കോട്ടയം: ചിന്നക്കനാലിലെ റിസോർട്ട് അടക്കം തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ. തനിക്കെതിരെ ഉയർന്ന് വന്ന ആരോപണങ്ങൾക്ക് തന്നാൽ കഴിയുന്ന വിധം മറുപടി നൽകിയതായി മാത്യു കുഴൽനാടൻ പറഞ്ഞു. എന്നാൽ താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും മാത്യു ചൂണ്ടിക്കാട്ടി. മാസപ്പടി വിഷയത്തിൽ മുഖ്യമന്ത്രിയുടേയും മകൾ വീണയുടെയും മൗനം ചൂണ്ടിക്കാട്ടിയാണ് കുഴൽനാടൻ രംഗത്തുവന്നത്.

ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ തനിക്കെതിരെ ഉയർന്ന ആരോപണത്തിൽ അടക്കം അദ്ദേഹം മറുപടി നൽകുന്നു. ചിന്നക്കനാലിലെ ഭൂമിയുമായി ബന്ധപ്പെട്ട ആധാരത്തിൽ കെട്ടിടമുണ്ടെന്ന കാര്യം എവിടെയും മറച്ചുവച്ചിട്ടില്ല. കെട്ടിടത്തിന്റെ വിലയും ആധാരത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. താൻ ആ വസ്തു വാങ്ങിയതിന് ശേഷം ഒരിക്കൽ പോലും അതിൽ നിർമ്മാണം നടത്തിയിട്ടില്ല. വസ്തുവിനെ ഹോംസ്റ്റേയുടെ വിഭാഗത്തിൽപ്പെടുത്തി ടൂറിസം സൗകര്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് ഒരു തടസ്സവുമില്ല. അത്തരം അപേക്ഷയാണ് പഞ്ചായത്തിൽ നൽകിയത്. അനുമതി വാങ്ങിയതിന് ശേഷമാണ് പ്രവർത്തനം നടത്തുന്നതെന്നും മാത്യു വ്യക്തമാക്കി.

താൻ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായപ്പോഴാണ് വസ്തുവിന്റെ രജിസ്ട്രേഷൻ പൂർത്തിയാക്കുന്നത്. മൊത്തം ഭൂമിയും രജിസ്റ്റർ ചെയ്യാനാണ് പറഞ്ഞിരുന്നത്. മൂന്ന് പേരുടെ പേരിലാണ് സ്ഥലം ഉണ്ടായിരുന്നത്. അമ്മ സ്ഥലത്ത് ഉണ്ടായിരുന്നപ്പോൾ അവർ വന്ന് രജിസ്റ്റർ ചെയ്തു. മക്കൾ സ്ഥലത്തില്ലാതിരുന്നതിനാൽ അവരുടെ ഭാഗം പിന്നീടാണ് പൂർത്തിയാക്കിയത്. അതുകൊണ്ടാണ് ആദ്യത്തെ രജിസ്ട്രേഷൻ 1.92 കോടി എന്ന് കാണിക്കാനിടയായത്, മാത്യു പറഞ്ഞു.

എന്തുകൊണ്ടാണ് എൻ.ഒ.സിക്ക് അപേക്ഷിച്ചത് എന്നതാണ് മറ്റൊരു വിഷയം. ഇടുക്കി ജില്ലയിൽ എട്ട് വില്ലേജുകളിൽ പുതിയതായി കെട്ടിടം പണിയണമെങ്കിൽ എൻ.ഒ.സി ആവശ്യമാണ്. അതും താനല്ല സമർപ്പിച്ചത്. തനിക്ക് മുമ്പ് വസ്തുവിന്റെ ഉടമകളായിരുന്നവരാണ് അപേക്ഷ സമർപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണ്. വിഷയത്തിൽ കൂടുതൽ സമയം കളയാനില്ല. ഇനിയും വിഷയത്തിൽ വ്യക്തത വരുത്താൻ സാധിക്കില്ല. തന്നോടുള്ള ചോദ്യങ്ങൾക്ക് പല ആവർത്തി മറുപടി പറഞ്ഞു. എന്നാൽ തിരിച്ചുയർത്തുന്ന ഒരു ചോദ്യത്തിന് പോലും കേരളത്തിലെ പൊതുസമൂഹത്തിനു മുൻപിൽ മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ മകളോ, അവരുടെ ഭർത്താവ് മുഹമ്മദ് റിയാസോ യാതൊരുവിധ മറുപടിയും നൽകിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം മാത്യു കുഴൽനാടൻ എംഎൽഎയുടെ കോതമംഗലത്തെ കുടുംബ വീട്ടിൽ റവന്യു വകുപ്പ് നടത്തിയ പരിശോധന പൂർത്തിയായി. കോതമംഗലം താലൂക്കിലെ റവന്യു സർവേ വിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. എംഎൽഎയുടെ വീട്ടിലേക്കുള്ള റോഡ് മണ്ണിട്ട് നികത്തി കെട്ടുന്നതിനേചൊല്ലി നേരത്തേ തർക്കമുണ്ടായിരുന്നു. ഇവിടെ അനധികൃതമായി ഭൂമി നികത്തിയെന്ന് ആരോപിച്ച് സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾ എംഎൽഎക്കെതിരേ വിജിലൻസിൽ പരാതി നൽകിയിരുന്നു.

ഈ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് വിജിലൻസ് സർവേ നടത്താൻ റവന്യു വകുപ്പിന് നിർദ്ദേശം നൽകിയത്. അതേസമയം നാലു മാസം മുമ്പ് കടവൂർ വില്ലേജിൽനിന്ന് ഉദ്യോഗസ്ഥരെത്തി ഇവിടെ പരിശോധന നടത്തിയെങ്കിലും നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയിരുന്നില്ല.