- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിപിഎമ്മിന് എന്റെ സ്വത്തുവിവരം പരിശോധിക്കാം; ഐസക്കിനെ പോലെ കണക്ക് അറിയാവുന്നവരെ വിടണം; ഒപ്പം, മുഖ്യമന്ത്രിയുടെ മകൾ വീണയുടെ അക്കൗണ്ട് പരിശോധിക്കാൻ അനുവദിക്കുമോ? തന്റെ കുടുംബവീട്ടിലെ റവന്യൂവകുപ്പ് പരിശോധനയും സ്വാഗതം; നിലപാട് ആവർത്തിച്ചു മാത്യു കുഴൽനാടൻ; വീണയുടെ കമ്പനിയുടെ കണക്കു ചോദിച്ചുള്ള വെല്ലുവിളിയിൽ ഉത്തരമില്ലാതെ സിപിഎം

കോട്ടയം: മാത്യു കുഴൽനാടന്റെ വെല്ലുവിളിയിൽ ഉത്തരമില്ലാതെ സിപിഎം നിലപാട് തുടരുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനി എക്‌സാലോജിക്കിന്റെ കണക്കു വിവരങ്ങൾ പുറത്തുവിടമോ എന്ന ചോദ്യം ആവർത്തിച്ചു കൊണ്ട് മാത്യു ഇന്നും രംഗത്തുവന്നു. എന്നാൽ, വീണയുടെ കമ്പനിയുടെ വിവരങ്ങൾ ചേർത്തുള്ള വെല്ലുവിളിയിൽ നേതാക്കളുടെ ഉത്തരം മുട്ടുകയാണ്. സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് സിപിഎം ഉന്നയിക്കുന്ന ആരോപണങ്ങൾക്കു മറുപടിയുമായി മാത്യു രംഗത്തുവരുമ്പോഴാണ് സിപിഎം പ്രതിരോധത്തിലാകുന്നത്. തന്നെ കുറിച്ചുള്ള അന്വേഷണങ്ങളെയും അദ്ദേഹം സ്വാഗതം ചെയ്യുന്നു. ഇതോടെ മറുവശത്ത് വീണയെ കുറിച്ച് മിണ്ടാൻ ഭയന്ന് നേതാക്കളും. പുതുപ്പള്ളി തെരഞ്ഞെടുപ്പു വേദിയിലും താരമാകുന്നത് മാത്യു കുഴൽനാടനാണ്.
തന്റെ ഏതു സ്വത്തുവിവരവും സിപിഎമ്മിന് നേരിട്ടു പരിശോധിക്കാമെന്ന് മാത്യു കുഴൽനാടൻ ഇന്നും വ്യക്തമാക്കി. ഇതിനായി ആരെയെങ്കിലും നിയോഗിക്കാൻ കുഴൽനാടൻ സിപിഎമ്മിനോട് ആവശ്യപ്പെട്ടു. ആരോപണം ഉന്നയിക്കുന്ന സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനനെ മറുപടി നൽകി തൃപ്തിപ്പെടുത്താമെന്നു തോന്നുന്നില്ലെന്ന് പറഞ്ഞ കുഴൽനാടൻ, സിപിഎം നേതാവും മുൻ മന്ത്രിയുമായ തോമസ് ഐസക്കിനെപ്പോലെ കണക്കു നോക്കാൻ അറിയാവുന്ന ആരെയെങ്കിലും ഇതിനായി നിയോഗിക്കാനും ആവശ്യപ്പെട്ടു.
ഇതിനൊപ്പം, മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ അക്കൗണ്ട് പരിശോധിക്കാൻ അനുവദിക്കുമോ എന്ന ചോദ്യവും കുഴൽനാടൻ ആവർത്തിച്ചു. പുതുപ്പള്ളിയിൽ പാർട്ടി ഏൽപ്പിച്ച ദൗത്യം ഉൾപ്പെടെ ഉള്ള സാഹചര്യത്തിൽ, തന്നോടു മാധ്യമങ്ങൾക്കു ചോദിക്കാനുള്ള ചോദ്യങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ വച്ചാൽ അതിനു മറുപടി പറയാനായി വിചാരണയ്ക്ക് ഇരിക്കാൻ തയാറാണെന്നും കുഴൽനാടൻ വ്യക്തമാക്കി. തന്റെ കുടുംബവീട്ടിൽ റവന്യൂവകുപ്പ് നടത്താനിരിക്കുന്ന പരിശോധനയെ കുഴൽനാടൻ സ്വാഗതം ചെയ്തു.
