തിരുവനന്തപുരം: സിപിഎം ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ. സിപിഎം ഉന്നയിച്ച കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളെ നിഷേധിച്ചും കൊണ്ടും വെല്ലുവിളിച്ചു കൊണ്ടുമാണ് മാത്യു രംഗത്തുവന്നത്. അധ്വാനത്തിന്റെ വിലയറിയാത്തതുകൊണ്ടാണ് സിപിഎം നേതാക്കൾ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത്. പ്രമുഖ അഭിഭാഷകരാണ് ഈ അഭിഭാഷക സ്ഥാപനത്തിലെ പങ്കാളികൾ. നിയമസ്ഥാപനത്തെ സിപിഎം സംശയത്തിന്റെ നിഴലിലാക്കി എന്നും മാത്യൂ കുഴൽനാടൻ പറഞ്ഞു.

''വിയർപ്പിന്റെ വിലയറിയാത്തതു കൊണ്ടാണ് തോന്ന്യാസം പോലെയുള്ള ആരോപണം സിപിഎം നേതാക്കൾ ഉന്നയിച്ചത്. ഒരു സ്ഥാപനം കെട്ടിപ്പടുക്കുന്നതിന്റെ ബുദ്ധിമുട്ട് അവർക്ക് അറിയില്ല. നെറ്റിയിലെ വിയർപ്പുകൊണ്ട് ജീവിക്കണമെന്നു ബൈബിളിൽ പറഞ്ഞിട്ടുണ്ട്. ഞാൻ അധ്വാനിച്ചു ജീവിക്കുന്ന വ്യക്തിയാണ്. രക്തം ചിന്തിയാലും വിയർപ്പൊഴുക്കില്ല എന്ന ചിന്താഗതിക്കാരാണ് ഇന്നത്തെ കമ്യൂണിസ്റ്റുകാർ.'' മാത്യൂ കുഴൽനാടൻ പറഞ്ഞു.

വീണ വിജയന്റെ ആദായനികുതി രേഖകൾ പുറത്തുവിടാൻ തയാറുണ്ടോ? എക്‌സാലോജിക് രേഖകളുടെ പരിശോധനയ്ക്ക് തയാറുണ്ടോ എന്നും മാത്യൂ കുഴൽനാടൻ ചോദിച്ചു. സ്ഥാപനത്തിന്റെ എല്ലാ രേഖകളും പുറത്തുവിടാൻ തയാറാണ്. രേഖകൾ തോമസ് ഐസക്കിനെ പോലെ പ്രഗത്ഭനായ ഒരു സിപിഎം നേതാവിനു പരിശോധിക്കാമെന്നും മാത്യൂ കുഴൽനാടൻ വ്യക്തമാക്കി. സിപിഎം നേതാക്കൾ എന്ത് അധ്വാനം നടത്തിയാണ് ജീവിക്കുന്നതെന്നും മാത്യൂ കുഴൽനാടൻ ചോദിച്ചു.

ചിന്നക്കനാലിലെ ഭൂമി സംബന്ധിച്ചും മാത്യൂകുഴൽനാടൻ വിശദീകരണം നൽകി. വൈറ്റ് മണി നൽകിയതു കൊണ്ടാണ് ചുരുങ്ങിയ വിലയ്ക്ക് ഭൂമി ലഭിച്ചത്. കൂടുതൽ സത്യസന്ധത കാണിച്ചതാണ് പ്രശ്‌നം. സർക്കാർ നിശ്ചയിച്ച ന്യായവിലയേക്കാൾ നികുതി അടച്ചെന്നും മാത്യൂ കുഴൽനാടൻ പറഞ്ഞു.