുവനന്തപുരം: വീണ വിജയനും മുഖ്യമന്ത്രിക്കും എതിരായ മാസപ്പടി വിവാദത്തിൽ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഇനിയും മറുപടി ലഭിച്ചിട്ടില്ല. മറിച്ച് ചോദ്യം ഉന്നയിച്ച ആൾക്കെതിരെ നിരവധി അന്വേഷണങ്ങളും നടപടികളും എത്തി. വീണയുടെ കാര്യത്തെ കുറിച്ച മറുപടി നൽകാതെ സിപിഎമ്മും മന്ത്രിമാരും ഒളിച്ചോട്ടം തുടരുകയും ചെയ്യുകയാണ്. ഇതിനിടെ ഇന്ന് വീണ്ടും മാധ്യമങ്ങളെ കാണാൻ ഒരുങ്ങുകയാണ് മാത്യു കുഴൽനാടൻ.
വീണ വിജയന്റെ മാസപ്പടിയിൽ താൻ ഉന്നയിച്ച ആരോപണങ്ങളിൽ ലഭിച്ച ഉത്തരമെന്ന നിലയിലാണ് താൻ മാധ്യമങ്ങളെ കാണുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായി താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മൂന്ന് ദിവസമായിട്ടും ഉത്തരം ലഭിച്ചില്ലെന്ന് മാത്യു ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. ഈ സാഹചര്യത്തിൽ താൻ കണ്ടെത്തിയ ഉത്തരങ്ങളുമായി ഇന്ന് വൈകീട്ട് മാധ്യമങ്ങളെ കാണുമെന്നും കുഴൽനാടൻ വ്യക്തമാക്കി.
മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് കോൺഗ്രസുകാർ ആഘോഷമാക്കുമ്പോൾ തന്നെ മാത്യു എന്തു പറയുമെന്ന ആകാംക്ഷയിലാണ് മറുവശത്തുള്ളവർ. സിപിഎം പറയാൻ മടിച്ച് ഒളിച്ചോടിയ വിഷയത്തിൽ മൂവാറ്റുപുഴ എംഎൽഎ സ്വയം ഉത്തരം കണ്ടെത്തുമ്പോൾ രാഷ്ട്രീയ പിരിമുറുക്കത്തിമാണ് കേരളത്തിൽ. അതുകൊണ്ട് തന്നെ മാത്യുവിന്റെ മറുപടി വാർത്താസമ്മേളനത്തെ കുറിച്ചുള്ള ആകാംക്ഷ നിറഞ്ഞിട്ടുണ്ട്.
മാസപ്പടി വിവാദമടക്കം ഉയർത്തിപ്പിടിച്ചായിരുന്നു കുഴൽനാടൻ ആരോപണങ്ങൾ ഉന്നയിച്ചത്. ഇതിന് പിന്നാലെ കുഴൽനാടനെതിരെ സിപിഎമ്മും ആക്ഷേപം ഉന്നയിച്ചിരുന്നു. കള്ളപ്പണ ഇടപാടും നികുതിവെട്ടിപ്പും നടന്നെന്ന സിപിഎമ്മിന്റെ ആരോപണത്തിന് കുഴൽനാടനെതിരെ സർക്കാരിന്റെ വിവിധ വകുപ്പുകൾ അന്വേഷണവും ആരംഭിച്ചിരുന്നു.
മാത്യു കുഴൽനാടൻ എംഎൽഎ.യ്ക്ക് കുടുംബസ്വത്തായി കിട്ടിയ പുരയിടത്തിൽ റവന്യൂവകുപ്പ് വെള്ളിയാഴ്ച പരിശോധന നടത്തിയിരുന്നു. വിജിലൻസ് നിർദേശത്തെത്തുടർന്നാണ് കടവൂർ വില്ലേജിലെ ആയങ്കരയിലുള്ള ഭൂമി പരിശോധിച്ചത്. കോതമംഗലം താലൂക്ക് സർവേയർമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
റിപ്പോർട്ട് അടുത്തദിവസംതന്നെ തഹസിൽദാർക്ക് കൈമാറും. റീസർവേ നടന്നിട്ടില്ലാത്തതിനാൽ സ്ഥലത്തിന്റെ രൂപരേഖ തയ്യാറാക്കാൻ താമസമുണ്ടെന്ന് സംഘം അറിയിച്ചു. എംഎൽഎ.യുടെ വീടിനോടുചേർന്ന സ്ഥലം അനധികൃതമായി മണ്ണിട്ടു നികത്തിയെന്ന് മൂവാറ്റുപുഴ ഡിവൈഎഫ്ഐ. ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി. മൂസ പരാതി നൽകിയിരുന്നു. വെള്ളിയാഴ്ച ഡിവൈഎഫ്ഐ. കുഴൽനാടന്റെ ഓഫീസിലേക്ക് മാർച്ചും നടത്തി.