''ഈ കണക്കുകളെല്ലാം നോക്കാൻ അറിയാവുന്നവർ ആരെങ്കിലും വന്നാൽ ഇതു മുഴുവൻ പരിശോധിക്കാം, തൃപ്തി വരുന്നതുവരെ നോക്കാം എന്നും എല്ലാറ്റിനും മറുപടി പറയാമെന്നും ഞാൻ പറഞ്ഞതാണ്. ഓരോരുത്തർക്കും തൃപ്തിയാകുന്ന ഭാഷയിൽ പറയാൻ എനിക്കറിയില്ല. സി.എൻ.മോഹനന് മാത്രം തൃപ്തിയാകുന്ന ഭാഷയും അറിയില്ല. സംശയങ്ങൾ മാറ്റാൻ പാർട്ടി ആരെയെങ്കിലും നിയോഗിച്ചാൽ അവരോടു മറുപടി പറയാമെന്ന് പറഞ്ഞിട്ട് ഇതുവരെ പ്രതികരണമില്ല. വീണയുടെ അക്കൗണ്ട് പരിശോധിക്കാനോ പുറത്തുവിടാനോ തയാറാണോ എന്നു ചോദിച്ചിട്ടും മറുപടിയില്ല. സി.എൻ.മോഹനനെ മറുപടി പറഞ്ഞ് തൃപ്തിപ്പെടുത്താനാകില്ല. തോമസ് ഐസക്കിനെപ്പോലെ, ഇക്കാര്യങ്ങളെല്ലാം പറഞ്ഞാൽ മനസ്സിലാകുന്ന ആരെയെങ്കിലും അയയ്ക്കാൻ ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്.'
''എന്റെ ആദായനികുതി റിട്ടേണും ഞാനുമായി ബന്ധപ്പെട്ട പണമിടപാടുകളും പാർട്ടി അയയ്ക്കുന്ന ആർക്കും വന്നു പരിശോധിക്കാമെന്ന് ഞാൻ ഇന്നലെ പറഞ്ഞതാണ്. അതു കേൾക്കാതെ, എന്റെ മറുപടിയിൽ തൃപ്തിയില്ല എന്ന് പറഞ്ഞിട്ട് എന്താണ് കാര്യം? ഞാൻ ആരെയും ആക്ഷേപിക്കാൻ തയാറല്ല. ഇതേക്കുറിച്ച് അറിയാവുന്ന ആരെയെങ്കിലും സിപിഎം അയയ്ക്കട്ടെ. രണ്ടാമത്തെ കാര്യം, വീണയുടെ അക്കൗണ്ടിന്റെ വിശദാംശങ്ങൾ നിങ്ങൾ പുറത്തുവിടുന്നുണ്ടോ എന്നതാണ് ചോദ്യം. അതു പരിശോധിക്കാൻ അനുവദിക്കുമോ എന്നും അറിയണം. ഇതിനൊന്നും മറുപടിയില്ലാതെ ഓരോന്നു പറഞ്ഞിട്ട് കാര്യമില്ല.'
''ചിന്നക്കനാലിലെ എന്റെ ഭൂമിയുമായി ബന്ധപ്പെട്ട് ചട്ടലംഘനം നടന്നു, അതിനു തെളിവു ലഭിച്ചു എന്നൊക്കെ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഞാൻ ഇതിൽ നിന്നൊന്നും ഒളിച്ചോടാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ നിലവിൽ പുതുപ്പള്ളിയിലാണുള്ളത്. ഇവിടെ എന്റെ പാർട്ടി ഏൽപ്പിച്ച ഒരു ദൗത്യമുണ്ട്. ഞാൻ രണ്ടു ദിവസം മുൻപ് വന്ന് ഏറ്റെടുക്കേണ്ടതായിരുന്നു. ഇനിയെങ്കിലും എനിക്ക് സജീവമായി ഈ ചുമതല നിറവേറ്റണം. എല്ലാ ദിവസവും ഈ വിഷയം മാത്രം നോക്കി നടക്കാൻ നിർവാഹമില്ല. നിങ്ങൾ എല്ലാവരും ആവശ്യപ്പെട്ടാൽ ഒരിക്കൽക്കൂടി നിങ്ങൾക്കു മുന്നിൽ വിചാരണയ്ക്ക് ഇരിക്കാൻ ഞാൻ തയാറാണ്.
പക്ഷേ ആ സമയത്ത് എന്താണ് മാത്യു കുഴൽനാടനോട് ചോദിക്കാനുള്ളത് എന്ന് അക്കമിട്ട് പൊതുസമൂഹത്തിനു മുന്നിൽ വയ്ക്കണം. ഞാൻ അതിനു മറുപടി നൽകാൻ തയാറാണ്. അപ്പോഴും, വീണയുടെ അക്കൗണ്ട് പരിശോധിക്കാൻ പാർട്ടി അനുവദിക്കുമോ എന്ന ചോദ്യം ഞാൻ വീണ്ടും ഉന്നയിക്കുന്നു. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റാണ് വീണയുടെ കാര്യം ഏറ്റെടുത്തിരിക്കുന്നത്. അവർ ഇതെല്ലാം പരിശോധിക്കാൻ അനുവദിക്കുമോ എന്നാണ് അറിയേണ്ടത്. നിങ്ങൾ അവരെ കാണുമ്പോൾ ഇക്കാര്യം കൂടി ചോദിക്കണം.'
