- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇനിയങ്ങോട്ട് യുദ്ധം; എത്ര വേട്ടയാടിയാലും മുന്നോട്ടുവച്ച കാൽ പിന്നോട്ടില്ല; വിജിലൻസ് കേസിനെ താൻ ഭയപ്പെടുന്നില്ല; എല്ലാ ഏജൻസികളും സർക്കാരിന്റെയും പിണറായിയുടെ സുഹൃത്ത് മോദിയുടെയും കൈകളിലാണ്; അവർ അന്വേഷിക്കട്ടെ; വീണ വിജയന്റെ മാസപ്പടി വിവാദം ഉന്നയിച്ചതിന് പിന്നാലെ തനിക്കെതിരായ അന്വേഷണ നീക്കത്തിൽ പ്രതികരിച്ചു മാത്യു കുഴൽനാടൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ മാസപ്പടി വിവാദത്തിൽ പ്രതികരണം നടത്തിയതിന് പിന്നാലെ കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടനെ വേട്ടയാടാനുള്ള നീക്കങ്ങളാണ് സിപിഎമ്മും സർക്കാറും നടത്തുന്നത്. സിപിഎം നേതാവ് മോഹനൻ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെ മാത്യുവിനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. എന്നാൽ, ഇതുകൊണ്ടൊന്നും പിന്നോട്ടില്ലെന്നാണ് മാത്യു വ്യക്തമാക്കുന്നത്.
വിജിലൻസ് കേസ് കൊണ്ടുതന്നെ വേട്ടയാടാമെന്ന് കരുതേണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. സർക്കാരിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടുപോകും. വിജിലൻസ് കേസിനെ താൻ ഭയപ്പെടുന്നില്ലെന്നും ഇനിയങ്ങോട്ട് യുദ്ധത്തിന്റെ നാളുകളാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. നീതി നിഷേധത്തിനെതിരെ വയറിൽ കത്രിക കുടുങ്ങിയ ഹർഷീനയുടെ സമരം സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുസമൂഹത്തിന്റെ പിന്തുണയോടെ സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ പോരാടും. സർക്കാർ അധികാരത്തെ പരിചയാക്കുകയാണ്. ഈ സർക്കാരിന്റെ തെറ്റായ കാര്യങ്ങൾ ചുണ്ടിക്കാണിക്കുന്ന ആരെയും അവർ വേട്ടയാടും. താൻ ഭയപ്പെടുന്നില്ല. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. എല്ലാ ഏജൻസികളും സർക്കാരിന്റെയും പിണറായിയുടെ സുഹൃത്തായ മോദിയുടെയും കൈകളിലാണ്. അവർ അന്വേഷിക്കട്ടെയെന്നും മാത്യ കുഴൽനാടൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി വിവാദം നിയമസഭക്കകത്ത് മാത്യു കുഴൽനാടൻ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ അനധികൃതമായി മാത്യു കുഴൽ നാടൻ സ്വത്ത് സമ്പാദിച്ചെന്ന ആരോപണവുമായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ രംഗത്തെത്തി. എംഎൽഎക്കെതിരെ മണ്ഡലത്തിൽ നിന്നുള്ളവർ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിനും ആഭ്യന്തരവകുപ്പിനും പരാതി നൽകിയതായി സിഎൻ മോഹനൻ പറഞ്ഞു. പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടേക്കും.
സിപിഎം ആരോപണങ്ങൾക്ക് വൈകീട്ട് വിശദീകരണം നൽകുമെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും മാത്യു പ്രതികരിച്ചിരുന്നു. ഗുരുതര ആരോപണങ്ങളാണു മാത്യു കുഴൽനാടനെതിരെ സിപിഎം ഉന്നയിച്ചത്. തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ സത്യവാങ്മൂലത്തിൽ ദുബായ്, ഡൽഹി, ഗുവാഹത്തി, ബെംഗളൂരു, കൊച്ചി എന്നിവിടങ്ങളിൽ താൻകൂടി പങ്കാളിയായ നിയമ സ്ഥാപനത്തിൽനിന്നുള്ള വരുമാനമായി കാണിച്ചിരിക്കുന്നത് 23 കോടി രൂപയാണ്. അഭിഭാഷകനായി സജീവ പ്രാക്ടീസ് ആരംഭിച്ച് ഏകദേശം 12 വർഷം മാത്രമായ കുഴൽനാടന് ഇത്രയധികം വരുമാനം ഉണ്ടായതു സംശയകരമാണെന്നു സി.എൻ.മോഹനൻ ആരോപിച്ചിരുന്നു.
''2021 മാർച്ച് 18നു രാജകുമാരി സബ് രജിസ്റ്റ്രാർ ഓഫിസിൽ രജിസ്റ്റർ ചെയ്യപ്പെട്ട വസ്തുവിനും റിസോർട്ടിനും മാത്യു കുഴൽനാടനും 2 പങ്കാളികളും വിലയായി കാണിച്ചത് 1.92 കോടി രൂപ മാത്രമാണ്. തൊട്ടു പിറ്റേന്ന്, മാർച്ച് 19നു മൂവാറ്റുപുഴ മണ്ഡലത്തിൽ മത്സരിക്കാൻ തിരഞ്ഞെടുപ്പു കമ്മിഷനു സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഈ വസ്തുവിലും റിസോർട്ടിലും തനിക്ക് 50% ഓഹരിയുണ്ടെന്നും അതിന്റെ മൂല്യം മൂന്നരക്കോടി രൂപയാണെന്നുമാണു മാത്യു കാണിച്ചത്. 50 ശതമാനത്തിനു മൂന്നരക്കോടിയെങ്കിൽ ആകെ വില ഏഴു കോടി വരും.
24 മണിക്കൂർ കൊണ്ട് 1.92 കോടി രൂപയുടെ മൂല്യം 7 കോടിയായി ഉയർന്നതിനെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണം. ഈ വിഷയത്തിൽ മൂവാറ്റുപുഴ മണ്ഡലത്തിലെ ചിലർ സംസ്ഥാന സർക്കാരിനും വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്. ഈ പരാതി ആയുധമാക്കാനാണ് സിപിഎമ്മിന്റെയും സർക്കാറിന്റെയും നീക്കം.