റവന്യൂവകുപ്പിന്റെ പരിശോധനയെ സ്വാഗതം ചെയ്യുന്നെന്നാണ് മാത്യു കുഴൽനാടൻ ഇതിനോട് പ്രതികരിച്ചത്. നേരത്തേയും പരിശോധന നടത്തിയിരുന്നു. ക്രമക്കേടൊന്നും കണ്ടെത്തിയിരുന്നില്ല. പുതിയ പരിശോധന എന്തിനെന്നു വ്യക്തമല്ല. രാഷ്ട്രീയമായ വേട്ടയാടലാണോയെന്നത് ജനങ്ങൾ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബസ്വത്തായി ലഭിച്ച അഞ്ചരയേക്കറാണ് ആയങ്കരയിലുള്ളത്. വീടിന്റെ പിന്നിൽ ഒന്നരസെന്റ് മണ്ണിട്ട് നിരപ്പാക്കിയിരുന്നു. ഇത് നിലമല്ല, പുരയിടത്തിന്റെ ഭാഗംതന്നെയാണെന്നും മാത്യു പറഞ്ഞു.
4 മാസം മുൻപ് കടവൂർ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് വീണയുടെ മാസപ്പടി വിവാദത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും പരിശോധന നടന്നത്. ഇപ്പോഴത്തെ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ താൽപ്പര്യങ്ങൾ തന്നെയാണെന്നത് വ്യക്തമാണ്.
മാത്യു കുഴൽനാടന്റെ കടവൂർ വില്ലേജിലെ ആയങ്കരയിലുള്ള കുടുംബവീടിനോടു ചേർന്നുള്ള 786/1, 812/2, 812/3ആ, 812/1ആ, 812/22, 786/1 എന്നീ സർവേ നമ്പരുകളിലെ 4.5 ഏക്കർ ഭൂമിയിലാണ് സർവേ നടന്നത്. താലൂക്ക് സർവേയർമാരായ എം വിസജീഷ്, രതീഷ് വി.പ്രഭു എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് സർവേ നടത്തിയത്. സർവേ നടക്കുമ്പോൾ എംഎൽഎ സ്ഥലത്ത് ഉണ്ടായിരുന്നില്ല.
ഇന്നലെ രാവിലെ പതിനൊന്നോടെയാണ് കോതമംഗലം താലൂക്ക് ഓഫിസിൽ നിന്നുള്ള സംഘം സ്ഥലത്തെത്തിയത്. വൻ പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. സ്ഥലത്തിന്റെ അതിർത്തി ആദ്യം പരിശോധിച്ച് ഉറപ്പിച്ചു. തുടർന്നു മണ്ണിട്ടു നികത്തിയിട്ടുണ്ടോ എന്നും അനുമതിയോടെയാണോ എന്നും പരിശോധിച്ചു. 11നു തുടങ്ങിയ സർവേ നടപടികൾ 3 മണിയോടെ അവസാനിച്ചു. സർവേയർമാർ സ്‌കെച്ചും പ്ലാനും തയാറാക്കി കോതമംഗലം ഭൂരേഖ തഹസിൽദാർക്ക് റിപ്പോർട്ട് നൽകും. 2 ദിവസത്തിനുള്ളിൽ റിപ്പോർട്ട് തഹസിൽദാർക്ക് കൈമാറുമെന്ന് ഭൂരേഖ തഹസിൽദാർ കെ.എം.നാസർ അറിയിച്ചു.
മാത്യു കുഴൽനാടന്റെ കുടുംബവീടിനോട് ചേർന്ന് അനുമതി നൽകിയതിലും കൂടുതൽ സ്ഥലത്ത് മണ്ണിട്ടു നികത്തി എന്നു ചൂണ്ടിക്കാണിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ മാസങ്ങൾക്കു മുൻപു വിജിലൻസിനു പരാതി നൽകിയിരുന്നു. ഇതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടു റവന്യു വിഭാഗത്തോട് സർവേ നടത്തി റിപ്പോർട്ട് നൽകാൻ വിജിലൻസ് ആവശ്യപ്പെട്ടത് അനുസരിച്ചാണു നടപടി.