''സി.എൻ.മോഹനന് തൃപ്തി വരുന്ന രീതിയിൽ മറുപടി നൽകാൻ പറ്റുമെന്ന് തോന്നുന്നില്ല. അതുകൊണ്ടാണ് ഞാൻ പറയുന്നത്, ഈ കണക്കെല്ലാം പരിശോധിക്കാൻ പ്രാപ്തിയുള്ള തോമസ് ഐസക്കിനേപ്പോലുള്ള ഒരാളെ നിയോഗിക്കൂ. എന്നിട്ട് നിങ്ങൾ എത്ര വേണമെങ്കിലും പരിശോധിക്കൂ. എത്ര ചോദ്യങ്ങൾ വേണമെങ്കിലും ചോദിക്കൂ. ഞാൻ മറുപടി പറയാം. അതല്ലാതെ എനിക്ക് എന്നും ഇതുമായി മാത്രം നടക്കാനാകില്ല. പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പു ചുമതല കൂടിയുണ്ട്. അതുകൊണ്ടാണ് ഞാൻ അവരോട് ഒരാളെ നിയോഗിക്കാൻ പറയുന്നത്. അല്ലാതെ എനിക്ക് തോമസ് ഐസക്കുമായി എന്തെങ്കിലും ബന്ധമുള്ളതു കൊണ്ടാണോ? ഞാനും അദ്ദേഹവുമായി വ്യക്തിപരവുമായി ഒരു പരിചയവുമില്ല. കണക്ക് അറിയാവുന്നവർ ആരെങ്കിലും വന്ന് ഇതെല്ലാം നോക്കട്ടെ.' കുഴൽനാടൻ പറഞ്ഞു.
അതേസമയം മാത്യു കുഴൽനാടൻ എംഎൽഎയുടെ മൂവാറ്റുപുഴ കടവൂരിലെ വീടിരിക്കുന്ന സ്ഥലം റവന്യൂ വകുപ്പ് വെള്ളിയാഴ്ച അളക്കും. വിജിലൻസ് നിർദേശപ്രകാരമാണ് നടപടി. താലൂക്ക് സർവേയർ ഭൂമി അളക്കാനുള്ള നോട്ടീസ് എംഎൽഎയ്ക്ക് നൽകി. കുഴൽനാടൻ നികുതി വെട്ടിപ്പ് നടത്തിയെന്നും കള്ളപ്പണം വെളിപ്പിച്ചെന്നും ആരോപിച്ച് സിപിഎം രംഗത്തെത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഭൂമി അളക്കാനുള്ള നടപടി.
അനധികൃമായി ഭൂമി നികത്തിയാണ് ഇവിടെ കെട്ടിടങ്ങൾ നിർമ്മിച്ചതെന്ന് കാണിച്ച് നേരത്ത ഡിവൈഎഫ്ഐ നേതാവ് പരാതി നൽകിയിരുന്നു. ഇതിലേ അന്വേഷണത്തിന്റെ ഭാഗമായാണ് ഭൂമിയുടെ വിവരങ്ങൾ ശേഖരിക്കുന്നത്. ഭൂമി ഉൾപ്പെടെ അളന്ന് വിവരങ്ങൾ ശേഖരിച്ചുനൽകണമെന്ന് റവന്യൂവകുപ്പിനോട് വിജിലൻസ് ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ഭൂമി അളക്കാൻ ഉദ്യോഗസ്ഥരെത്തും.
അതിനിടെ മാത്യു കുഴൽനാടനെതിരേ കൂടുതൽ ആരോപണവുമായി സിപിഎം എറണാകളും ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ രംഗത്തെത്തി. ചിന്നക്കനാലിലെ റിസോട്ടും ഭൂമിയും ഏകദേശം ഏഴ് കോടി രൂപ വിലവരുന്നതാണ്. എന്നാൽ മാത്യു തന്റെ 50 ശതമാനം വിഹിതം അനുസരിച്ചുള്ള സ്റ്റാബ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും മാത്രമാണ് അടച്ചിരിക്കുന്നതെന്നും ഇതിലൂടെ സംസ്ഥാനത്തിന് വലിയ നികുതി നഷ്ടം ഉണ്ടായെന്നും സിഎൻ മോഹനൻ ആരോപിച്ചു. വരുമാനത്തിന്റെ 30 ഇരട്ടിയോളം അധിക സ്വത്ത് മാത്യുവിനുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
കുഴൽനാടനെതിരേയുള്ള പ്രതിഷേധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മൂവാറ്റുപുഴ എംഎൽഎ ഓഫീസിലേക്ക് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ മാർച്ചും സംഘടിപ്പിക്കുന്നുണ്ട്.


